Wednesday, 29 March 2023

കഥാ പഠനം


Text Formatted

വായിച്ചിട്ടും വായിച്ചിട്ടും തീരാതെ...

ശരിയാണ് സഹോദരാ, അങ്ങ് രചിച്ച കഥകളുടെ, അവയില്‍ മിടിക്കുന്ന സര്‍ഗ്ഗാത്മകതയുടെ  സമൃദ്ധിയും വൈവിദ്ധ്യവും  എന്നെക്കൊണ്ട് പറയിക്കുന്നു:  ‘വായിച്ചാലും വായിച്ചാലും തീരാത്ത കഥകള്‍...’
ഞാനിവ വായിച്ചു കൊണ്ടേയിരിക്കട്ടെ...

Image Full Width
Image Caption
വി.ആർ. സുധീഷ് / Photo: Muhammed Hanan
Text Formatted

വായനാസുഖം ഒരു കുറ്റമാണെങ്കില്‍ വി.ആർ. സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങള്‍ കഥകളുടെ  സമ്പത്തായി കണക്കാക്കിയാല്‍ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉള്‍ത്തളങ്ങളില്‍ വീണു പ്രകാശിച്ച ഈ കഥകള്‍ കുസൃതിക്കുട്ടികളായി എനിക്കുചുറ്റും ഓടിക്കളിച്ചു. ചിന്തിക്കാന്‍ മാത്രമല്ല രസിക്കാനും കൂടിയുള്ളതല്ലേ കഥകള്‍, എന്നു ചോദിച്ചു. കൊത്തങ്കല്ലാടുകയും ഓടിത്തൊടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ വള്ളിനിക്കറിന്റെയും പെറ്റിക്കോട്ടിന്റെയും നീലകളും വെളുപ്പുകളും ഇളകിപ്പറന്നു. മണ്ണുപറ്റിയ കുപ്പായച്ചന്തം വെളിച്ചം തട്ടി മിനുങ്ങി. വായിച്ചിരിക്കെ അവര്‍ വളര്‍ന്നുവലുതായി. കൂടുവിട്ടു കൂടുമാറി. വാക്കുകള്‍ക്ക് ജീവനുണ്ടായിരുന്നു. രക്തമാംസങ്ങള്‍ പൊതിഞ്ഞ, ബലമുള്ള അസ്ഥികളും. നാടന്‍ മലയാളഭാഷയുടെ തുലാമഴയില്‍ കുതിര്‍ന്ന് സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും കൂടിക്കലര്‍ന്നു. കഥാകാരനോട്  ആദരവുതോന്നി. സമാന്തര പ്രപഞ്ചം, മാനസസഞ്ചാരങ്ങള്‍!

അടച്ചും തുറന്നുമുള്ള വീട്ടിരുപ്പുകാലങ്ങളുടെ അഴലും നിഴലും വീണ കഥകളാണിവ. ‘സൂക്ഷ്മാണുവിന്റെ കോലങ്ങള്‍ സ്വപ്നത്തില്‍ പലമട്ടില്‍ തെയ്യാട്ട് തുള്ളി' (ഗന്ധര്‍വന്‍). കോവിഡ് ഒരു കഥാപാത്രം തന്നെയാണ്. ആ തൂക്കുപാലത്താല്‍ കിനാവിന്റെയും ഉണര്‍വിന്റെയും കരകള്‍ പരസ്പരം തൊടുന്നു. അതിലൂടെ നടക്കുമ്പോള്‍ താഴോട്ടു നോക്കിയില്ല, തലചുറ്റും. കഥാകാരന്‍ കൈവീശി സൃഷ്ടിച്ച, ശബ്ദിക്കുന്ന അഗാധതയാണവിടെ. ആ സങ്കടത്തിന്റെ നീരുകുടിച്ച് ഇരുകരകളിലും തളിരിട്ടു പടര്‍ന്ന് പൂവിടുന്ന, ആകാശം തേടുന്ന മര്‍ത്ത്യതയെ ഈ കഥകളില്‍ കാണാം. ഗന്ധര്‍വന്‍, ജോസിലെറ്റിന്റെ കാമുകി, ചിങ്ങവെയിലിലെ മുറിവുകള്‍, മുനവര്‍ എന്ന തടവുകാരന്‍, ഒളിവുകാലം - എല്ലാറ്റിലും കോവിഡ് പതിയിരിക്കുന്നു. പലരിലൂടെ, പല പ്രായക്കാരിലൂടെ, പല സാഹചര്യങ്ങളിലൂടെ ശ്വാസം മുട്ടിപ്പിടയുന്ന സ്‌നേഹം, നിലനില്‍ക്കാനും അതിജീവിക്കാനും ശ്രമിക്കുകയാണ് - വ്യക്തിയിലും സമൂഹത്തിലും.

