Memoir
വിജു വി. നായര്‍
സൂര്യഹൃദയം ആവഹിച്ച സഞ്ചാരി
വിവിധ മേഖലകളിലെ പ്രതിഭാശാലികളുമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ അഭിമുഖങ്ങളുടെയും സംഭാഷണങ്ങളുടെയും ഓര്‍മയില്‍നിന്ന്, ആ വ്യക്തികളെ വീണ്ടെടുക്കുന്ന ഒരു സഞ്ചാരമാണിത്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാള്‍ സാഗനുമായി തൊണ്ണൂറുകളുടെ തുടക്കത്തില്‍ മുംബൈയില്‍ വച്ച് നടത്തിയ അഭിമുഖത്തില്‍നിന്ന് ഈ പരമ്പര തുടങ്ങുന്നു

പത്രപ്രവര്‍ത്തനം ഒരു യാത്രയാണ്.
സഞ്ചാരീഭാവങ്ങള്‍ മാറിമറിയുന്ന സഞ്ചാരം.
അങ്ങനെ മാറിമറിയാത്തപക്ഷം ഇത് കേവലമൊരു ഗുമസ്തവേല.
ഉല്ലസിക്കാന്‍, ഊരുകാണാന്‍, ഉദ്യോഗാര്‍ഥം...യാത്രകള്‍ പലവിധമുണ്ടുലകില്‍ സുലഭം.
അത്തരം സഞ്ചാരങ്ങളില്‍ ഹാജരുവെക്കാത്ത ഒന്നുണ്ട്- ആന്തരിക സഞ്ചാരം. പറഞ്ഞുവന്നാല്‍, അതിന് ഒരു പുറപ്പാടുതന്നെ വേണ്ടതില്ല.
ചുമ്മാ, മുറിയിലടച്ചിരുന്നാലും തോണിയേറും, മനസ്സ്.
തെല്ലൊരബദ്ധവശാല്‍ വന്നുപെട്ട ഈ ചെറുതൊഴിലില്‍ അകസഞ്ചാരത്തിന്റെ പ്രപഞ്ചം ഒളിഞ്ഞുകിടക്കുന്നത് ആദ്യമറിയുന്നത് വൃത്താന്തങ്ങളുടെ ജാതകം പരതാന്‍ തുടങ്ങിയപ്പോഴാണ്- കാഴ്ചയ്ക്കും കേള്‍വിക്കുമപ്പുറമെന്ത്?
ആ ചോദ്യമാണ് നാന്ദി.
വേഗം മടുപ്പിക്കുന്ന രാജവീഥികളില്‍നിന്ന് ഊടുവഴികള്‍ കയറുമ്പോള്‍ അറിഞ്ഞുതുടങ്ങും, കാഴ്ച ഒരു ലേബ്രിന്താണ്.
വിശേഷിച്ചും, രണ്ടു ജോഡി കരചരണങ്ങളും കല്‍പനാസ്വരം പോലെ ഒരൊഴുക്കന്‍ കഴുത്തും അതിന്മേലുറപ്പിച്ച മിസ്റ്ററി കുംഭവും പേറിയ ചര്‍മാവൃതമായ ആ ജീവരൂപം- മനുഷ്യന്‍.
ഓരോ മനുഷ്യരൂപവും കൗതുകം ത്രസിപ്പിക്കുന്ന പ്രേരകമാകുമ്പോള്‍, ചോദ്യചിഹ്‌നത്തിന്റെ ആകൃതിയാകും, മനസ്സിന്.
പേഴ്‌സണാലിറ്റി- ഇന്റര്‍വ്യൂവിന്റെ പ്രാഥമിക മൂലധനമാണത്.
ജേണലിസത്തിന് ഒരു സവിശേഷതയുണ്ട്, മിക്ക തൊഴിലുകള്‍ക്കും ഇല്ലാത്തൊരു സൗഭാഗ്യം.
ഇവിടില്ല, കൗതുകത്തിന് പരിധികള്‍. Sky is the limit എന്ന ക്ലീഷേ പോലും അസംബന്ധമാക്കുന്ന ഒരപരിമേയത.
ഒരിക്കല്‍ ഒരു പത്രാധിപര്‍ പരിഹാസച്ചുവയോടെ തിരക്കി, ‘‘ആകാശത്തിനു കീഴിലുള്ള എന്തിനെക്കുറിച്ചും എഴുതിക്കളയും, ല്ലേ?’’.
ഔചിത്യം കൊണ്ട് മറുപടി ചെറുചിരിയിലൊതുക്കിയപ്പോള്‍ വിടാന്‍ ഭാവമില്ല ആശാന്: ‘‘ന്താ ചിരിച്ചുകളഞ്ഞത്?''.
ഗത്യന്തരമില്ലാതെ പറഞ്ഞുപോയി; ക്ഷമിക്കണം- സര്‍, ആകാശത്തിനും അപ്പുറത്തുനിന്നാണ് പണി തുടങ്ങിപ്പോയത്.
പത്രാധിപര്‍ക്ക് തിരിഞ്ഞില്ല. കൊച്ചുകൊച്ച് ആകാശങ്ങളുള്ള വല്യവല്യ ആളുകള്‍ക്ക് അതങ്ങനെയാണ്, ഖഗോളം തിരിഞ്ഞുവരാന്‍ കാലമെടുക്കും.
പറഞ്ഞത് നേരമ്പോക്കായിരുന്നില്ല, തര്‍ക്കുത്തരവും.

പത്രപ്രവര്‍ത്തനയാത്രയിലെ ആദ്യ കാഴ്ചകളിലൊന്ന് അങ്ങനെയായിപ്പോയി. ഗഗനസീമകള്‍ക്കപ്പുറത്തേക്ക് കണ്ണും കാതും നീട്ടിയ ഒരപൂര്‍വ ശിരസ്സ്. NASA യുടെ പ്ലാനറ്ററി സ്റ്റഡീസ് മേധാവി, ശാസ്ത്രത്തെ ജനഹൃദയങ്ങളോട് അടുപ്പിച്ച അന്‍പഴകുള്ളൊരു പേനയുടെ ഉടമ, ക്ഷീരപഥങ്ങള്‍ക്കപ്പുറമെങ്ങാനും ജീവന്റെ അനച്ചയുണ്ടോന്ന് നോക്കിപ്പോയ സഞ്ചാരി- കാള്‍ എഡ്വേഡ് സാഗന്‍.
