Saturday, 21 May 2022

മാധ്യമ നൈതികത


Text Formatted

കവർസ്​റ്റോറിയിലൂടെ ‘വനിത’
​​​​​​​ദിലീപ്​ എന്ന പ്രതിക്കുവേണ്ടി ചെയ്യുന്നത്​

എന്തുകൊണ്ടാണ് ‘മനോരമ’ അടക്കമുള്ള മാധ്യമങ്ങൾ തുടര്‍ച്ചയായി ദിലീപിന്റെ ഭാഗം തന്നെ പറയുന്നത്? ഇനി ദിലീപിന്റെ ഭാഗം പറഞ്ഞാലും, ഈ കേസിലെ സര്‍വൈവറുടെ ഭാഗം അവതരിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ടോ? അതാണ് നമ്മുടെ മുന്‍പിലുള്ള ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം നെഗറ്റീവ് ആയതുകൊണ്ടാണ് ഒരുപാട് ആളുകള്‍ വനിതയുടെ ഈ കവര്‍സ്റ്റോറിയെ ചോദ്യം ചെയ്യുന്നത്. 

Image Full Width
Image Caption
ധന്യ രാജേന്ദ്രന്‍
Text Formatted

ല പാശ്ചാത്യ രാജ്യങ്ങളിലും ഒരുപാടു കാലമായി നടന്നുവരുന്നൊരു ചര്‍ച്ചയാണ്, ഒരു കുറ്റകൃത്യത്തില്‍ ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ ആരോപണവിധേയരായാല്‍, അല്ലെങ്കില്‍ ഒരു കറുത്ത പുരുഷനോ സ്ത്രീയോ സമാനമായൊരു കുറ്റകൃത്യത്തില്‍ ആരോപണവിധേയരായാല്‍, ഏതുരീതിയിലാണ് മാധ്യമങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നത് എന്ന്. എത്രയോ പേര്‍ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണത്. കറുത്തവര്‍ ഒരു കേസില്‍ ആരോപണവിധേയരായാല്‍ അവരെക്കുറിച്ചുള്ള ഏറ്റവും മോശമായ ചിത്രമാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുക. അവരുടെ മുന്‍പത്തെ കുറ്റകൃത്യങ്ങള്‍ വിശദീകരിക്കും. അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ ഭയന്നിരുന്നു എന്ന് അയല്‍ക്കാരോ കൂടെ പഠിച്ചവരോ ഉദാഹരണങ്ങള്‍ സഹിതം പറയുന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. 

വനിതാവിമോചനത്തിനുവേണ്ടിയെന്നു സ്വയം സ്ഥാനം കല്‍പിച്ചിരിക്കുന്നൊരു മാസികയ്ക്ക് എങ്ങനെയാണ് ഇതുപോലെ, ഒരു സ്ത്രീയ്ക്കെതിരെ നടന്ന അത്യന്തം ഹീനമായൊരു കുറ്റകൃത്യത്തിലെ കുറ്റാരോപിതനെ ന്യായീകരിക്കാനാവുക?

അതേസമയം, ഒരു വെളുത്ത മനുഷ്യനാണ് സമാനമായ കേസില്‍ പെടുന്നതെങ്കില്‍ ആ വ്യക്തിയുടെ ഏറ്റവും മൃദുവായ വശങ്ങള്‍ അവതരിപ്പിക്കാനായിരിക്കും മാധ്യമങ്ങളുടെ താല്‍പര്യം. ഓ, അവനൊരു നല്ല പയ്യനായിരുന്നു, ഞങ്ങള്‍ക്കൊക്കെ അവനെ എന്തു വിശ്വാസമായിരുന്നു, എന്നുപറയുന്ന അയല്‍ക്കാരുടെ അഭിമുഖങ്ങളായിരിക്കും അപ്പോള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കാണുക. ഇത്തരം ഘട്ടങ്ങളില്‍ മാധ്യമങ്ങള്‍ എങ്ങനെയാണ് സാമൂഹ്യസംവാദം രൂപപ്പെടുത്തിയെടുക്കുന്നത് എന്ന് നമ്മള്‍ പലതവണ കണ്ടിട്ടുള്ളതാണ്. വനിത മാസികയുടെ മുഖചിത്രവും കവര്‍സ്റ്റോറിയുമായി നടന്‍ ദിലീപും കുടുംബവും വന്നതിനെയും അത്തരമൊരു ശ്രമമായാണ് ഞാന്‍ കാണുന്നത്. 