എല്ലാ നിറവുകളോടും കൂടിയ ഈ ഭൂമിയെ കെട്ടിപ്പുണരാനും സ്‌നേഹിക്കാനും, ഒരിക്കല്‍ക്കൂടി ജനിച്ചുജീവിക്കാനും തോന്നിച്ചവയാണ് ഈ കഥകള്‍. സ്വതേ പലപ്പോഴും ഖിന്നയായിപ്പോകാറുള്ള എന്നെ സംബന്ധിച്ച്, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവും ആഹ്ലാദാഘോഷവുമായിരുന്നു ഇവയുടെ വായന.

രചയിതാവിന്റെ ആശയങ്ങളായി ജീവിക്കുകയും അയാളടിച്ചേല്പിച്ച ഭാഷയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നവര്‍ ഈ കഥാലോകത്തില്ല. ഹൃദയസ്പര്‍ശിയായ ജീവിതത്തിന്റെ സുതാര്യനിലാവ് അതില്‍ പരന്നുകിടക്കുന്നു. ‘സൂര്യവെളിച്ചം താമരപ്പൂക്കള്‍ക്കൊപ്പം ഒഴുകുന്നുണ്ടാകും. ഘടികാരസൂചിയെ ഓര്‍മിപ്പിക്കുന്ന കിക്ക് കിക്ക് ശബ്ദവുമായി പവിഴക്കാലികള്‍ ചതുപ്പുകള്‍ക്കുമേലെ കൂട്ടത്തോടെ അതിവേഗത്തില്‍ പറക്കുന്നുണ്ടാകും. ദേശാടനപ്പക്ഷികളായ വയല്‍ക്കോതികള്‍ നിരനിരയായി വെള്ളത്തില്‍ ചിറകനക്കുന്നുണ്ടാവും. ഊതനിറമുള്ള താമരക്കോഴികള്‍ ഒരു വശത്ത്, കത്രികപ്പക്ഷികള്‍ മറുവശത്ത്, ദൂരെ കൊറ്റികളുടെ പാടം.' (ചന്ദ്രികാചര്‍ച്ചിതം
‘കാരമുള്ളും കാശാവും താണ്ടി മണ്ഡലിയും പുല്ലാഞ്ഞിയും പുളയ്ക്കുന്ന കുളിപ്പാറയിലൂടെ' (കിണ്ണം
‘കാര, പാര, കോര, പരവ, ചാള, അയല, താട, തേട്...' (തുടങ്ങി മുപ്പത്തഞ്ചോളം മീനിനങ്ങളുടെ പേര് അണിനിരക്കുന്ന മാര്‍ജാരനും മൂര്‍ഖനും)
‘കരിങ്കുറിഞ്ഞി, ശീമക്കൊങ്ങിണി, കിലുകിലുക്കി, മേന്തോന്നി, തഴുതാമ'
(ഗന്ധര്‍വന്‍ എന്ന കഥയില്‍ ഇവ മാത്രമല്ല മുരിക്ക്, വേപ്പ്, കാഞ്ഞിരം, പാരിജാതം, ഇലഞ്ഞി, ചെമ്പകം തുടങ്ങി എത്രയെത്ര മരങ്ങളാണുള്ളത്. ചലിക്കുന്നവ, സംസാരിക്കുന്നവ) ‘കൃഷ്ണകിരീടക്കാട്ടില്‍ ബുദ്ധമയൂരികള്‍ കൂട്ടത്തോടെ നീലാകാശച്ചിറകിളക്കി' യതും ഇതിലാണ്.

SUDHEESH
കാക്കകള്‍ക്കും പൂച്ചകള്‍ക്കും ഇടമുള്ള ജീവജാലസമൃദ്ധമായ ഭൂമിയാണ് സുധീഷിന്റെ കഥാലോകത്തുള്ളത്.