ഒളിമങ്ങിയ രാവിന്റെ നീലമൂടാപ്പില്‍ നിനച്ചിരിക്കാതെ ഒരു വാല്‍നക്ഷത്രം പൊടുന്നനെ പാളീവീണാല്‍? അതാണ് അന്ന് സംഭവിച്ചത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തികച്ചും അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച. ഡോ. വെങ്കട വരദനുള്ളതാണ് നന്ദി- മുംബൈയിലെ നെഹ്‌റു പ്ലാനറ്റോറിയം ഡയറക്ടര്‍. ഔല്‍സുക്യം ചിറകുവെച്ച സ്വരത്തില്‍ അദ്ദേഹമാണറിയിച്ചത്, ശാസ്ത്രലോകത്തെ വാനമ്പാടിയുടെ വരവ്.
പഠിക്കുന്ന കാലത്ത് ദൂരദര്‍ശനില്‍ കണ്ടിരുന്നു, ‘കോസ്‌മോസ്’ ടെലിവിഷന്‍ പരമ്പര. ഞായറാഴ്ചകളില്‍ രാവിലെ പതിനൊന്നിന്. തിരശ്ശീല നിറഞ്ഞ് സാഗന്‍, പക്ഷെ, കേന്ദ്രകഥാപാത്രം മറ്റൊരാളാണ്: പ്രപഞ്ചം.
വാഷിങ്ടണ്‍ യൂനിയന്‍ സ്‌റ്റേഷനിലെ ഒരു പോര്‍ട്ടര്‍ വരുന്നുണ്ട്, ഒരെപ്പിസോഡില്‍. വണ്ടിയിറങ്ങിവന്ന സാഗന്റെ ലഗേജ് ചുമന്നിട്ട് അയാള്‍ കൂലി വാങ്ങാന്‍ വിസമ്മതിക്കുന്നു. നിര്‍ബന്ധിച്ചപ്പോള്‍ സാഗനോട് അയാള്‍ കാരണം പറഞ്ഞു: You gave me the Universe.
ടി.വി പെട്ടിയിലെ ഒരു ശാസ്ത്രപരിപാടി വാഷിങ്ടണിലെ ചുമട്ടുകാരന്‍ തൊട്ട് ചെങ്ങന്നൂരിലെ ഒരു നാട്ടിന്‍പുറ വിദ്യാര്‍ഥി വരെ ഭൂഗോളത്തില്‍ എത്ര ജനലക്ഷങ്ങളെയാണ് വശീകരിച്ചുകളഞ്ഞത്! ദൃശ്യവിസ്മയമായിരുന്നില്ല കോസ്‌മോസ് സീരീസ്, വിസ്മയങ്ങളുടെ ദൃശ്യപരമ്പരയായിരുന്നു. പ്രകാശവേഗത്തില്‍ തൊടുത്താല്‍ പദാര്‍ഥമേതും തരംഗരൂപമാളുന്നത്, ത്രിമാനങ്ങള്‍ക്കപ്പുറം സ്ഥല- കാലങ്ങളുടെ ഏകാത്മകത, ജീവന്റെ ഉയിരെടുപ്പ്, സൂര്യന്റ മരണം, പ്രപഞ്ചോല്‍പ്പത്തി, പ്രണവം... പിന്നെ ഈജിപ്ത്യന്‍ ഹെറോഗ്ലിഫിക്‌സും എസ്‌കിമോകളുടെ തീന്‍ വിശേഷവും ഇന്‍കയിലെ മിത്തും എന്നുവേണ്ട ജീവിതത്തില്‍ നാം കണ്ണടച്ചുവിടുന്ന നിത്യസാധാരണത്വങ്ങളുടെ മിസ്റ്ററികള്‍ വരെ. ഓരോന്നും രമ്യഭാസുരമായി അനാവരണം ചെയ്യുന്നതുകാണ്‍കെ, ശാസ്ത്രമറിയുന്നോരും അല്ലാത്തോരും ഒന്നുപോലെ ആശ്ചര്യചിഹ്‌നത്തിന്റെ സന്ധിബന്ധുക്കളായിത്തീരുന്നു. മാലോകരുടെ ഈ വ്യാക്ഷേപകാനുഭവത്തിന്റെ ചാലകശക്തിയോ- ഒരൊറ്റ മനുഷ്യന്‍, അയാളുടെ അദമ്യമായ പ്രപഞ്ച കൗതുകം.

അത് ഏറ്റവുമരികെനിന്ന് കണ്ടയാളോളം മറ്റാരുണ്ട് പറഞ്ഞുതരാന്‍? ആന്‍ ഡ്രുയാന്‍ പ്രസിദ്ധമായ ആ ടി.വി പരമ്പരയുടെ നിര്‍മാണക്ലേശത്തെപ്പറ്റി കുറിച്ചത് സ്വന്തം ജീവിതപങ്കാളിക്കുചേര്‍ന്ന വെളിപ്പെടുത്തലായി: It was nothing but climbing Mr. Cosmos.
കാലിഫോര്‍ണിയയിലെ പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു കടപ്പുറത്തായിരുന്നു തുടക്കം. സാഗരം സാക്ഷിയായി സാഗന്‍ പറഞ്ഞുതുടങ്ങുന്നു: The Cosmos is all that is or ever was or ever will be. അനന്തരം, ഒരു ഭാവനായാനത്തില്‍ സാഗനെ കടത്തുന്നു, പ്രപഞ്ചത്തിലൂടൊരു ടൈം ട്രാവല്‍. അലക്‌സാന്‍ഡ്രിയയിലെ പ്രാചീന ഗ്രന്ഥാലയത്തിലേക്ക്, മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലൂന്നിയ നിമിഷത്തിലേയ്ക്ക്, ജ്യോതിശാസ്ത്രത്തിന്റെ ജാതകത്തിലേയ്ക്ക്...ഇടയ്ക്കിടെ ജ്യോതിഷവും അന്ധവിശ്വാസങ്ങളും മിത്തുകളുടെ ഉള്ളറകളും പൊളിച്ചടുക്കുന്ന നര്‍മഭാസുരമായ പര്യവേഷണങ്ങള്‍. മനുഷ്യമസ്തിഷ്‌കത്തിന്റെ ഉള്‍മടക്കുകളിലെ മുത്തും പവിഴവും തേടിയുള്ള മുങ്ങാംകുഴി വേറെ. ഒടുവിലൊടുവില്‍, നരവംശത്തിന്റെ അസ്തമനസൂചന ചൊരിയുന്ന ദുരന്തഛവി. സത്യത്തില്‍, സാഗന്റെ പേനയുതിര്‍ത്ത പ്രസാദാത്മകതക്ക് ഈ കരിനിഴല്‍ ഒരാന്റിക്ലൈമാക്‌സാണ്. അതുപിന്നാലെ പറയാം.
