Wednesday, 29 March 2023

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 17

എച്ചില്‍

ഗിരീഷ് ബാക്കി വെച്ച മീന്‍തുണ്ടുകളും ഉരുളകിഴങ്ങും തക്കാളിയും കുത്തരിയുടെ ചോറും ഞാന്‍ രുചിയോടെ കഴിച്ചു. അവന്‍ വായിലിട്ട് ചവച്ചു തുപ്പിയ മുരിങ്ങക്കായ ഞാന്‍ ചവച്ച് ഈമ്പി അതിന്റെ ഒടുക്കത്തെ തരിയും നൊട്ടി നുണഞ്ഞു.

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്​
Text Formatted

ട്ടാം ക്ലാസിലേക്ക് ജയിച്ച് ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ഉച്ചച്ചോറിന് പതിവുപോലെ വരി നില്‍ക്കുമ്പോള്‍ ചോറുവിളമ്പുന്ന ജയന്തി അക്ക പറഞ്ഞു; ‘ഇണ്ണയിലിരുന്ത് എട്ടാവത് പടിക്ക്‌റവങ്കളുക്ക് സോറ് കെടയാത്.'
ആദ്യം അതൊരു തമാശയായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. പക്ഷേ, അത് തമാശയായിരുന്നില്ല. ശെന്തിലിനെ ജയന്തി അക്ക മുമ്പില്‍ നിന്ന് തള്ളിമാറ്റിയപ്പോള്‍ ഞങ്ങളുടെ കണ്ണുകളിലൂടെ തീച്ചൂടുള്ള പക്ഷികള്‍ പറന്നു. വേറെ മൂന്നുകുട്ടികള്‍ക്ക് വിളമ്പിയിട്ട് ഞങ്ങളുടെ ക്ലാസിലെ കുമുദത്തിനെയും ജയന്തി അക്ക തള്ളി മാറ്റിയപ്പോള്‍ അക്കാലമത്രയും നടന്ന വഴി പെട്ടെന്ന് ഇല്ലാതെയായി അവിടെ വലിയൊരു കുഴി വാ പിളര്‍ന്ന് നില്‍ക്കുന്നത് ഞാന്‍ കണ്ടു. വിശപ്പിന്റെ കണ്ണീര്‍ ചൂടുമായി ശെന്തില്‍ അലറി;  ‘എനക്ക് പശിക്ക്ത്  ടീ... എനക്ക് സോറ് പോടടീ ജയന്തിക്കാ ...'

ആദ്യമായിട്ടാണ് അവന്റെ ഒച്ച അത്ര ഉച്ചത്തില്‍ ഞങ്ങള്‍ കേള്‍ക്കുന്നത്. ഗിരീഷിനെ തോളില്‍ ചുമന്ന് സ്‌കൂള്‍ മുറ്റത്തിലൂടെ ഓടുന്ന ശിക്ഷയുടെ നേരങ്ങളിലോ സിസിലി ടീച്ചറുടെ റൂള്‍ത്തടി കൈവിരലുകളിലൂടെ ഉരുളുമ്പഴോ നിറയാത്ത അവന്റെ കണ്ണുകള്‍ ആ ഉച്ചവെയിലില്‍ തീയായി ഉരുകി ഒലിച്ചു. വല്ലാത്തൊരു ഒച്ചയോടെ ഓടിച്ചെന്ന് അവന്‍ ജയന്തി അക്കയുടെ കയ്യിലെ തവി പിടിച്ചു വാങ്ങി. സാമ്പാര്‍ വിളമ്പുന്ന പ്യൂണ്‍ മണി അണ്ണന്‍ അവന്റെ മുഖത്തടിച്ച് ആ തവി തിരികെ വാങ്ങി. 
മാരിയാത്താ... എനിക്ക് പശിക്ക്ത് മാരിയാത്താ ... ന്ന് അലറി കരഞ്ഞ് അവന്‍ ചോറ്റുപുരയുടെ ചുറ്റും ഓടി. കുമുദവും തങ്കരാജും ശെല്‍വിയും ഞാനുമടക്കം എട്ടാം ക്ലാസിലെ കുട്ടികളൊക്കെ പാത്രവും കയ്യില്‍ പിടിച്ച് വരിയില്‍ നിന്ന് മാറിനിന്നു. 
കുമുദം പാത്രം നിലത്തിട്ട് സിമന്റ് തൂണില്‍ ചാരി കുനിഞ്ഞിരുന്നു. അവളുടെ നിറം മങ്ങി പിഞ്ഞിയ അരപ്പാവാടയിലേക്ക് കണ്ണീര്‍ച്ചൂട് പടരുന്നതും അവളുടെ ഉടലാകെ വിറക്കുന്നതും ഞാന്‍ കണ്ടു. ചോറ് വിളമ്പി കിട്ടിയ പാത്രങ്ങളുമായി കുട്ടികള്‍ ഞങ്ങളെ കടന്നുപോയി. തങ്കരാജ് എന്റെ ചുമലില്‍ പിടിച്ച് ആ പാത്രങ്ങളിലേക്ക് നോക്കി കൊതി നീരിറക്കി. ഓട്ടത്തിനിടയില്‍ ശെന്തില്‍ അവന് അറിയാവുന്ന തെറി വാക്കുകളൊക്കെ പറയുന്നുണ്ടായിരുന്നു. 