കാക്കകള്‍ക്കും പൂച്ചകള്‍ക്കും ഇടമുള്ള ജീവജാലസമൃദ്ധമായ ഭൂമിയാണ് ഈ കഥാലോകത്തുള്ളത്. പ്രകൃതിസ്‌നേഹത്താല്‍ പ്രസംഗമായി വന്നതല്ല ഇതൊന്നും. കഥകളും കഥാപാത്രങ്ങളും ജൈവവൈവിധ്യങ്ങളുടെ പശ്ചാത്തലത്തിലാണ്. പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍, അച്ഛന്‍, അമ്മ, അമ്മമ്മ, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, ഗ്രാമം, നഗരം, കുന്ന്, പാറ, വയല്‍, വരമ്പ്, പാത, വീട്, നാട്, സൂര്യന്റെയും ചന്ദ്രന്റെയും വെളിച്ചങ്ങള്‍, പൂക്കള്‍, പൂമണങ്ങള്‍... ഓരോ കഥയിലും മനുഷ്യരും സമൂഹവും പ്രകൃതിയും ഇണങ്ങുന്നു, ഇടയുന്നു, വിലയം പ്രാപിക്കുന്നു. ഈ കഥാകൃത്തിന്റെ ആന്തരികതയില്‍, ‘തോരാത്ത ചന്ദ്രവെളിച്ചം തലപ്പാവിട്ട' കുന്നും പുഴയും വയലും കാടും പാറയും കടലും തീരവുമൊക്കെച്ചേര്‍ന്ന   നിത്യനിര്‍മലനീലബിന്ദുവായി ഭൂമി ഉദിച്ചു നില്‍ക്കുന്നു. കാള്‍ സാഗന്‍ പറഞ്ഞപോലെ, ‘ഇതാണ് വീട്, സൂര്യരശ്മിയിലെ ഈ ഇളംനീല ബിന്ദു... നമുക്കു മറ്റൊരിടമില്ല...'  

എല്ലാ നിറവുകളോടും കൂടിയ ഈ ഭൂമിയെ കെട്ടിപ്പുണരാനും സ്‌നേഹിക്കാനും, ഒരിക്കല്‍ക്കൂടി ജനിച്ചുജീവിക്കാനും തോന്നിച്ചവയാണ് ഈ കഥകള്‍. സ്വതേ പലപ്പോഴും ഖിന്നയായിപ്പോകാറുള്ള എന്നെ സംബന്ധിച്ച്, ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവും ആഹ്ലാദാഘോഷവുമായിരുന്നു ഇവയുടെ വായന. ജീവിതത്തെ സ്‌നേഹിക്കുക, ജീവിക്കാനാഗ്രഹിപ്പിക്കുക, ജീവിതാഭിമുഖ്യമുണ്ടാക്കുക - ഈ കഥകളുടെ ഉള്‍ത്തുടിപ്പുകള്‍ സ്വയമറിയാതെ ചെയ്യുന്നത് അതാണ്. ചന്ദ്രികാചര്‍ച്ചിതം എന്ന കഥയിലൂടെ ആസകലം നിലാവുമൂടിയാണ് കടന്നുപോയത്. ഇതില്‍ ഇഷ്ടപ്പെട്ട ഒരു സമസ്തപദം കണ്ടെത്തി - ‘തിങ്കള്‍ത്തരികള്‍' എത്രയോ വട്ടം എത്രയോ നിലാവുകളെക്കുറിച്ചെഴുതീട്ടും ഈ വാക്ക് എനിക്കു വീണുകിട്ടിയില്ലല്ലോ എന്നു തോന്നി. അവ ഓരോന്നായി വിരല്‍ത്തുമ്പാലൊപ്പി തണുപ്പും നനവും ആസ്വദിക്കുമ്പോള്‍, ഈ കഥാലോകത്തെ ഒറ്റവാക്കില്‍ നിര്‍വചിക്കാന്‍ ആ പദം തന്നെ എനിക്ക് കടമെടുക്കണം.   

ഭാര്യാഭര്‍ത്താക്കന്മാരുടെ നിരന്തരകലഹമുള്ള ഒരു വീട്ടില്‍നിന്നു പുറത്തേയ്ക്കു രക്ഷപ്പെട്ട മാര്‍ജാരന്‍, യദൃച്ഛയാ കണ്ട ഒരു കൂട തുറന്ന്  മൂര്‍ഖനെ സ്വതന്ത്രനാക്കുന്നു -  അമ്മയെയോ ഭാര്യയെയോ കടിപ്പിച്ചു കൊല്ലാനായി ഒരു മനുഷ്യന്‍ കൊണ്ടുപോയിട്ട് അതു ചെയ്യാതിരുന്ന മൂര്‍ഖന്‍.