രസമെന്തെന്നാല്‍, അറിഞ്ഞവന്റെ ഗര്‍വല്ല അറിയാനുള്ള കൗതുകമായിരുന്നു ഓരോ ചോദ്യത്തോടും ആ മനുഷ്യന്റെ പ്രതികരണത്തില്‍. എങ്ങനെ ഈ ചോദ്യങ്ങളുണ്ടാകുന്നു എന്നതിലെ കൗതുകം. ആ പ്രഭവം കൂടിയറിഞ്ഞുകൊണ്ടുള്ള മറുപടികള്‍.
ഗണിതകണിശതയുള്ള ന്യായയുക്തികള്‍ നിരത്തുമ്പോള്‍ തന്നെ കാവ്യാത്മകമായിരുന്നു ആ മഷിക്കൂട്ട്. അതില്‍നിന്നു വാര്‍ന്ന അക്ഷരക്കൂട്ടിലേക്ക് ഒരു പ്രവേശികയുണ്ട്: In the vastness of Space and immensity of time, it is a pleasure and joy to share a planet and an epoch with Ann. ആകാശത്തിന്റെ നിസ്സീമതയിലും കാലത്തിന്റെ അഗാധതയിലും ഒരു ഗ്രഹവും ഒരു യുഗവും പങ്കിടാന്‍ പ്രാണസഖിക്കുള്ള സമര്‍പ്പണക്കുറി വാസ്തവത്തില്‍ നമുക്കെല്ലാമുള്ള ക്ഷണക്കുറിയായിരുന്നു. സ്ഥല- കാലങ്ങളുടെ മാസ്മരികമായ ആഴങ്ങളിലേക്ക്.

കോസ്‌മോസും ബ്രോക്കാസ് ബ്രയിനും ഡ്രാഗന്‍സ് ഓഫ് ഏദവും കോമറ്റുമൊക്കെ വായിച്ചപ്പോള്‍ കിട്ടിയ അതേ ഹൃദയസ്പര്‍ശം വര്‍ളി സീഫെയ്‌സില്‍ ആദ്യമായി കൈകള്‍ കവര്‍ന്നപ്പോഴും. ഒരു കൊച്ചുകുട്ടിക്കെന്നോണം ഓരോ ചോദ്യത്തിനും ഓരോ അബദ്ധങ്ങള്‍ക്കും സാഗന്‍ ക്ഷമയോടെ മറുപടി തന്നു. രസമെന്തെന്നാല്‍, അറിഞ്ഞവന്റെ ഗര്‍വല്ല അറിയാനുള്ള കൗതുകമായിരുന്നു ഓരോ ചോദ്യത്തോടും ആ മനുഷ്യന്റെ പ്രതികരണത്തില്‍. എങ്ങനെ ഈ ചോദ്യങ്ങളുണ്ടാകുന്നു എന്നതിലെ കൗതുകം. ആ പ്രഭവം കൂടിയറിഞ്ഞുകൊണ്ടുള്ള മറുപടികള്‍. റാഷനാലിറ്റിയുടെ ദാര്‍ഢ്യത്തിന് തെളിമയുടെ സൗമ്യാവരണമിട്ട വാക്കുകള്‍. അതുകൊണ്ടാവണം, പിന്നീട് അഭിമുഖം പകര്‍ത്തിയെഴുതാനിരിക്കേ മനസ്സ് സ്വഭാവികമെന്നോണം കുറിച്ചുപോയി തലക്കെട്ട്: സൂര്യഹൃദയം ആവഹിച്ച സഞ്ചാരി.
ബ്രൂക്‌ലിനില്‍ ജൗളിക്കമ്പനി മാനേജരായ സാമുവെലിനും പ്രാര്‍ഥനയെ ജീവാരൂഢമാക്കിയ റേച്ചലിനും പിറന്ന കൊച്ചുകാളിന്റെ ഹീറോ അവരാരുമായിരുന്നില്ല. ജോണ്‍ കാര്‍ട്ടന്‍. ചൊവ്വാ ഗ്രഹത്തില്‍ ചുറ്റിത്തിരിയുന്ന ആ എഡ്ഗാര്‍ റോസ്ബറോ കഥാപാത്രം. പള്ളിക്കൂടത്തില്‍ കാള്‍ വല്ലാത്തൊരു കുസൃതിയായിരുന്നു. സയന്‍സ് മാഷ് മക് നമാറയുടെ സ്ഥിരം തലവേദന. ചോദ്യങ്ങള്‍ തൊടുത്തുകൊണ്ടേയിരിക്കും. എന്നുവെച്ച് ക്ലാസിലെ ഏറ്റവും മിടുക്കന്മാരുടെ കൂട്ടത്തിലായിരുന്നുമില്ല. എന്നിട്ടും, അവര്‍ക്കില്ലാത്ത ഒരനായാസത കാളിന്റെ വിനിമയത്തിനുണ്ടായിരുന്നു, സംശയങ്ങളിലായാലും കുസൃതികളിലായാലും. പില്‍ക്കാലത്ത് പ്രസിദ്ധമായ ആ വിനിമയ സാരള്യത്തിന്റെ രഹസ്യമെന്താണ്?
സൗരയൂഥത്തില്‍ ഭൂമിയൊഴികെ ഒരിടത്തുമില്ല, ജീവാങ്കുര സാധ്യത. ഇന്ന് ഇതൊക്കെ ഏതു കുഞ്ഞിനുമറിയാം. അന്ന് പക്ഷെ, ഒരു കുഞ്ഞിനുമില്ല ധാരണ. വെറും 60 കൊല്ലം മാത്രം മുമ്പാണീ ‘അന്ന്' എന്നുകൂടിയോര്‍ക്കണം.
‘‘... കാര്യങ്ങള്‍ വിശദീകരിക്കാന്‍ എനിക്കു നല്ല കഴിവുണ്ട്. കാരണം, അവ മനസ്സിലാക്കാന്‍ എനിക്കത്ര എളുപ്പമായിരുന്നില്ല. ക്ലാസിലെ സമര്‍ഥന്മാര്‍ക്ക് എല്ലാം പെട്ടെന്ന് മനസ്സിലാവുമായിരുന്നു. എനിക്കുപക്ഷെ, കഠിനാധ്വാനം വേണ്ടിവരുന്നു. ഏറ്റവും മിടക്കുരായവര്‍ക്ക് കാര്യം വേഗം പിടികിട്ടും, ആ വേഗം മൂലം മനസ്സിലാക്കലിന്റെ മെക്കനിക്‌സ് അവര്‍ കാണാതെ പോകുന്നു.''
- ഇതാണ് സാഗന്റെ തെളിച്ചമുള്ള കാഴ്ചയുടെ വ്യാകരണ രഹസ്യം. ചോദ്യങ്ങളുടെ പ്രഭവമറിഞ്ഞുള്ള മറുപടിയുടെ പിന്നണി.