ദിലീപ് എന്ന നടന്‍ 2017-ല്‍ ജയിലില്‍നിന്ന് പുറത്തുവന്നശേഷം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം മിക്കവാറും എല്ലാ മലയാള മാധ്യമസ്ഥാപനങ്ങളും- മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളെങ്കിലും- ദിലീപിന്റെ അഭിമുഖങ്ങളും ദിലീപിന്റെ സിനിമകളുടെ പ്രചാരണത്തിനുവേണ്ടിയുള്ള  വാര്‍ത്തകളും തുരുതുരാ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോഴൊന്നും എല്ലാവരും അതില്‍ പ്രതിഷേധിക്കാന്‍ പോയിട്ടില്ല. ഇപ്പോള്‍ വനിതയില്‍ ഈ കവര്‍സ്റ്റോറി വന്നപ്പോള്‍ എന്തുകൊണ്ടാണ് ആളുകള്‍ പ്രതിഷേധിച്ചത്? ഒരു എഡിറ്റര്‍ എന്ന നിലയില്‍ എനിയ്ക്ക് വനിതയിലെ ഈ കവര്‍സ്റ്റോറിയോട് പ്രതിഷേധമുള്ളതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്. 

dileep

ആദ്യത്തേത്, എന്താണ് വനിത എന്ന മാസികയുടെ സ്വഭാവം? കേരളത്തിലെ വനിതകള്‍ വായിക്കേണ്ടതും, വനിതകളുടെ വിമോചനത്തിനായി നിലകൊള്ളുന്നതുമായ ഒരു പ്രസിദ്ധീകരണം എന്നാണല്ലോ വനിത ഇത്രയും കാലമായി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത് (അവര്‍ ഇത്രയും കാലം എഴുതിയതെല്ലാം വനിതകളുടെ വിമോചനത്തിനുവേണ്ടിയായിരുന്നോ, വനിതകളുടെ ശാക്തീകരണത്തിനുവേണ്ടിയായിരുന്നോ എന്നതു മറ്റൊരു തര്‍ക്കവിഷയമാണ്). അത്തരത്തില്‍ വനിതാവിമോചനത്തിനുവേണ്ടിയെന്നു സ്വയം സ്ഥാനം കല്‍പിച്ചിരിക്കുന്നൊരു മാസികയ്ക്ക് എങ്ങനെയാണ് ഇതുപോലെ, ഒരു സ്ത്രീയ്ക്കെതിരെ നടന്ന അത്യന്തം ഹീനമായൊരു കുറ്റകൃത്യത്തിലെ കുറ്റാരോപിതനെ ന്യായീകരിക്കാനാവുക? നമ്മള്‍ ഇവിടെ സംസാരിക്കുന്നത് വെറുമൊരു കുറ്റകൃത്യത്തെക്കുറിച്ചല്ല. അതൊരു മോഷണമോ കൊള്ളയോ രാഷ്ട്രീയ കുറ്റകൃത്യമോ അല്ല. ഒരു സ്ത്രീക്കെതിരെ നടത്തിയ അത്യന്തം ഹീനമായൊരു കുറ്റകൃത്യത്തിലെ കുറ്റാരോപിതനെക്കുറിച്ചാണ്, സ്ത്രീകള്‍ക്കുവേണ്ടി എഴുതുന്നു എന്ന് അവകാശപ്പെടുന്ന വനിതയില്‍ വരുന്നത്. അപ്പോള്‍ ഈ മാസികയുടെ position എന്താണ്? 

ദിലീപിനെ ഒരു family man ആയി ചിത്രീകരിക്കാനുള്ള വ്യക്തമായ ശ്രമമാണ്. അതായത്, ദിലീപിനെപ്പോലൊരു ‘കുടുംബസ്ഥന്' ഒരു കുറ്റകൃത്യം നടത്താനോ ഗൂഢാലോചനയില്‍ പങ്കാളിയാകാനോ കഴിയില്ല എന്ന പൊതുബോധം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം. 