സമകാലികമായ ചില ക്രൂരതകളും വായനയില്‍ തെളിഞ്ഞുവന്നു. മാര്‍ജാരനും മൂര്‍ഖനും അത്തരമൊരു കഥയാണ്. ഭാര്യാഭര്‍ത്താക്കന്മാരുടെ നിരന്തരകലഹമുള്ള ഒരു വീട്ടില്‍നിന്നു പുറത്തേയ്ക്കു രക്ഷപ്പെട്ട മാര്‍ജാരന്‍, യദൃച്ഛയാ കണ്ട ഒരു കൂട തുറന്ന്  മൂര്‍ഖനെ സ്വതന്ത്രനാക്കുന്നു -  അമ്മയെയോ ഭാര്യയെയോ കടിപ്പിച്ചു കൊല്ലാനായി ഒരു മനുഷ്യന്‍ കൊണ്ടുപോയിട്ട് അതു ചെയ്യാതിരുന്ന മൂര്‍ഖന്‍. സമൂഹത്തിന്റെ അധോതലമായി പലരും കാണുന്ന മദ്യശാലയില്‍ വച്ചാണ് അവര്‍ കണ്ടുമുട്ടുന്നത്. ശുഭസ്പന്ദങ്ങളോടെ സൗഹൃദവും ആശങ്കയും പങ്കിടുകയാണ്   അവര്‍. പാറ്റയ്ക്കും ഉറുമ്പിനും വരെ, വികാരങ്ങളും ലാര്‍വാകാലത്തെ ചില ഓര്‍മകളുമുണ്ടാവുമെന്നാണ് പുതിയ ശാസ്ത്രം പറയുന്നത്. കഥാകൃത്തിന്റെ ആറാമിന്ദ്രിയം പ്രതിഭാപ്രകര്‍ഷത്താല്‍ അതു നേരത്തേ അറിഞ്ഞിരിക്കുന്നു. പ്രകാശത്തിലേക്കു കടന്നുപോകുന്ന മാര്‍ജാരനും മൂര്‍ഖനും, മനുഷ്യത്വം മായുന്നതും മറഞ്ഞില്ലാതാകുന്നതും തിരിച്ചറിയുന്നുണ്ട്. മഹത്വമുള്ള കഥകളെ പല പ്രായക്കാര്‍ക്ക് പലതരത്തില്‍ വായിക്കാം. കൊച്ചുകുട്ടികള്‍ക്ക് അവരുടേതായ കാഴ്ചപ്പാടില്‍. ജ്ഞാനവൃദ്ധന്മാര്‍ക്ക് അവരുടേതില്‍. ഇതു തികച്ചും ഭാരതീയമായ രീതിയുമാണ്. വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ വായിക്കുന്നവര്‍ക്ക് അവരുടേതായ ഊടുപാതകള്‍ സൃഷ്ടിക്കാം.

snake
മാര്‍ജാരനും മൂര്‍ഖനും എന്ന കഥയില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ നിരന്തരകലഹമുള്ള ഒരു വീട്ടില്‍നിന്നു രക്ഷപ്പെട്ട മാര്‍ജാരന്‍, യദൃച്ഛയാ കണ്ട ഒരു കൂട തുറന്ന് മൂര്‍ഖനെ സ്വതന്ത്രനാക്കുന്നു- അമ്മയെയോ ഭാര്യയെയോ കടിപ്പിച്ചു കൊല്ലാനായി ഒരു മനുഷ്യന്‍ കൊണ്ടുപോയിട്ട് അതു ചെയ്യാതിരുന്ന മൂര്‍ഖന്‍. / Illustration: Jennifer O'Toole