പി.എച്ച്ഡി എടുത്തയുടന്‍ ഹാര്‍വേഡില്‍ അസിസ്റ്റൻറ് പ്രൊഫസറായി. പക്ഷെ, സ്ഥിരപ്പെടുത്തിയില്ല. കാരണമാണ് രസകരം. വകുപ്പുതലവന്മാരിലൊരാള്‍ വിധിച്ചു- സാഗന്റെ ഗവേഷണപ്രബന്ധത്തില്‍, വാക്കുകള്‍ കൂടുതലാണെന്ന്!
‘വാക്ക് പ്രപഞ്ചം സൃഷ്ടിക്കുന്നു' എന്ന മനീഷിവാക്യം വായിക്കാത്തതിന് സായ്പിനെ കുറ്റം പറയാനുമാകില്ല. കോര്‍നെല്‍ യൂണിവേഴ്‌സിറ്റി ആ യുവാവിന്റെ വാക്കിന് വിലവച്ചു. മരണം വരെ പിന്നെ അവിടെ തുടര്‍ന്നു.
ശ്വാസമടക്കിനിന്ന കണ്‍ട്രോള്‍ റൂമിന്റെ നിശ്ശബ്ദതയില്‍ സാഗന്റെ ശബ്ദം മുഴങ്ങി: ‘‘അത് ഇവിടമാണ്, നമ്മുടെ വീട്, നമ്മള്‍. ആ പൊട്ടില്‍ എല്ലാമുണ്ട്, നമ്മള്‍ സ്‌നേഹിക്കുന്ന എല്ലാവരും, നമ്മളറിയുന്ന എല്ലാവരും.... ഇതാ ഇവിടെ, ഒരു സൂര്യവീചിയില്‍ തൊങ്ങിക്കിടക്കുന്ന ഈ പൊടിപ്പൊട്ടില്‍.''
യുവ ശാസ്ത്രജ്ഞൻ എന്ന നിലയില്‍ സാഗന്റെ ആദ്യ ഗവേഷണം ശുക്രനെക്കുറിച്ചായിരുന്നു. അവിടെന്തേ ജീവനുണ്ടാവുന്നില്ല എന്ന ചിരകാല ശാസ്ത്ര സന്ദേഹത്തിന് ഉത്തരം കണ്ടെത്തുന്നു- ശുക്രാന്തരീക്ഷത്തിലെ അമ്ല മഴ. നേരെ തിരിഞ്ഞത് ചൊവ്വയിലേക്ക്. അവിടെയുണ്ടായിരുന്നു മറ്റൊരു ചിരകാല സന്ദേഹം- ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ചൊവ്വയുടെ അന്തരീക്ഷമുഖം മാറിമാറിപ്പോകുന്നു. ഋതുഭേദങ്ങള്‍ തൊട്ട് സസ്യജാലം വരെ പല ഉത്തരങ്ങള്‍ കൊണ്ടുള്ള തര്‍ക്കത്തിലായിരുന്നു ശാസ്ത്രലോകം. അതിനും സാഗന്‍ ശാശ്വത തീര്‍പ്പുണ്ടാക്കി- അടങ്ങാത്ത പൊടിക്കാറ്റാണ് പ്രതി. ആ തീര്‍പ്പിന്റെ വിപുലീകരണവും നിര്‍വഹിച്ചു: സൗരയൂഥത്തില്‍ ഭൂമിയൊഴികെ ഒരിടത്തുമില്ല, ജീവാങ്കുര സാധ്യത. ഇന്ന് ഇതൊക്കെ ഏതു കുഞ്ഞിനുമറിയാം. അന്ന് പക്ഷെ, ഒരു കുഞ്ഞിനുമില്ല ധാരണ. വെറും 60 കൊല്ലം മാത്രം മുമ്പാണീ ‘അന്ന്' എന്നുകൂടിയോര്‍ക്കണം.
സാഗന്‍ രംഗവേദിയിലെത്തുമ്പോള്‍ വാനശാസ്ത്രം ഏതാണ്ടൊരു മരവിപ്പിലായിരുന്നു. പൊടുന്നനെയാണ് അന്തരീക്ഷം മാറിമറിഞ്ഞത്. ടെലസ്‌കോപ്പുകളുടെ നവീകരണം, റോബോട്ടിക്‌സിന്റെ വരവ്, അപ്പോളോ യാത്രകള്‍... മനുഷ്യന്റെ ആകാശസ്വപ്‌നങ്ങള്‍ക്ക് അതിരില്ലാതായി. പ്രപഞ്ചം അതിന്റെ ഭൂതച്ചെപ്പ് മെല്ലെ തുറന്നുതരുമ്പോലെ.

കൂടിക്കാഴ്ച നടക്കുമ്പോള്‍ സാഗന്റെ നേതൃത്വത്തില്‍ വിക്ഷേപിച്ച വോയേജര്‍- 1 പ്ലൂട്ടോയും കടന്ന് സൗരയൂഥത്തിന്റെ അതിര്‍ത്തി വിട്ടിരുന്നു. അതിരിലെ വിടവാങ്ങല്‍വേളയില്‍ സാഗന്‍ ശാഠ്യം പിടിച്ചു, പേടകത്തിലെ കാമറ ഭൂമിക്കുനേരെ തിരിക്കണമെന്ന്. കോടിക്കണക്കിന് മൈലുകള്‍ അപ്പുറത്തുനിന്ന് ഇങ്ങു ‘താഴേ'ക്ക്! തിരിച്ചുവെച്ച കാമറ ഒരു ചിത്രം അയച്ചുതന്നു- സൂര്യവെട്ടത്തിന്റെ പാളികള്‍ക്കിടയിലെങ്ങോ ഒരു കുഞ്ഞുപൊട്ട്. ശ്വാസമടക്കിനിന്ന കണ്‍ട്രോള്‍ റൂമിന്റെ നിശ്ശബ്ദതയില്‍ സാഗന്റെ ശബ്ദം മുഴങ്ങി: ‘‘അത് ഇവിടമാണ്, നമ്മുടെ വീട്, നമ്മള്‍. ആ പൊട്ടില്‍ എല്ലാമുണ്ട്, നമ്മള്‍ സ്‌നേഹിക്കുന്ന എല്ലാവരും, നമ്മളറിയുന്ന എല്ലാവരും, നമ്മള്‍ കേട്ടിട്ടുള്ള എല്ലാവരും, മനുഷ്യജീവിയായിരുന്നിട്ടുള്ള എല്ലാവരും, ഇവിടെ ജീവിച്ച ഒരു ജീവിവംശത്തില്‍പ്പെട്ട വിശുദ്ധരും പാപികളുമെല്ലാം- ഇതാ ഇവിടെ, ഒരു സൂര്യവീചിയില്‍ തൊങ്ങിക്കിടക്കുന്ന ഈ പൊടിപ്പൊട്ടില്‍.''