രണ്ട്; നേരത്തേ പറഞ്ഞതുപോലെ, പാശ്ചാത്യ രാജ്യങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഈ പ്രവണത, പ്രിവിലേജുകളുള്ള ഒരാള്‍ ഒരു കേസില്‍ കുറ്റാരോപിതനായാല്‍ അയാള്‍ക്കുവേണ്ടിയൊരു സാമൂഹികപിന്തുണ രൂപപ്പെടുത്തിയെടുക്കുക എന്നതാണ്​. വനിതയില്‍ വന്ന ഇന്റര്‍വ്യൂ ദിലീപിന്റെ സിനിമയെക്കുറിച്ച് മാത്രമായിരുന്നെങ്കില്‍, ആ സിനിമയുടെ സംവിധായകനെയോ നിര്‍മാതാവിനെയോ പറ്റിയായിരുന്നെങ്കില്‍, ഞാന്‍ പ്രതിഷേധിക്കുമായിരുന്നില്ല. മറ്റുപലരും പ്രതിഷേധിക്കുമായിരുന്നില്ലെന്നും എനിയ്ക്കു തോന്നുന്നു. പക്ഷേ ഇവിടെ നടന്നത്, ദിലീപിനെ ഒരു family man ആയി ചിത്രീകരിക്കാനുള്ള വ്യക്തമായ ശ്രമമാണ്. അതായത്, ദിലീപിനെപ്പോലൊരു ‘കുടുംബസ്ഥന്' ഒരു കുറ്റകൃത്യം നടത്താനോ ഗൂഢാലോചനയില്‍ പങ്കാളിയാകാനോ കഴിയില്ല എന്ന പൊതുബോധം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം. 

media

അതായത്, ഇത്തരത്തിലുള്ളൊരാള്‍ ഒരു കേസില്‍ കുറ്റാരോപിതനായാല്‍, അവരുടെ കുടുംബത്തിന്റെ പ്രതികരണം മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് നമ്മള്‍ എത്രയോ കണ്ടിട്ടുള്ളതാണ്. അവന്‍ ഒരു അച്ഛനാണ്, ഒരു സഹോദരനാണ്, അതുകൊണ്ട് അവന്‍ ഈ കുറ്റകൃത്യം ചെയ്തിരിക്കില്ല എന്ന മട്ടിലുള്ള സാക്ഷ്യങ്ങള്‍. കുറ്റകൃത്യം ചെയ്യുന്ന എല്ലാവരും തന്നെ, മിക്കവാറും മനുഷ്യരെല്ലാം, ഏതെങ്കിലും കുടുംബത്തിലെ അംഗമാണ്. അവന്‍ അച്ഛനോ മുത്തച്ഛനോ സഹോദരനോ അമ്മാവനോ ഒക്കെത്തന്നെയാണ്. സത്യത്തില്‍, കേരളത്തിലും ഇന്ത്യയിലും, സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗികഅതിക്രമം നേരിടുന്നത് അവരുടെ കുടുംബത്തിനുള്ളില്‍ തന്നെയാണ്. 

മനോരമ ഗ്രൂപ്പ്, ഈ കേസ് എങ്ങനെയാണ് കവര്‍ ചെയ്യുന്നത് എന്ന് ഞാന്‍ വര്‍ഷങ്ങളായി നിരീക്ഷിക്കുന്നുണ്ട്. ഈ കേസില്‍, ദിലീപിനെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമം ഇവരില്‍ നിന്നുണ്ടായിട്ടുണ്ട് എന്ന് ഇവരുടെ കവറേജില്‍ നിന്ന് വ്യക്തമായി മനസ്സിലാവും.

ദിലീപ് ആത്മഹത്യയ്ക്ക്  ശ്രമിച്ചിട്ടുണ്ടോ എന്നൊരു ചോദ്യമുണ്ടായിരുന്നു വനിതയിലെ അഭിമുഖത്തില്‍. എന്തൊരു വിവരക്കേടാണ് ആ ചോദ്യം? ആ ചോദ്യം അവര്‍ ചോദിക്കേണ്ടത് സത്യത്തില്‍ ആരോടാണ്? ഈ കേസിലെ സര്‍വൈവര്‍ ആയ സ്ത്രീ ഏതാനും വര്‍ഷം മുന്‍പ് ഒരു തുറന്ന കത്ത് എഴുതിയത് വായിക്കുകയുണ്ടായി. പി.സി. ജോര്‍ജ് എന്ന രാഷ്ട്രീയക്കാരന്‍ അവരെ വളരെ മോശമായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്ത സന്ദര്‍ഭത്തിലായിരുന്നു അത്. ‘ഞാന്‍ പരാതിപ്പെടുകയാണോ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്' എന്നാണ് അവര്‍ ആ കത്തില്‍ ചോദിച്ചത്. അതേ കേസിലെ കുറ്റാരോപിതനോട് ആത്മഹത്യയെക്കുറിച്ച് ചോദിക്കുന്നത് എത്ര നിന്ദ്യമായ കാര്യമാണ്. 