അച്ചടിച്ചുവന്ന ചൂടോടെ ഈ കഥ വായിക്കുമ്പോള്‍ വാഗ്‌ദേവിയുടെ പിന്നാലെ വള്ളിനിക്കറിട്ടു പോകുന്ന കഥാകാരനെയാണ് കണ്ടത്, പ്രപഞ്ചത്തെ ആദ്യമായി നോക്കിക്കാണുന്ന നിഷ്‌കളങ്കതയോടും ശിശുത്വത്തോടും കൂടി. തുടര്‍ന്നുള്ള ഓരോ വായനയിലും, പലേടത്തും ചിരിപൊട്ടുകയും കരഞ്ഞുപോവുകയും ചെയ്തു. മര്‍ത്ത്യതയുടെ പതനം, അപചയം. അഗാധമായ നരകത്തിലേക്കുവീണ, ലോകത്തേറ്റവും അപകടകാരിയായ ജീവിക്ക് അരുതായ്മ കളഞ്ഞു തിരിച്ചെത്താന്‍ കഥാകൃത്ത് നീട്ടുന്ന ഈരുള്ളിയാണ് ഈ കഥ. എത്ര ആവര്‍ത്തിച്ചിട്ടും മടുക്കാതെ, എത്ര തവണ മനക്കണ്ണില്‍ കണ്ടിട്ടും മാഞ്ഞുപോവാതെ, ഒരു വാക്കോ ഒരു കഥാപാത്രമോ അധികമില്ലാതെ, ഒരു മദ്യശാല വിവരിക്കുമ്പോള്‍ അവിടെ ഒരു പെണ്‍സാന്നിധ്യം വര്‍ണിക്കുക എന്ന പ്രലോഭനത്തിലേക്ക് ഒരു കഥാകൃത്ത് എളുപ്പം വീഴാം. എന്നാല്‍ ഈ കഥയില്‍ അതില്ല. കൊത്തിവച്ചപോലെ ഓരോരുത്തരും അതാതിടങ്ങളില്‍. ഔചിത്യബോധത്താലും സൂക്ഷ്മതയാലും ഈ കഥയ്ക്ക് അനശ്വരമായ ചൈതന്യവും സൗന്ദര്യവുമുണ്ടാകുന്നു;  ശില്പത്തിനു ജീവന്‍ വച്ചതുപോലെ.

ചെറിയ കഥകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കൈയില്‍ വയ്ക്കുകയും കിലുക്കിനോക്കുകയും ചെയ്യാവുന്ന മാന്ത്രികക്കുഴല്‍ പോലെ ഒതുക്കമുള്ള ഈ ചാരുതകളെ, ഒറ്റവായനയില്‍ത്തന്നെ മനസ്സ് മുറുകെപ്പിടിച്ചു.

ഒന്നു വായിച്ചാസ്വദിക്കാന്‍ ഏറെ കഷ്ടപ്പെട്ട് സ്വന്തം പരിമിതിയോര്‍ത്തു ലജ്ജിച്ച് പാതിവഴിയിലുപേക്ഷിച്ച പല കഥകളെയും ഓര്‍ത്തു. അവയൊന്നും ഈ കഥാകാരന്റേതായിരുന്നില്ല. സ്വാഭാവികമായെഴുതപ്പെട്ടത് ഉപേക്ഷിക്കപ്പെടുകയില്ല. ഉണര്‍വിലും ഉറക്കത്തിലും അത് കൂടെയുണ്ടാവും, രസിപ്പിക്കും, ചിന്തിപ്പിക്കും, ആത്യന്തികമായ ജീവിതസത്യം പറഞ്ഞുകൊണ്ടേയിരിക്കും. ചെറിയ കഥകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കൈയില്‍ വയ്ക്കുകയും കിലുക്കിനോക്കുകയും ചെയ്യാവുന്ന മാന്ത്രികക്കുഴല്‍ പോലെ ഒതുക്കമുള്ള ഈ ചാരുതകളെ, ഒറ്റവായനയില്‍ത്തന്നെ മനസ്സ് മുറുകെപ്പിടിച്ചു. വിഷാദകാലങ്ങളെ അതിജീവിക്കാന്‍ ഇവയുടെ ചങ്ങാത്തം സഹായിക്കുമെന്നു തോന്നി. ഇളംമനസ്സിലെ ഗന്ധര്‍വദര്‍ശനമായാലും, സ്ത്രീയടുപ്പങ്ങളുടെ സങ്കീര്‍ണതകളായാലും, തന്റെ മായാപരവതാനിയിലേറി കഥാകൃത്ത് അവയ്ക്കു കുറുകെ കടക്കുന്നു. അട്ടഹാസങ്ങളോ ആക്രോശങ്ങളോ ഇല്ലാതെ, തികഞ്ഞ സഹഭാവത്തോടെ, പെണ്‍കുട്ടികളെ ആലേഖനം ചെയ്തിരിക്കുന്നു. അരുമയായി, സുതാര്യമായി. (ഗന്ധര്‍വന്‍, ജോസിലെറ്റിന്റെ കാമുകി, പുരാതനകാമുകന്‍