ചരിത്രത്തിലാദ്യമായി ഒരന്യഗ്രഹത്തില്‍ മനുഷ്യന്‍ ഒരു പേടകമിറക്കുകയായിരുന്നു. പക്ഷെ, ഭൂമിയിലെ സഹജീവികള്‍ ഈ സ്വന്തം വിജയകഥയറിഞ്ഞില്ല. മാധ്യമങ്ങള്‍ ഈ സാഹസം കാര്യമായെടുത്തില്ല. ചൊവ്വയില്‍ ജീവനുണ്ട് എന്ന പൊതുവിശ്വാസം കൂടി വൈക്കിംഗ് തകര്‍ത്തതോടെ അവഗണന പൂര്‍ണമായി.
ഇതൊന്നും എഴുതിവായിക്കുന്ന സ്‌ക്രിപ്റ്റല്ല.
സാഗനോട് ഒരു വട്ടമെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ക്കറിയാം, ഈ മനുഷ്യന്‍ മിണ്ടുന്നത് അയാളുടെ പുസ്തകങ്ങളിലെ എഴുത്തുപോലെ തന്നെയാണല്ലോ. കൗതുകം മറച്ചുവെച്ചില്ല, മറുപടി അതേ മട്ടില്‍ വന്നു: ‘‘ഒന്നും എഴുതിയല്ല, റെക്കോര്‍ഡിലേക്ക് പറയും. സെക്രട്ടറി ട്രാന്‍സ്‌ക്രിപ്റ്റ് എടുത്തുതരും, എഡിറ്റ് ചെയ്യാന്‍. ചിലപ്പോള്‍, പറയുന്നത് അവര്‍ ടൈപ്പുചെയ്യും...അതങ്ങനെ പോകുമ്പോള്‍ വല്ലപ്പോഴുമൊക്കെ സംസാരവും മരിജുവാനയും ഇണചേരും.''
-ട്രിപ്പ്?
‘‘കാനബി ബ്രയിന്‍സ്‌റ്റോമില്‍ മുറി വിട്ടോടിയ സന്ദര്‍ഭങ്ങളുണ്ട്.''
ഇരമ്പുന്ന കടല്‍ സാഗന്റെ ചിരിക്ക് കൈകോര്‍ത്തു.
ഇടപ്രായത്തില്‍ സാഗന്‍ തന്നെയാണ് ഈ വലിക്കഥ പരസ്യമാക്കിയത്. മരിജുവാനക്കുള്ള വിലക്കില്‍ പ്രതിഷേധിക്കാന്‍. അതായി പിന്നെ പുകില്. എന്തായിരുന്നു ചേതോവികാരം?
‘‘35ാം വയസ്സില്‍ നന്നേ വലിച്ചിരുന്നു. പിന്നീട് ഒരു ജോയ്ന്റ് ധാരാളം മതിയെന്ന നിലയെത്തി. കലയും സംഗീതവും കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ ഇതൊരു സഹായമാണ്. ഭ്രാന്തുപിടിച്ച, അപകടകരമായ ഈ ലോകത്ത് ഇതൊക്കെ വേണ്ടിവരും. ഉള്‍ക്കാഴ്ചക്ക് ഉതകുമെങ്കില്‍ വിലക്കണോ?''

സോമയും ഭാംഗും ക്ഷേത്രപ്രസാദമാക്കിയ ഇന്ത്യയില്‍ മരിജുവാന വിലക്കപ്പെട്ട കനിയായിരിപ്പതിനാല്‍ ട്രിപ്പ് വീണ്ടും വിനിമയരഹസ്യങ്ങളിലേക്ക് തിരിച്ചു.
‘‘പറഞ്ഞുപറഞ്ഞുപോകുമ്പോള്‍ മനസ്സൊരു തൂവലാകും. എനിക്ക് പറയാനാണിഷ്ടം. ഭാഷ അങ്ങനെയാണ് എനിക്കുവഴങ്ങിത്തരുന്നത്.''
ഭാഷയ്ക്ക് മനുഷ്യന്റ വികാരങ്ങള്‍ മിക്കവാറും ഒഴിപ്പിക്കാന്‍ കഴിയും. അതാവാം, ഒരുവേള അതിന്റെ ധര്‍മവും. വികാരങ്ങള്‍കൊണ്ട് അകം നിറഞ്ഞുപോയിട്ട് പുറംലോകത്തോട് അന്ധമായിപ്പോവുക എന്ന ദുരന്തം തടയാന്‍ ഭാഷ വലിയ തുണ തന്നെ. എങ്കില്‍, ഭാഷ ഒരേസമയം ശാന്തിയും ശാപവുമാണെന്ന് പറയേണ്ടിവരില്ലേ? അതെന്തായാലും, ഈ മനുഷ്യനില്‍ ഭാഷ പ്രശാന്തിയാണ്.
‘‘വേദനാജകമായിരുന്നു ആ ദിവസങ്ങള്‍. ഇത്രയും മഹത്തായൊരു കാല്‍വെപ്പു നടത്തിയിട്ട് അതിന്റെ സൗരഭം പങ്കിടാന്‍ മനുഷ്യലോകത്തെ കൂട്ടാത്തതിന്റെ ദുഃഖം. ഒരുപക്ഷെ, വൈക്കിംഗ് തകര്‍ന്ന് ദൗത്യം പരാജയപ്പെട്ടിരുന്നെങ്കില്‍പോലും ഇത് ഇത്ര വേദന തോന്നുമായിരുന്നില്ല.''
1976ലെ വൈക്കിംഗ് ലാന്‍ഡര്‍ സംഘത്തില്‍ അംഗമായിരുന്നു സാഗന്‍. ചരിത്രത്തിലാദ്യമായി ഒരന്യഗ്രഹത്തില്‍ മനുഷ്യന്‍ ഒരു പേടകമിറക്കുകയായിരുന്നു. പക്ഷെ, ഭൂമിയിലെ സഹജീവികള്‍ ഈ സ്വന്തം വിജയകഥയറിഞ്ഞില്ല. മാധ്യമങ്ങള്‍ ഈ സാഹസം കാര്യമായെടുത്തില്ല. ചൊവ്വയില്‍ ജീവനുണ്ട് എന്ന പൊതുവിശ്വാസം കൂടി വൈക്കിംഗ് തകര്‍ത്തതോടെ അവഗണന പൂര്‍ണമായി. അക്കാദമിക് ദന്തഗോപുരത്തില്‍നിന്ന് ഇന്ന് നാമറിയുന്ന കാള്‍ സാഗനെ നമുക്കു തന്ന വഴിത്തിരിവായി ആ അവഗണന.