മറ്റൊരു കാര്യം, ഇത്തരമൊരു മാധ്യമസ്ഥാപനത്തിന്റെ ഇത്തരം പ്രവൃത്തിയെ നമ്മള്‍ ചോദ്യംചെയ്യുന്നതിനെ ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. ഇതിനെക്കുറിച്ച് ഞാനൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കാരണം, ഈ ഗ്രൂപ്പ്, മനോരമ ഗ്രൂപ്പ്, ഈ കേസ് എങ്ങനെയാണ് കവര്‍ ചെയ്യുന്നത് എന്ന് ഞാന്‍ വര്‍ഷങ്ങളായി നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലുമൊരു കേസുണ്ടായാല്‍ അതിന്റെ രണ്ടുവശങ്ങളും നമുക്ക് കവര്‍ ചെയ്യാം. പക്ഷേ ഈ കേസില്‍, ദിലീപിനെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമം ഇവരില്‍ നിന്നുണ്ടായിട്ടുണ്ട് എന്ന് ഇവരുടെ കവറേജില്‍ നിന്ന് വ്യക്തമായി മനസ്സിലാവും. ‘ദിലീപ് വളരെ പാവപ്പെട്ട പശ്ചാത്തലത്തില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് മുന്നേറി വന്നൊരാളാണ്’ എന്നുപറയുന്ന ആളുകളെ വീണ്ടും വീണ്ടും അവതരിപ്പിക്കാനാണ് ഈ ഗ്രൂപ്പ് ശ്രമിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് ഇവര്‍ തുടര്‍ച്ചയായി ദിലീപിന്റെ ഭാഗം തന്നെ പറയുന്നത്? ഇനി ദിലീപിന്റെ ഭാഗം പറഞ്ഞാലും, ഈ കേസിലെ സര്‍വൈവറുടെ ഭാഗം അവതരിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ടോ? അതാണ് നമ്മുടെ മുന്‍പിലുള്ള ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം നെഗറ്റീവ് ആയതുകൊണ്ടാണ് ഒരുപാട് ആളുകള്‍ വനിതയുടെ ഈ കവര്‍സ്റ്റോറിയെ ചോദ്യം ചെയ്യുന്നത്. 

മറ്റൊന്ന് ഈ കവര്‍സ്റ്റോറിയുടെ ടൈമിങ് ആണ്.
കേസിന്റെ വിചാരണ ഏതാണ്ട് അവസാനിക്കാനിരിക്കുന്ന സമയത്താണ് ദിലീപിനെതിരെ പുതിയ ആരോപണങ്ങള്‍ പുറത്തുവന്നത്- ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ. അതിനെക്കുറിച്ച് വലിയൊരു ചര്‍ച്ച കേരളത്തില്‍ നടക്കുമ്പോഴാണ് വനിതയില്‍ ഈ ലേഖനം വരുന്നത്. ഈ ലേഖനം, ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. വേണമെങ്കില്‍, ഇന്റര്‍വ്യൂ എടുക്കുന്ന സമയത്ത് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ പുറത്തുവന്നിരുന്നില്ല, അവയെക്കുറിച്ച് വനിതയ്ക്ക് അറിയുമായിരുന്നില്ല എന്ന് നമുക്ക് ചിന്തിയ്ക്കാം. എങ്കില്‍ പോലും, കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന സമയത്ത് കുറ്റാരോപിതനെ വെള്ളപൂശാന്‍ ഇത്തരമൊരു അഭിമുഖം പ്രസിദ്ധീകരിക്കാന്‍ പാടുണ്ടോ എന്നതാണ് ചോദ്യം. 