ചിങ്ങവെയിലിന്റെ മുറിവുകള്‍  മുതിര്‍ന്നവരുടെ മനോചിത്രങ്ങളാണ്. ‘മരിക്കാന്‍ നേരത്ത് കൂട്ടുവന്നതിന് നന്ദിയുണ്ട്. മരിച്ചില്ലെങ്കില് കൂടെ വരാം'  കോവിഡ് ഐ.സി.യു.വില്‍ നിന്നു പുറത്തേയ്ക്ക് ന്യൂമോണിയ ബാധിച്ച സാവിത്രി അയച്ച ആ കുറിപ്പാണ്. അതു കൈയിലിരുന്നു വിറകൊള്ളുന്നതുപോലെ തോന്നി. ഇടിമിന്നല്‍ പോലെ വായനാനേരത്തെന്നെ ജ്വലിപ്പിച്ചു ചാരമാക്കിയ വാക്കുകള്‍! അനാഥവാര്‍ധക്യത്തിന്റെ ഖേദനിര്‍വേദങ്ങളെയും അനുതാപത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു ഈ കഥാകാരന്‍. കൂട്ട് എന്ന പദത്തിന് ഇത്രയേറെ അര്‍ഥവ്യാപ്തിയുണ്ടോ? മലയിറങ്ങി വരുന്ന മൂടല്‍മഞ്ഞുപോലെ, കൂട്ട് എന്ന പദം അതിന്റെ വൈകാരികവ്യാപ്തിയാല്‍ കഥയെ അശ്രുപൂര്‍ണമാക്കി. ഐ.സി.യു.വില്‍ സാവിത്രി ശ്വാസതടസ്സത്തോടെ കിടക്കുകയാണ് കഥ തീരുമ്പോഴും- ‘ജീവിതവും മരണവും വ്യാകുല സ്വപ്നങ്ങള്‍ വരയ്ക്കുന്ന ദിനരാത്രങ്ങളിലൂടെ' എന്നു കഥാകാരന്‍. ഈ കഥകള്‍ക്കെല്ലാമിണങ്ങുന്ന ഒരു നിര്‍വചനമാണതെന്നു തോന്നി. 

vr-sudeesh

എഴുത്തുകാരനായ ഒരു ജയിലറുടെ കാഴ്ചപ്പാടിലാണ് മുനവര്‍ എന്ന തടവുകാരന്‍ രചിച്ചിരിക്കുന്നത്. ഒരു വൃദ്ധയെ ദണ്ഡിപ്പിച്ചു പ്രാപിച്ചതിന് ശിക്ഷിക്കപ്പെട്ട, പുസ്തക വായനക്കാരനായ ഈ തടവുകാരന്റെ അന്ത്യാഭിലാഷം തന്റെ ഉമ്മായെ ഒരു വട്ടം കാണണം എന്നതായിരുന്നു. അയാള്‍ ചെയ്ത കുറ്റകൃത്യമോ? അതെ, ‘ജീവിതവും മരണവും വ്യാകുലചിത്രങ്ങള്‍ വരയ്ക്കുന്ന ദിനരാത്രങ്ങളിലൂടെ' ശോകവും കരുണവും മുഖ്യവേഷങ്ങളാടുന്ന ചുറ്റുവട്ടം മുഴുവനും കഥാകാരന്‍ ഒപ്പിയെടുക്കുന്നു- ആയിരം ലെന്‍സ് ചേര്‍ന്ന്​ കാഴ്ച നിര്‍ണയിക്കുന്ന തേനീച്ചക്കണ്ണുപോലെ, അതില്‍പെടാത്തതൊന്നുമില്ല. ചേമ്പിലയിലെ വെള്ളത്തുള്ളിയില്‍ പ്രതിഫലിക്കുന്ന പ്രപഞ്ചം- കഥകള്‍ക്ക് ആകൃതി നിശ്ചയിക്കാനാവുമെങ്കില്‍ ഇവയെല്ലാം ഉരുണ്ടതാണ്. നമ്മുടെ മണ്ണില്‍, പച്ചപ്പുല്ലിന്‍തുമ്പില്‍, തിളങ്ങിയാടുന്ന വെള്ളത്തുള്ളികള്‍. സന്തോഷത്തിന്റെ മഴവില്ല് പ്രകാശിക്കുന്ന ഭൂമിയുടെ കണ്ണുനീര്‍ത്തുള്ളികള്‍.