ഏതുകൊടിയ ശിക്ഷയേയും ഇല്ലാതാക്കാന്‍ മാത്രം ശക്തിയുണ്ടായിരുന്നു അവന്റെ വിശപ്പിന്. ചുറ്റും കാണുന്ന കാഴ്ചകളൊക്കെ അപരിചിതമായി എനിക്കുതോന്നി. പെരുവഴിയില്‍ ഉടുമുണ്ടുരിഞ്ഞുപോയവനെപ്പോലെ ഞാന്‍ നിന്നു. 

‘ഇന്ത വേല മുടിയട്ടും ടാ ... ഉനക്ക് ണാ വെച്ചിര്‌ക്കെം' എന്ന് മണി അണ്ണന്‍ അവനെ ഭീഷണിപ്പെടുത്തിയപ്പോള്‍ അവന്റെ തെറിവിളി അയാളുടെ നേര്‍ക്കായി. ഏതുകൊടിയ ശിക്ഷയേയും ഇല്ലാതാക്കാന്‍ മാത്രം ശക്തിയുണ്ടായിരുന്നു അവന്റെ വിശപ്പിന്. ചുറ്റും കാണുന്ന കാഴ്ചകളൊക്കെ അപരിചിതമായി എനിക്കുതോന്നി. പെരുവഴിയില്‍ ഉടുമുണ്ടുരിഞ്ഞുപോയവനെപ്പോലെ ഞാന്‍ നിന്നു. 
ബഹളം കേട്ട് മുത്തയ്യന്‍ സാര്‍ ഓഫീസ് മുറിയില്‍ നിന്നിറങ്ങി വന്നു. ചോറ്റുപുരക്കുചുറ്റും നിലവിളിച്ചോടുന്ന ശെന്തിലിനെ സാറ് പിടിച്ചു നിര്‍ത്തി. അവന്‍ ഉറക്കെ കരഞ്ഞെങ്കിലും സാറിനെ തെറി വിളിച്ചില്ല. അതുവരെ അവന്‍ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്ന വക്കുപൊട്ടിയ അലുമിനിയ പാത്രം സാറ് വാങ്ങി. എന്നിട്ട് ജയന്തി അക്കയോട് പറഞ്ഞ് അതിലേക്ക് ചോറും സാമ്പാറും വിളമ്പിച്ചു. സാറ് അത് അവന് നീട്ടും മുമ്പുതന്നെ അവനത് തട്ടിപ്പറിച്ച് ആല്‍മരത്തിന്റെ ചുവട്ടിലേക്ക് ചിരിച്ചുകൊണ്ട് ഓടിപ്പോയി. 

വരിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഞങ്ങളുടെ മേല്‍ സാറിന്റെ നോട്ടം പതിഞ്ഞു. ആ കണ്ണുകളിലെ നിസ്സഹായത എന്റെ സങ്കടം കൂട്ടി. കുനിഞ്ഞിരുന്ന് കരയുന്ന കുമുദത്തിന്റെ തോളില്‍ കൈ വെച്ച് സാറ് പറഞ്ഞു;  ‘എല്ലോര്‍ക്കും ശാപ്പാട് കെടയ്ക്കും.'