‘‘വേദനാജകമായിരുന്നു ആ ദിവസങ്ങള്‍. ഇത്രയും മഹത്തായൊരു കാല്‍വെപ്പു നടത്തിയിട്ട് അതിന്റെ സൗരഭം പങ്കിടാന്‍ മനുഷ്യലോകത്തെ കൂട്ടാത്തതിന്റെ ദുഃഖം. ഒരുപക്ഷെ, വൈക്കിംഗ് തകര്‍ന്ന് ദൗത്യം പരാജയപ്പെട്ടിരുന്നെങ്കില്‍പോലും ഇത് ഇത്ര വേദന തോന്നുമായിരുന്നില്ല.''
- അതുകൊണ്ടാണോ ടി.വി പ്രോഗ്രാമിലേക്കും പുസ്തക രചനയിലേക്കും തിരിഞ്ഞത്?
‘‘അതുമാത്രമല്ല. 1976ല്‍ ചൊവ്വാ പരീക്ഷണം വിജയിച്ചപ്പോള്‍ മാധ്യമങ്ങള്‍ പൊതുവേ മുഖം തിരിച്ചല്ലോ. പൊതുജനങ്ങള്‍ക്ക് ഇതൊന്നുമറിയില്ല, ഇതിലൊന്നും താല്‍പര്യമുണ്ടാകില്ല എന്നാണ് മാധ്യമങ്ങള്‍ അന്ന് കരുതിയത്. ഇത്തരം അസംബന്ധങ്ങളാണ് ശാസ്ത്രത്തെ ജനങ്ങളില്‍നിന്നകറ്റി നിര്‍ത്തുന്നത്. അങ്ങനെ കാലാന്തരത്തില്‍ ശാസ്ത്രത്തെ ഇല്ലാതാക്കുന്നത്.''

മാധ്യമങ്ങളുടെ ആ ചരിത്രമൗഢ്യമാണ് സാഗനെ പുതിയ കുപ്പായമിടുവിച്ചത്. സഹപ്രവര്‍ത്തകന്‍ ജന്‍ട്രി ലീയുമൊത്ത് ശാസ്ത്രം ജനങ്ങളിലെത്തിക്കാന്‍ ഒരു ടി.വി പരിപാടി തയാറാക്കി. പല വാതിലുകളില്‍ മുട്ടി. ഒടുവില്‍, ലോസാഞ്ചലസിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെ.സി.ഇ.റ്റി കനിഞ്ഞു. അങ്ങനെ ഭൂമിയില്‍ ആദ്യമായി ഒരു ജ്യോതിശാസ്ത്ര പരമ്പര ടെലിവിഷനില്‍ അവതരിപ്പിക്കപ്പെട്ടു- 13 എപ്പിസോഡുമായി ‘കോസ്‌മോസി’ന്റെ ആദ്യ രൂപം. പിന്നെയത് 24 കോടി പ്രേക്ഷകരുടെ വിസ്മയമായതൊക്കെ ചരിത്രം. ആ ചരിത്രത്തില്‍ വൈകാതെ ഇടം നേടിയ ഒരാള്‍ കൂടിയുണ്ട്- ആന്‍.
A Famous Brocken Heart എന്ന നോവലിലൂടെ പ്രശസ്തയായിരുന്നു ആന്‍ ഡ്രുയാന്‍. ടെലിവിഷന്‍ സിനിമകള്‍ക്ക് അവരെഴുതിയ തിരക്കഥകള്‍ കാലിഫോര്‍ണിയയില്‍ ആ രംഗത്ത് പുതിയൊരു രചനാരീതി തന്നെ സൃഷ്ടിച്ചിരുന്നു. ‘വോയേജര്‍' ദൗത്യത്തിന്റെ കലാസംവിധായികമായി എത്തിയപ്പോഴാണ് സാഗനെ ആന്‍ പരിചയപ്പെടുന്നത്. വോയേജറില്‍ വിദൂരഗോളങ്ങളിലേക്ക് അയക്കാനുള്ള ചിത്രങ്ങളും സംഗീതവും തയാറാക്കുന്നത് ആനാണ്. ആകാശത്തിന്റെ ആഴങ്ങളിലേക്കുള്ള മനുഷ്യസന്ദേശം. അതിന്റെ ഭാവനക്കുപിന്നിലെ മനസ്സിനോട് സാഗന്‍ അടുത്തതോ അതോ മറിച്ചോ?
‘‘ഒരു ദിവസം ആന്‍ വിളിക്കുന്നു. ഒരുപാട് തേടിത്തേടി ഒടുവില്‍ 2500 വര്‍ഷം മുമ്പത്തെ ഒരു ചൈനീസ് ഗാനം കിട്ടി- Flowering Stream. വോയേജറിനുവേണ്ടി അവര്‍ തേടിനടന്ന ഈണം. അതുകേട്ട നിമിഷം ഞങ്ങള്‍ ഒന്നായി. പിന്നെ ഒന്നിച്ചുള്ള ജീവിതം.''
- ഒരു ഗ്രഹവും ഒരു യുഗവും പങ്കിട്ട്... അതങ്ങനെ നീങ്ങി.
ബിഗ് ബാംഗായിരുന്നു മറ്റൊരു അഭിരതി. അത് ഒരുപാട് തര്‍ക്കവിതര്‍ക്കങ്ങളില്‍ കൊണ്ടെത്തിച്ചു. എന്തായിരുന്നു ആ സിദ്ധാന്തപ്രണയത്തിനുപിന്നില്‍?

‘‘ഒന്നാമത്, ലോകം നിമിഷംപ്രതി വികസിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്രവ്യൂഹങ്ങള്‍ പരസ്പരം അകലുന്നു. പിന്നോട്ട് ചിന്തിച്ചുനോക്കൂ, ഇതിനര്‍ഥം അവയെല്ലാം ഒരേ ബിന്ദുവില്‍നിന്ന് ആരംഭിച്ചെന്നല്ലേ?. ആ ഉല്‍പ്പത്തി മുഹൂര്‍ത്തത്തിന്റെ സ്‌ഫോടനാവശിഷ്ടങ്ങള്‍ പ്രപഞ്ചത്തില്‍ ചിതറിക്കിടക്കുന്നുണ്ട്- ലീനമായ വീചികള്‍. ജീവികളെപ്പോലെ പ്രപഞ്ചത്തിനുമുണ്ട് പരിണാമം. ജീവികളുടെ ഫോസിലുകള്‍ പോലെ പ്രപഞ്ചവും ശേഷിപ്പിക്കുന്നുണ്ട് അതിന്റെ ഫോസിലുകള്‍. 1962ല്‍ അത്തരമൊരു ഫോസില്‍ കണ്ടെത്തി, ഭൗതികശാസ്ത്രജ്ഞന്‍ അര്‍നോ പെന്‍സിയാസ്. അതായത്, ബിഗ് ബാംഗിന്റെ തരംഗങ്ങളിലൊന്ന്...''