കിണ്ണം എന്ന കഥ, ചില വിശേഷപ്പെട്ട മനോവ്യാപാരങ്ങളെ കാണിച്ചുതരുന്നു. മദ്യം, മയക്കുമരുന്ന് ഇവയെക്കാളേറെ ആഴത്തില്‍ വേരോടുന്ന ചില ലഹരിശീലങ്ങളിലേയ്ക്കാണ് അതു വിരല്‍ചൂണ്ടുന്നത്. ബൗദ്ധികമായ അടിത്തറയുള്ളതിനാല്‍ മാത്രമല്ല, വൈകാരികമായ കെട്ടുപാടുകള്‍ ഉള്ളതുകൊണ്ടു കൂടിയാണ് ലോകം നിലനില്‍ക്കുന്നത്, കുടുംബവും മതവും സമൂഹവും സംഘടനകളുമെല്ലാം പുലരുന്നത്. ഏതു സാധാരണക്കാരനും സമാധാനമുണ്ടാവുക അത്രയ്ക്കും സ്വന്തമായി, അപ്രകാരം ചിലത് കൂടെയുണ്ടാവുമ്പോഴാണ്. അതിന്റെ കാരണം അയാള്‍ക്കുമാത്രം പ്രധാനപ്പെട്ടതാവാം. ഈ കഥയില്‍, എക്‌സൈസിലെ ഗോവിന്ദേട്ടനുമായി കഥാനായകനായ യുവാവിന്റെ സംഭാഷണം ഹൃദ്യവും ഗ്രാമീണവും സ്വാഭാവികവുമാണ്. ഇതുപോലൊന്ന് ഇക്കാലത്ത് കണ്ടുകിട്ടുക പ്രയാസം. കുറച്ചു വാക്യങ്ങളും അവയിലെ പച്ച ജീവിതവും! ചരിത്രവും മനുഷ്യനും സ്ഥലവും കാലവും വൈകാരികതയില്‍ ചേര്‍ന്നിണങ്ങി. സമയം സ്തംഭിച്ച ആ നിമിഷങ്ങള്‍ക്കൊടുവില്‍ അവര്‍ പിരിയുന്നിടത്ത്
‘ഗോവിന്ദേട്ടന്‍ കുറേ നേരം മിഴിച്ചുനിന്നു. എന്റെ മുഖത്തു നോക്കിയതേയില്ല. പിന്നെ പറഞ്ഞു: നീ പൊയ്‌ക്കോ... ഞാന്‍ നോക്കട്ടെ .
ആ കണ്ണുകള്‍ ചെറുതായി നനഞ്ഞതു പോലെ എനിക്കുതോന്നി.'

കൊലപാതകിയ്ക്കും തടവുകാരനും അഭിസാരികയ്ക്കും ഒരേപോലെ  ഇടമുള്ളതാണ് സര്‍ഗാത്മകതയുടെ സ്‌നേഹസാമ്രാജ്യം- എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന മണ്ണിടം.  

ഓരോ കഥയിലും, കഥാകൃത്തിന്റെ കണ്ണുകള്‍ ഇതുപോലെ നനയുന്നുണ്ട്. കരുണയോടെ തന്റെ കഥാപാത്രങ്ങളെ പരിലാളിക്കുകയാണവ. അമ്പേറ്റുവീണ കിളിയില്‍ അലിവാര്‍ന്ന ആദികവിയുടെ അശ്രുകണങ്ങളെ ഈ രചയിതാവ് ഹൃദയത്തിലേറ്റുന്നുണ്ട്. ‘എഴുതാന്‍ ഒരുപാടുണ്ട് മോനേ. എന്റെ കഥ പറഞ്ഞാല്‍ തീരില്ല ' എന്നു നായികയായ ചന്ദ്രിയില്‍ പരകായപ്രവേശം ചെയ്ത കഥാകാരന്‍ തന്നെയാണു പറയുന്നത് (ചന്ദ്രികാചര്‍ച്ചിതം ). മനുഷ്യവികാരങ്ങളില്‍ ഏറ്റവും മഹത്തായത് എംപതിയാണെന്ന് ഏറ്റവും പുതിയ ന്യൂറോളജി അറിവുകളുള്ള ഡോ. കെ. രാജശേഖരന്‍ നായര്‍;  ‘ഏകോ രസ: ഏവ കരുണ’  എന്നു പ്രാചീനനായ ഭവഭൂതി - മറ്റെല്ലാം അതിന്റെ മാത്രാദേദങ്ങള്‍ മാത്രം. കൊലപാതകിയ്ക്കും തടവുകാരനും അഭിസാരികയ്ക്കും ഒരേപോലെ  ഇടമുള്ളതാണ് സര്‍ഗാത്മകതയുടെ സ്‌നേഹസാമ്രാജ്യം- എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന മണ്ണിടം.  