മറ്റു കുട്ടികളൊക്കെ ചോറുവാങ്ങിക്കഴിഞ്ഞ് പിരിഞ്ഞുപോയപ്പോള്‍ ഞങ്ങള്‍ എട്ടാം ക്ലാസുകാര്‍ക്ക് മുത്തയ്യന്‍ സാര്‍ തന്നെ ചോറ് വിളമ്പിത്തന്നു. പതിവിലും കുറവായിരുന്നു അന്നത്തെ ചോറെങ്കിലും അതിന് വല്ലാത്ത രുചിയായിരുന്നു. 
അക്കാലത്ത് ഏഴാം ക്ലാസ് വരെ മാത്രമേ ഉച്ചച്ചോറ് ഉണ്ടായിരുന്നുള്ളൂ. ഹെഡ്മാസ്റ്റര്‍ ഗണപതി സാര്‍ അക്കൊല്ലം തുടക്കത്തിലേ ആ നിയമം നടപ്പാക്കാന്‍ നോക്കിയെങ്കിലും ഒരു മാസം അതിനെ തടഞ്ഞു നിര്‍ത്തിയത് മുത്തയ്യന്‍ സാറിന്റെ പണമായിരുന്നു. ഏഴുവരെയേ ഉച്ചച്ചോറുള്ളൂ എന്ന അറിവ് ഞങ്ങളില്‍ ഞെട്ടലുണ്ടാക്കി. 

ഉച്ചച്ചോറിനുവേണ്ടിയാണ് പല മാതാപിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതെന്നും ആ ഒരു നേരത്തെ ഭക്ഷണമാണ് കുട്ടികളുടെ ഒരു ദിവസത്തിലെ കാര്യമായ ഭക്ഷണമെന്നും മുത്തയ്യന്‍ സാറിന് അറിയാമായിരുന്നു. പക്ഷേ സാറിന്റെ വീട്ടില്‍ സാറിന്റെ അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും സഹോദരിമാരും സാറിന്റെ വരുമാനം കൊണ്ടാണ് ജീവിച്ചു പോന്നത്. കരുണയ്ക്കും കടമയ്ക്കും ഇടയില്‍ ആ മനുഷ്യന്‍ വല്ലാതെ നിസ്സഹായനായി. 

പിന്നീടങ്ങോട്ട് എട്ടാം ക്ലാസിലെ കുട്ടികള്‍ മറ്റു കുട്ടികള്‍ ചോറുവാങ്ങി തീരും വരെ കാത്തുനിന്നു. വലിയ കുട്ടകത്തില്‍ ബാക്കിയാവുന്ന ഒടുക്കത്തെ വറ്റും വടിച്ചെടുത്തിട്ടും ഞങ്ങളില്‍ പലര്‍ക്കും ഉച്ചച്ചോറ് കിട്ടിയില്ല. കിട്ടിയവര്‍ക്കു തന്നെ കറി കിട്ടിയില്ല. തിരുക്കുറളിനും ചിലപ്പതികാരത്തിനും ഗുണനപട്ടികകള്‍ക്കും വിശപ്പ് മാറ്റാന്‍ കഴിയില്ലെന്ന് ബോദ്ധ്യം വന്നപ്പോള്‍ കുറച്ച് കുട്ടികള്‍ എട്ടാം ക്ലാസില്‍ നിന്ന് കൊഴിഞ്ഞ് പോയി. അവരില്ലാത്ത ഇരിപ്പിടങ്ങളില്‍ ചെന്നുമുട്ടി പൊന്നഴകി ടീച്ചറുടെ മധുരശബ്ദം തിരിച്ചുവന്നു. 

അവള്‍ പിന്നീടൊരിക്കലും സ്‌കൂള്‍ ഗെയിറ്റ് കടന്നുവന്നതേയില്ല. വിറകുകെട്ട് തിരിച്ചെടുത്ത് തലയില്‍വെച്ച് നടന്നുമറയുമ്പോള്‍ ആ കണ്‍പീലികളില്‍ നിന്ന് അടര്‍ന്നുവീണ ജലകണങ്ങള്‍ക്ക് ചോരയുടെ നിറമായിരുന്നു. 