ബിഗ് ബാംഗിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ സാഗന്‍ പതിവും കടന്ന് വാചാലനാകും. കുസൃതിച്ചോദ്യങ്ങള്‍ക്കൊന്നും തടുക്കാനാകില്ല ആ പ്രവാഹത്തെ. ഉദാഹരണത്തിന്, ഒരൊറ്റ ബിന്ദുവില്‍നിന്ന് തുടങ്ങിയെങ്കില്‍ അതിനുതൊട്ടുമുമ്പ് എന്തായിരുന്നു?
‘‘... ബിഗ് ബാംഗിനുമുമ്പ് എന്തായിരുന്നെന്ന ചോദ്യമുന്നയിക്കുന്നത് നമ്മുടെ സമയബോധത്തില്‍ നിന്നാണ്. അതുകൊണ്ട് എന്താണീ സമയം എന്ന് ആദ്യമറിയണം. നമ്മള്‍ സമയമളക്കുന്ന ഏറ്റവും ചെറിയ മാപിനിയാണല്ലോ കൈത്തണ്ടയിലെ വാച്ച്. അതില്‍ 360 ഡിഗ്രിയില്‍ ഒരു പല്‍ച്ചക്രം കറങ്ങുന്നു. ആ കറക്കത്തിന്റെ ഓരോ ഡിഗ്രിയുമാണ് ഒരു സെക്കന്‍ഡ്. ഇങ്ങനെ ഒരു വട്ടം പൂര്‍ത്തിയാക്കുമ്പോള്‍ 60 സെക്കന്‍ഡ് അഥവാ ഒരു മിനിറ്റ് എന്നു കണക്കാക്കുന്നു.
മറ്റൊരു സമയമാപിനിയാണ് ഭൂമി. അതിന് സ്വന്തം അച്ചുതണ്ടില്‍ ഒരു വട്ടം കറങ്ങിവരാന്‍ എടുക്കുന്ന സമയമാണ് ഒരു ദിവസം. സൂര്യനെ ഒരുവട്ടം ചുറ്റിവരാനെടുക്കുന്നതിനെ ഒരു വര്‍ഷം എന്നും പറയും. ഈ രണ്ടു മാപിനിയിലും സംഭവിക്കുന്നത് എന്താണ്? പല്‍ച്ചക്രവും ഭൂമിയും പദാര്‍ഥങ്ങളാണ് (matter). അവയുടെ ഭ്രമണം ചലനമാണ് (movement). രണ്ടും ഭ്രമിക്കുന്നത് സ്ഥലാകാശത്താണ് (space). എന്നുവെച്ചാല്‍, പദാര്‍ഥം സ്‌പെയ്‌സില്‍ ചലിക്കുന്നതിന്റെ ക്രമത്തെയാണ് സമയം എന്നു നമ്മള്‍ പറയുന്നത്. ഇപ്പറയുന്ന പദാര്‍ഥവും സ്ഥലാകാശവും ഉണ്ടാവുന്നത് ബിഗ് ബാംഗോടെയാണ്. പദാര്‍ഥ ചലനമുണ്ടാകുന്നതും അതോടെയാണ്. സമയം ഉണ്ടായിത്തുടങ്ങിയതുതന്നെ അന്നേരം മാത്രമാണ്. അപ്പോള്‍, അതിനുമുമ്പ് എന്ന ചോദ്യം തന്നെ അസംബന്ധമാകുന്നു. ബിഗ് ബാംഗില്ലെങ്കില്‍ സമയം എന്നൊന്നില്ല.''

ഇതൊക്കെ കേട്ടാല്‍ ഹ്യൂ എവ്‌റെറ്റിനും സ്ട്രിംഗ് തിയറിക്കും പതിനൊന്നാം ഡയമെന്‍ഷനും പരലോകത്തുപോലും സ്വസ്ഥി കിട്ടില്ല. എവ്‌റെറ്റിന്റെ സിദ്ധാന്തത്തെപ്പറ്റി അന്ന് ഒന്നും ചോദിച്ചതുമില്ല. ചോദിച്ചിരുന്നെങ്കില്‍ ബിഗ് ബാംഗിന്റെ കാമുകന്‍ അതിനും നല്‍കിയേനേ സൂചിമുനയില്‍ കോര്‍ത്ത ഉത്തരം.
മനസ്സിന്റെ ഓരോ തനുവും തൊട്ടുണര്‍ത്തി പ്രഹ്ലാദഭരിതമാക്കുന്ന സംഭാഷണത്തില്‍ ഉച്ചവെയിലിലെ കാര്‍മേഘപാളി പോലെ ലീനമായ ഒരു നിഴല്‍ കൂടി പരന്നിരുന്നു. മനുഷ്യവംശത്തിന്റെ അസ്തമയ സാധ്യത, അതിലുപരി, സാഗന്‍ ഭാഷയില്‍ പറഞ്ഞാല്‍ മനുഷ്യന്റെ great demotion. ഭൂമിയുടെ ഭാവിയെപ്പറ്റി ഉല്‍ക്കണ്ഠ കൂടിക്കൂടി വന്ന അന്വേഷിയുടെ വിറയാര്‍ന്ന അവരോഹണസ്വരം പോലെ അത് ഇന്നും മനസ്സിലുണ്ട്: ‘‘മനുഷ്യന്‍ കഴിയുന്നത് പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലല്ല. മതങ്ങള്‍ പറയുമ്പോലെ സൃഷ്ടിയുടെ ഉദ്ദേശ്യവും അതല്ല. പ്രപഞ്ചത്തിന്റെ ഏര്‍പ്പാടുകളില്‍ ഭൂമിക്ക് വലിയ കാര്യമൊന്നുമില്ല. പരമശക്തനായ ഏതെങ്കിലും പരിശുദ്ധാത്മാവ് തെരഞ്ഞെടുത്ത സ്ഥലവുമല്ലിത്. സങ്കീര്‍ണമായ ഒരു ജൈവ മണ്ഡലത്തില്‍ പരിണാമപരമായ ഒരൊറ്റ തിരിവ്. ദീര്‍ഘമായ നാച്ചുറല്‍ സെലക്ഷന്റെ അസ്വസ്ഥമായ പ്രക്രിയ വഴി രൂപപ്പെട്ട ഒരിടം മാത്രമാണിത്. മറ്റെവിടെയെങ്കിലും ജീവികളുണ്ടെങ്കില്‍ അവ നമ്മേക്കാള്‍ വികസിതമായിരിക്കും, നമുക്കുമുമ്പേ പോയവര്‍.''