വൃത്താകൃതിയുള്ള മേശയും മരക്കസേരയും മെഴുകുതിരിവെട്ടവും ജുബ്ബയും മുണ്ടുമായി, വായനശാലയില്‍ വായിച്ചിരിക്കുന്ന ജ്ഞാനിയായ വൃദ്ധരൂപത്തെ, മോഷ്ടാവായ ഒരു ചെറുപ്പക്കാരന്‍ ഒരു കോവിഡ്കാലപ്പാതിരാവില്‍ കണ്ടുമുട്ടുന്ന മനോഹരമായ കഥയാണ് ഒളിവുകാലം. അങ്ങേയറ്റം കരുണയോടെ  ഈ ഗതികെട്ടവനെ ചേര്‍ത്തണയ്ക്കുന്ന കഥാകൃത്തിനെ തൊഴുതു. വൃദ്ധനും യുവാവും തമ്മിലെ സംഭാഷണം! ഈ മോഷ്ടാവിനെപ്പോലെ സത്യംപറയുന്ന, മനസ്സുതുറക്കുന്ന, നിസ്സഹായനായ, ജീവിക്കാന്‍ പെടാപ്പാടുപെടുന്ന മറ്റൊരാളെ പെട്ടെന്നോര്‍മ വന്നു. അതും ഐതിഹ്യത്തിലെ ആദികവിയുടെ ആദ്യകാല ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിടിച്ചുപറിക്കാരനായ ഗൃഹസ്ഥന്‍, സപ്തര്‍ഷികളോട് സത്യം തുറന്നുപറയുന്ന രംഗം. അത്രയുമോര്‍ത്തപ്പോഴാണ് ഈ ഒരുപിടി കഥകളില്‍ സത്യത്തിനും നന്മയ്ക്കും കഥാകാരന്‍ പകുത്തുനല്‍കിയ ഒളിവിടങ്ങളെപ്പറ്റി ചിന്തിച്ചത്. ഭൂമിയുടെ മറുപുറം പോലെ എല്ലാവരിലും എവിടെയൊക്കെയോ അത്.    

വായനയുടെ ആത്മാവുതന്നെയായ വിവേകിയായ വൃദ്ധന്‍, താന്‍ പുറം തടവിക്കൊടുത്ത്, മണ്‍കൂജയിലെ വെള്ളം കൊടുത്ത് അനുതാപത്തോടെ ഉറക്കിയ   ആ ചെറുപ്പക്കാരനോടു പിറ്റേന്നു പറയുന്നുണ്ട്: ‘ജീവിതം ഹ്രസ്വമാണ്, കഥ ദീര്‍ഘവും. ജീവിതത്തിന് കഥയില്‍ ഒതുങ്ങാനാവില്ല. അതുകൊണ്ടാണ്, വായിച്ചാലും വായിച്ചാലും തീരാത്ത കഥകള്‍ ! ’  

ശരിയാണ് സഹോദരാ, അങ്ങ് രചിച്ച കഥകളുടെ, അവയില്‍ മിടിക്കുന്ന സര്‍ഗാത്മകതയുടെ  സമൃദ്ധിയും വൈവിദ്ധ്യവും  എന്നെക്കൊണ്ട് അതുതന്നെ പറയിക്കുന്നു: ‘വായിച്ചാലും വായിച്ചാലും തീരാത്ത കഥകള്‍...’
ഞാനിവ വായിച്ചു കൊണ്ടേയിരിക്കട്ടെ... 

ഡി. സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന ഗന്ധർവൻ എന്ന കഥാസമാഹാരത്തിന് എഴുതിയ അവതാരിക


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

വിജയലക്ഷ്​മി

കവി. മൃഗശിക്ഷകന്‍, തച്ചന്റെ മകള്‍, മഴതന്‍ മറ്റേതോ മുഖം, ഒറ്റമണല്‍ത്തരി, വിജയലക്ഷ്മിയുടെ കവിതകള്‍, വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍ എന്നിവ പ്രധാന സമാഹാരങ്ങള്‍.
 

Audio