ഉച്ചക്കുശേഷമുള്ള ക്ലാസുകള്‍ വിരസമായി. പഠിപ്പിക്കുന്ന ടീച്ചര്‍മാരെ കുട്ടികള്‍ വക വെക്കാതെയായി. വിശപ്പിനും മയക്കത്തിനും മേല്‍ സിസിലി ടീച്ചറുടെ റൂള്‍ത്തടികള്‍ ഉരുണ്ടു. ആരും വേദന കൊണ്ട് കരഞ്ഞില്ല. 
മുത്തയ്യന്‍ സാര്‍ പാഠങ്ങള്‍ ഒന്നും പഠിപ്പിക്കാതെ ഞങ്ങള്‍ക്ക് സിനിമാക്കഥകള്‍ പറഞ്ഞുതന്നു. വസന്തമാളികയും ആയിരത്തില്‍ ഒരുവനും വീരപാണ്ടിയകട്ട ബൊമ്മനും ഞങ്ങളുടെ വിശപ്പിന് ചെറിയ ശമനം നല്‍കി. തങ്കരാജ് സ്‌കൂളിലേക്ക് വരാതെയായി. പിടിക്കുന്ന മീനുകള്‍ അവന്‍ പെരുംചിലമ്പ് കവലയില്‍ കൊണ്ടുപോയി വിറ്റു. ശെന്തില്‍ മാത്രം ക്രമങ്ങളോ നിയമങ്ങളോ പാലിക്കാതെ വരിയിലെ ഒന്നാം സ്ഥാനക്കാരനായി ജയന്തി അക്കയില്‍ നിന്ന് പ്ലെയിറ്റ് നിറയെ ചോറ് വാങ്ങി തിന്നു. എന്നിട്ട് സിനിമാ കഥകള്‍ കേട്ട് ക്ലാസിലിരുന്ന് സുഖായിട്ട് ഉറങ്ങി. 

abbas

കുമുദം പിന്നീടൊരിക്കലും സ്‌കൂളിലേക്ക് വന്നില്ല.
അവള്‍ ചാണകവറളികളുണ്ടാക്കി വീട്ടുചുമരില്‍ പറ്റിച്ചുവെച്ച് ഉണക്കിയെടുത്തു. അവളുടെ അപ്പന്‍ അത് കൊണ്ടുപോയി വിറ്റ് ചാരായം കുടിച്ചു. ചെടയാറും കടന്ന് വനത്തില്‍ കയറി അവള്‍ വിറകുചുള്ളികള്‍ പൊറുക്കി കെട്ടുകളാക്കി സ്‌കൂളിനു മുമ്പിലൂടെ നടന്നുപോയി. പെണ്‍കുട്ടികളില്‍ പഠിക്കാന്‍ ഏറ്റവും മിടുക്കിയായ തന്റെ ശിഷ്യ തനിക്ക് മുമ്പിലൂടെ പൊരിവെയിലത്ത് വിറക് കെട്ടും ചുമന്ന് നടന്നുപോവുന്നത് മുത്തയ്യന്‍ സാര്‍ വേദനയോടെ കണ്ടുനിന്നു. സ്‌കൂളിലേക്ക് വന്നപ്പോള്‍ ഇല്ലാതിരുന്ന ചുവന്ന കുപ്പിവളകള്‍ അവളുടെ കൈകള്‍ക്ക് ചന്തമേറ്റുന്നത് ഞാന്‍ കണ്ടു. ഹോട്ടലുകളിലും വലിയ വീടുകളിലും അക്കാലത്ത് ഈ വിറകുകെട്ടുകള്‍ക്ക് തരക്കേടില്ലാത്ത വില കിട്ടിയിരുന്നു. കുമുദത്തിന്റെ പാവടകള്‍ക്ക് പുതുമണം വന്നുതുടങ്ങി. ചിലപ്പോഴൊക്കെ വിറകുകെട്ട് ചര്‍ച്ചിന്റെ മതിലില്‍ ഇറക്കി വെച്ച് കിതപ്പാറ്റുമ്പോള്‍ അവള്‍ സ്‌കൂളിലേക്ക് നോക്കുമായിരുന്നു. തനിക്ക് നഷ്ടമായതിനെ അവളവിടെ തിരയുകയായിരുന്നു. മുത്തയ്യന്‍ സാര്‍ അവളെ മാടിവിളിച്ചെങ്കിലും അവള്‍ പിന്നീടൊരിക്കലും സ്‌കൂള്‍ ഗെയിറ്റ് കടന്നുവന്നതേയില്ല. വിറകുകെട്ട് തിരിച്ചെടുത്ത് തലയില്‍വെച്ച് നടന്നുമറയുമ്പോള്‍ ആ കണ്‍പീലികളില്‍ നിന്ന് അടര്‍ന്നുവീണ ജലകണങ്ങള്‍ക്ക് ചോരയുടെ നിറമായിരുന്നു. 