പാര്‍വതി തിരുവോത്ത്, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍
പാര്‍വതി തിരുവോത്ത്, രേവതി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍

കോടതി വിലക്കിന്റെ പേരില്‍ മനോരമ ഉള്‍പ്പെടെ എത്രയോ മാധ്യമസ്ഥാപനങ്ങള്‍ ഈ കേസിന്റെ വിചാരണ കവര്‍ ചെയ്യാതിരിക്കുന്നുണ്ട്. വിചാരണ കവര്‍ ചെയ്യാന്‍ മടിക്കുന്ന മനോരമ എങ്ങനെയാണ് കേസിലെ തന്റെ ഭാഗം അവതരിപ്പിക്കാന്‍ ദിലീപിന് മാത്രം അവസരം കൊടുക്കുന്നത്?

മറ്റൊരു കാര്യം, ഈ കേസിന്റെ വിചാരണയെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കരുത് എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് രണ്ടുതവണ പ്രസിദ്ധീകരണ നിരോധന ഉത്തരവ് (ഗാഗ് ഓര്‍ഡര്‍) വാങ്ങുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. 2020-ല്‍, ഈ കേസിലെ സര്‍വൈവറിനുവേണ്ടി  സംസാരിച്ചതിന് അഞ്ച് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ ദിലീപ് കേസ് കൊടുത്തിരുന്നു. ദിലീപിനെതിരായ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിനെക്കുറിച്ച് ഫെയ്സ്ബുക്കിലെഴുതിയതിനാണ് പാര്‍വതി തിരുവോത്ത്, രേവതി, രമ്യ നമ്പീശന്‍, ആഷിക്ക് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ ദിലീപ് കേസ് കൊടുത്തത്. കോടതിയില്‍ ദിലീപിന് അനുകൂലമായാണ് കാര്യങ്ങള്‍ പോകുന്നത് എന്നു ചൂണ്ടിക്കാട്ടിയതിനായിരുന്നു അവര്‍ക്കെതിരെ കേസ്. അവര്‍ പൊതുജനാഭിപ്രായം രൂപപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും, അത് കേസിന്റെ വിചാരണയെയും വിധിയെയും സ്വാധീനിക്കുമെന്നും മറ്റുമായിരുന്നു ദിലീപിന്റെ പരാതി. അതൊന്നും ദിലീപിന് ബാധകമല്ലെന്നുണ്ടോ? വനിതയിലെ അഭിമുഖത്തില്‍ കേസിനെക്കുറിച്ച് ദിലീപ് സംസാരിക്കുന്നുണ്ട്. ഈ കേസ് കാരണം തന്റെ അമ്മ തളര്‍ന്നുപോയി എന്നും, താനൊരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല, ഈ കേസില്‍ നീതി കിട്ടിയിട്ടേ താന്‍ മരിക്കൂ എന്നുമൊക്കെ ദിലീപ് പറയുന്നുണ്ട്. അതൊന്നും പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമമല്ലേ? അതൊന്നും വിചാരണയെ സ്വാധീനിക്കില്ലേ? കേസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതിയില്‍ നിന്നു വാങ്ങിയ നിരോധന ഉത്തരവ് ദിലീപിന് മാത്രം ബാധകമല്ലാതിരിക്കുന്നത് എങ്ങനെയാണ്?

കോടതിയില്‍ നിന്നുള്ള വിലക്കിന്റെ പേരില്‍ മനോരമ ഉള്‍പ്പെടെ എത്രയോ മാധ്യമസ്ഥാപനങ്ങള്‍ ഈ കേസിന്റെ വിചാരണ കവര്‍ ചെയ്യാതിരിക്കുന്നുണ്ട്. വിചാരണ കവര്‍ ചെയ്യാന്‍ മടിക്കുന്ന മനോരമ എങ്ങനെയാണ് കേസിലെ തന്റെ ഭാഗം അവതരിപ്പിക്കാന്‍ ദിലീപിന് മാത്രം അവസരം കൊടുക്കുന്നത്? അപ്പോള്‍, വനിതയിലെ ഈ കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ച സമയം മാത്രമല്ല, ആ മാധ്യമസ്ഥാപനത്തിന്റെ മൂല്യബോധത്തിന്റെയും ആദര്‍ശങ്ങളുടെയും അഭാവവും കൂടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 