വിശപ്പ് മാറാന്‍ ചോറും സാമ്പാറും തന്നെ വേണമെന്നില്ലെന്ന് തെളിയിച്ച് തങ്കരാജ് പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങള്‍ നടത്തി. ആമ്പലും താമരയും ഏറ്റവും രുചിയോടെ ഞങ്ങള്‍ വിഴുങ്ങി. പഴുത്ത പന നൊങ്കിന്റെ മഞ്ഞനീര് ഞങ്ങളുടെ കവിളുകളിലും കുപ്പായത്തിലും അടയാളപ്പെട്ടുകിടന്നു. തങ്കരാജ് കട്ട് പറിച്ചുകൊണ്ട് വരുന്ന പച്ച ഏത്തക്കായകള്‍ വായില്‍ കിടന്ന് ചവര്‍ത്തു. ഓരോ പുതിയ വിഭവങ്ങള്‍ കണ്ടെത്തുമ്പഴും അവന്‍ പറയും;  ‘ഇത്ക്ക് താന്‍ ശെരിയാന രുശി.'

വിശപ്പ് എല്ലാത്തിനേയും രുചിയുള്ളതാക്കി.
നെല്‍ക്കതിരുകളും പൂച്ചെടി കായയും കുഞ്ഞ് വയലറ്റ് പൂക്കളും പുളിയിലകളും ഞങ്ങളുടെ വയറ്റില്‍ കലമ്പല്‍കൂട്ടി. ചിലപ്പോഴൊക്കെ ഞാന്‍ വയറും പൊത്തിപ്പിടിച്ച് ക്ലാസില്‍ നിന്നിറങ്ങി ഓടി. പച്ച നിറത്തിലും ഓറഞ്ച് നിറത്തിലും മലം സമൃദ്ധമായി തന്നെ ഒഴുകി. വീടെത്തുമ്പോള്‍ വിശപ്പ് കോപമായി മാറാനും തുടങ്ങി. തിന്നാന്‍ ഒന്നും കിട്ടാനില്ല എന്ന അറിവില്‍ വിശപ്പെന്ന പ്രേരണ അതിന്റെ എല്ലാ തീവ്രതയോടെയും എന്നെ കറന്റടിപ്പിച്ച് രശിച്ചു. 
ടീച്ചര്‍മാരുടെ കൂടെ ഓഫീസ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഗിരീഷിന്റെ ചോറ്റുപാത്രം കഴുകി വൃത്തിയാക്കി കൊടുക്കാന്‍ തങ്കരാജ് തീരുമാനിച്ചത് എനിക്ക് വേണ്ടിയായിരുന്നു. ഗിരീഷ് ചോറ് തിന്ന് തീരുവോളം അവന്‍ ഓഫീസ് റൂമിന്റെ മുമ്പില്‍ ചുറ്റിപ്പറ്റി നിന്നു. ചോറ്റുപാത്രം കയ്യില്‍ കിട്ടിയാല്‍ അതുമായി ചോറ്റുപുരയുടെ പിറകിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന എന്റെയടുത്തേക്ക് അവന്‍ ഓടി വരും. 

abbas

എന്റെ വായിലെ മീന്‍മുള്ള് തെറിച്ചുപോയി. എന്റെ മുമ്പിലെ കാഴ്ചകള്‍ മങ്ങി. കാഴ്ചകളില്‍ ഉപ്പ് നീറി. ചോറ്റുപുരയ്ക്കും സ്‌കൂള്‍ മുറ്റത്തിനും അപ്പുറം റോഡിലൂടെ രണ്ടുമണിയുടെ ബസ് കടന്നുപോയി. 

ദൈവനാമം ചൊല്ലി ഞാനാ എച്ചില്‍ തിന്നും.
ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തങ്കരാജ് എനിക്ക് കാവല്‍ നിന്നു.
ഗിരീഷ് ബാക്കി വെച്ച മീന്‍തുണ്ടുകളും ഉരുളകിഴങ്ങും തക്കാളിയും കുത്തരിയുടെ ചോറും ഞാന്‍ രുചിയോടെ കഴിച്ചു. അവന്‍ വായിലിട്ട് ചവച്ചു തുപ്പിയ മുരിങ്ങക്കായ ഞാന്‍ ചവച്ച് ഈമ്പി അതിന്റെ ഒടുക്കത്തെ തരിയും നൊട്ടി നുണഞ്ഞു. എന്റെ മുമ്പിലെ ലോകം വിശപ്പായിരുന്നു. എന്റെ ആകാശം വിശപ്പായിരുന്നു. ഞാന്‍ കണ്ട നിറങ്ങളൊക്കെ വിശപ്പിന്റെതായിരുന്നു. ഞാന്‍ പാത്രം വടിച്ച് നക്കി കഴിഞ്ഞാല്‍ തങ്കരാജ് അത് കൊണ്ടുപോയി കഴുകി അതില്‍ വെള്ളവുമായി വരും. ആ വെള്ളവും കൂടി കുടിച്ചു കഴിഞ്ഞാല്‍ വയറ്റിലെ തീച്ചൂടിന് കുറവ് വരും. 

ഏറെ ദിവസമൊന്നും കുറ്റിക്കാട്ടിലെ ആ എച്ചില്‍ തീറ്റ മുമ്പോട്ടുപോയില്ല. ഗിരീഷിന്റെ ചോറ്റുപാത്രവുമായി ഓടുന്ന തങ്കരാജിനെ മുത്തയ്യന്‍ സാര്‍ നിരീക്ഷിക്കുന്നുണ്ടയിരുന്നു. അതിന്റെ ഫലമായി ഒരിക്കല്‍ ചോറ്റുപുരയുടെ ഇടതുവശത്തുകൂടി മുത്തയ്യന്‍ സാര്‍ പതുങ്ങിപ്പതുങ്ങി വന്നു. തങ്കരാജിന്റെ കാവല്‍ കണ്ണുകളെ വെട്ടിച്ച് സാറ് എന്റെ എച്ചില്‍ തീറ്റ കണ്ടുപിടിച്ചു. 

ആകാശത്ത് സൂര്യന്‍ കത്തുന്നുണ്ടായിരുന്നു. കുറ്റിക്കാട്ടിലെ ചെറുജീവികള്‍ എന്റെ കുപ്പായത്തിലും നിക്കറിലും പറ്റിപിടിച്ചിരുന്നു. പിറകിലൂടെ വന്ന സാറ് എന്റെ കുപ്പായ കോളറില്‍ പിടിത്തമിട്ടു. കള്ളം കണ്ടു പിടിക്കപ്പെട്ടതിന്റെ ഞെട്ടലോടെ ഞാന്‍ തിരിഞ്ഞുനോക്കി. ആ കണ്ണുകളില്‍ അപ്പോള്‍ ഞാന്‍ കണ്ടത് തിര നിലച്ച കടലായിരുന്നു. സാറ് എന്റെ മുഖത്തേക്കും കയ്യിലെ പാത്രത്തിലേക്കും മാറി മാറി നോക്കി. തങ്കരാജ് ഓടി രക്ഷപ്പെട്ടു. 