dileep

സിനിമയ്ക്കും സിനിമാതാരങ്ങള്‍ക്കും വലിയ സ്വാധീനമുള്ള സമൂഹം തന്നെയാണ് കേരളവും. പക്ഷേ, നമ്മുടെ മുന്‍പിലുള്ള പല നായകന്മാരും വെറും കടലാസ്​ താരങ്ങള്‍ മാത്രമാണെന്ന് ഈ സംഭവം, ഈ കേസ് നമുക്ക് വ്യക്തമായി കാണിച്ചുതന്നു. ദിലീപ് ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനുമുമ്പ് തന്നെ ദിലീപടക്കം പലരും ഇതിലെ സര്‍വൈവറെ പരസ്യമായി അവഹേളിക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തിരുന്നു. അപ്പോഴൊന്നും മലയാള സിനിമയിലെ So called heroes ഒന്നും സംസാരിച്ചില്ല, സര്‍വൈവറെ വളരെ ശക്തമായി പിന്തുണയ്ക്കാന്‍ മുന്നോട്ട് വന്നില്ല. ‘അവള്‍ക്കൊപ്പം, അവനുമൊപ്പം’ എന്ന അവരുടെ അഴകൊഴമ്പന്‍ നിലപാട് നമ്മളെല്ലാം കണ്ടതാണ്.

നമ്മുടെ വെള്ളിത്തിരയിലെ നായകന്മാര്‍ക്കും അവരുടെ അസംഖ്യം ആരാധകര്‍ക്കും മാന്യമായൊരു നിലപാട് സ്വീകരിച്ച് മുന്നോട്ടുവരാന്‍ നല്ലൊരു അവസരമായിരുന്നു ഈ കേസ്. പക്ഷേ അതില്‍ അവര്‍ പൂര്‍ണമായും പരാജയപ്പെട്ടു. സിനിമാമേഖലയിലെ ഏതാനും സ്ത്രീകള്‍ മാത്രമാണ് സത്യം പറയാന്‍ മുന്നോട്ടുവന്നത്- സംസാരിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്ന് നല്ലപോലെ അറിയാമായിരുന്നിട്ടും ധൈര്യപൂര്‍വം സംസാരിച്ച ചെറിയൊരു കൂട്ടം സ്ത്രീകള്‍. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തില്‍ വലിയ സ്വാധീനമുള്ള ഇത്ര വലിയൊരു വ്യവസായം- സിനിമ-അതിന്റെ സാമൂഹികപ്രതിബദ്ധത തെളിയിക്കുന്നതില്‍ പരാജയപ്പെടുകയും നമ്മളെ നിരാശപ്പെടുത്തുകയും ചെയ്ത സമയത്ത് മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. പക്ഷേ ആ ഉത്തരവാദിത്തം തിരിച്ചറിയുന്നതില്‍ കേരളത്തിലെ മാധ്യമങ്ങളും പരാജയപ്പെട്ടു- അതിനുപിന്നിലെ ഇടപാടുകള്‍ എന്തുതന്നെയായാലും. ഈ കവര്‍സ്റ്റോറി വേണ്ടാ എന്നുപറയാന്‍ വനിതയ്ക്ക് കഴിയണമായിരുന്നു-അല്‍പമെങ്കിലും മാധ്യമധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനും. 

സത്യം തെളിയിക്കാനുള്ള ദിലീപിന്റെ പോരാട്ടം എന്ന തരത്തിലാണ് വനിത ഈ കവര്‍ സ്റ്റോറിയെ അവതരിപ്പിച്ചിരിക്കുന്നത്. അത് ദിലീപിനുവേണ്ടിയുള്ള വ്യക്തമായ പ്രചരണതന്ത്രം -പി.ആര്‍. എക്സസൈസ്-അല്ലാതെ മറ്റൊന്നുമല്ല. കുറ്റാരോപിതന്റെ സത്യമാണത്രേ സത്യം. ആ സത്യം തെളിയിക്കാന്‍ അയാള്‍ എങ്ങനെ പരിശ്രമിക്കുന്നു എന്നാണ് വനിത നമുക്ക് പറഞ്ഞുതരുന്നത്. 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ധന്യ രാജേന്ദ്രന്‍

ദി ന്യൂസ്​ മിനിറ്റ്​ ​കോ ഫൗണ്ടറും എഡിറ്റർ ഇൻ ചീഫും.

Audio