സാറിന്റെ അടിയും ചീത്ത വിളിയും പ്രതീക്ഷിച്ച് വായിലെ മീന്‍മുള്ളുമായി ഭയന്ന് ഇരുന്ന എന്റെ മുമ്പില്‍ മരം വെട്ടിയിട്ട പോലെ സാറ് വീണു. പിന്നെ എഴുനേറ്റിരുന്ന് ഇരുകൈ കൊണ്ടും നെഞ്ചത്തടിച്ച് വിലപിച്ചു; "കടവുളേ, കടവുളേ ...'
ദൈവങ്ങള്‍ ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് സാറിന്റെ കൈയ്യില്‍ പിടിക്കേണ്ടിവന്നു. എന്റെ ദുര്‍ബലമായ കൈ തട്ടിമാറ്റി സാറ് വീണ്ടും നെഞ്ചത്തടിച്ചു.  ഒരു കൊച്ചു കുട്ടിയെപ്പോലെ ആ മനുഷ്യന്‍ ലജ്ജയില്ലാതെ ഉറക്കെ ഉറക്കെ കരഞ്ഞു.

‘സാര്‍, ഇനി സെയ്യമാട്ടേന്‍ സാര്‍ ...മന്നിച്ചിടുങ്കോ സാര്‍...'
ഞാന്‍ പിന്നെയും ആ കൈകളില്‍ പിടിച്ച് പറഞ്ഞു. എന്റെ വായിലെ മീന്‍മുള്ള് തെറിച്ചുപോയി. എന്റെ മുമ്പിലെ കാഴ്ചകള്‍ മങ്ങി. കാഴ്ചകളില്‍ ഉപ്പ് നീറി. ചോറ്റുപുരയ്ക്കും സ്‌കൂള്‍ മുറ്റത്തിനും അപ്പുറം റോഡിലൂടെ രണ്ടുമണിയുടെ ബസ് കടന്നുപോയി. 

abbas

സാറ് എഴുന്നേറ്റ് എന്റെ കയ്യിലെ ചോറ്റുപാത്രം വാങ്ങി ദൂരേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടെന്റെ കൈയ്യും പിടിച്ച് ആ കുറ്റിക്കാട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി. സ്‌കൂള്‍ മുറ്റവും ഗെയിറ്റും കടന്ന് സാറ് എന്നെ റോഡിലേക്ക് കൊണ്ടുപോയി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കുട്ടികളും ടീച്ചര്‍മാരും അന്തംവിട്ട് നിന്നു. 
കുട്ടന്‍ നായരുടെ ഹോട്ടലിലേക്കാണ് സാറ് എന്നെ കൊണ്ടുപോയത്. വെയിലത്തുനിന്ന് അകത്തേക്ക് കയറിയതിനാല്‍ എന്റെ മുമ്പില്‍ ഇരുട്ടായിരുന്നു. കാഴ്ചകള്‍ തെളിയും മുമ്പേ ചോറും കറികളും മീന്‍ പൊരിച്ചതും മുമ്പില്‍ നിരന്നു. 
‘വേണ്ട സാര്‍...', ഞാന്‍ പറഞ്ഞു നോക്കി.
കളഭ മണവുമായി സാറിന്റെ ദേഹം എന്റെ ദേഹത്തെ തൊട്ടു.
സ്‌നേഹക്കുളിരുമായി ആ കൈകള്‍ എന്റെ മുടിയില്‍ തൊട്ടു; ‘ശാപ്പിട്  രാസാ...'

സാറിന്റെ ശബ്ദം ഇടറുന്നത് ഞാനറിഞ്ഞു. ഗിരീഷ് ചവച്ചുതുപ്പുന്ന മീന്‍മുള്ളിനെ ഗര്‍ഭത്തിലേറ്റി വലിയൊരു അയല മീന്‍ എന്റെ മുമ്പില്‍ നീണ്ട് നിവര്‍ന്നുകിടന്നു. അതില്‍ വിരല്‍ തൊട്ടതും എന്റെ നെഞ്ചാകെ കനത്തു. തൊണ്ട അടഞ്ഞു. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഞാന്‍ ഉറക്കെയുറക്കെ കരഞ്ഞു. കുട്ടന്‍ നായരും ഭാര്യയും വേറെ ചിലരും ഓടി വന്നതൊന്നും ഞാന്‍ അറിഞ്ഞില്ല. ആ ഹോട്ടലിലെ അരണ്ട വെളിച്ചത്തിലിരുന്നാണ് ദൈവത്തിന്റെ ഗന്ധം കളഭത്തിന്റെ ഗന്ധമാണെന്ന് ഞാന്‍ അറിഞ്ഞത്.

മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വലിയപറമ്പില്‍ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടില്‍ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയില്‍ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Audio