മനുഷ്യന്റെ ഈ അതിസാധാരണത്വത്തെ സാഗന്‍ വിളിച്ചത് മീഡിയോക്രിറ്റി പ്രിന്‍സിപ്പള്‍ എന്നാണ്. ഭൂമിയുടെ നിസ്സാരതക്ക് പ്രത്യേകിച്ചൊരു മാമോദീസ നല്‍കിയതുമില്ല. വേദനയുളവാക്കുന്ന താഴ്മയാണിത്. മനുഷ്യകേന്ദ്രിതവും ഭൂകേന്ദ്രിതവുമായ ചിന്തകളെ അപ്പാടെ നിലംപരിശാക്കുന്ന ഒന്ന്. സാര്‍ഥകമായ ഒരു ടിപ്പണി കൂടിയുണ്ട്:
‘‘പ്രപഞ്ചഗതിയില്‍ ഭൂമി രണ്ടുമൂവായിരം വര്‍ഷങ്ങള്‍ കൂടി മാത്രമേ ജീവിക്കൂ. അത്ര തന്നെ ആയുസ്സുണ്ടാവണമെന്നുമില്ല. മനുഷ്യ പ്രവൃത്തികളുടെ ഫലമായി ഒരകാല മരണം സംഭവിച്ചെന്നും വരാം. നമ്മള്‍ പരിസ്ഥിതി നശിപ്പിക്കുന്നു, ആണവായുധങ്ങള്‍ സൃഷ്ടിക്കുന്നു. ഹിമയുഗത്തില്‍നിന്ന് ഇരുപതാം നൂറ്റാണ്ടുവരെയുള്ള ദീര്‍ഘകാലത്ത് താപനില വര്‍ധിച്ചത് എട്ടു ഡിഗ്രിയാണ്. കഴിഞ്ഞ 100 കൊല്ലത്തിനിടയില്‍ മാത്രം കൂടിയത് നാലു ഡിഗ്രി. അതാണ് മനുഷ്യന്റ സംഭാവന. ഇതിനൊന്നും ഒരു ദേശീയ പരിഹാരവുമില്ല. കാര്‍ബണ്‍ ഡയോക്‌സൈഡ് തന്മാത്രക്ക് സഞ്ചരിക്കാന്‍ ഒരു ഭരണകൂടത്തിന്റെയും പാസ്‌പോര്‍ട്ട് ആവശ്യമില്ല.''
- ഒരു പോംവഴി?
‘‘രാഷ്ട്രീയാധികാരം രാഷ്ട്രീയക്കാരില്‍നിന്നെടുത്ത് തിരിച്ചറിവുള്ള ശാസ്ത്രജ്ഞര്‍ക്കു കൈമാറുക. ശാസ്ത്രത്തിനുമാത്രമേ ഇനിയുള്ള കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയൂ. ശാസ്ത്രം പറയുന്നതുകേള്‍ക്കാന ജനങ്ങള്‍ തയാറാകണം. ഇതൊരു ഉട്ടോപ്യയാണെന്നത് മറ്റൊരു കാര്യം.''

പറഞ്ഞുപറഞ്ഞ് സാഗന്‍ അശുഭാപ്തിയുടെ ഇരുളിലേക്ക് നീങ്ങുകയാണോ. സംശയം മറച്ചുവെച്ചില്ല.
മറുപടി പതിവുപോലെ സത്വരമായിരുന്നു: ‘‘20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യയിലെ ഒരു സ്‌കൂള്‍ മാസ്റ്ററായിരുന്നു കോണ്‍സ്റ്റാൻറിന്‍ സിയോള്‍കോവ്‌സ്‌കി. സ്വയം പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ മനുഷ്യരെ പഠിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ചില കുറിപ്പുകള്‍ ലോകത്തിനു നല്‍കി. അവയില്‍ ചിലതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് റോക്കറ്റ് പ്രൊപ്പല്‍ഷനും ബഹിരാകാശ യാത്രയുമൊക്കെ തയാറാക്കപ്പെട്ടത്. ആ പഴയ അധ്യാപകന്റെ കുറിപ്പുകളില്‍ ഒരു ഭാഗമുണ്ട്. അത് ഇങ്ങനെയാണ്: ഭൂമി, മനുഷ്യന്റെ തൊട്ടില്‍ തന്നെയാണ്. എന്നുവെച്ച് തൊട്ടിലില്‍ സ്ഥിരമായി കഴിഞ്ഞുകൂടാ.''
അശുഭാപ്തിയുടെ ലാഞ്ചനയെക്കുറിച്ച ചോദ്യം സാഗനെ അതിവേഗം കൊണ്ടെത്തിച്ചത് ശുഭാപ്തി വിശ്വാസത്തിന്റെ പരമ്പരാഗത മനുഷ്യമേടകളിലാണ്- മതങ്ങളും ക്രിയേഷനിസവും ഇന്റലിജന്റ് ഡിസൈനും ഒക്കെത്തന്നെ.
‘‘മനുഷ്യന് സൗഖ്യം തരുന്ന കാര്യങ്ങള്‍ പ്രകാരമാണ് പ്രപഞ്ചസത്യങ്ങള്‍ എന്ന് വാശിപിടിക്കുമ്പോഴാണ് മതസങ്കല്‍പ്പങ്ങളും ക്രിയേഷനിസവും പോലുള്ള ബാലിശതകള്‍ തലയുയര്‍ത്തുക. അതെല്ലാം നമ്മെ തൊട്ടിലില്‍ത്തന്നെ തളച്ചിടുന്നു. തൊട്ടിലിന്റെ ഉല്‍പ്പന്നമല്ല ശാസ്ത്രം. അതിന്റെ മുന്നേറ്റത്തിന് ഈ തൊട്ടില്‍ മനോഭാവം തടസ്സമുണ്ടാക്കുന്നുണ്ട്. തടസ്സമുണ്ടാവുന്നു എന്നതുകൊണ്ട് സത്യങ്ങള്‍ സത്യമല്ലാതാവുന്നില്ല- ശാസ്ത്രം കണ്ടെത്തുന്ന സത്യങ്ങള്‍. അപ്പോഴും തൊട്ടിലില്‍ തന്നെ കിടക്കണമെന്ന് ശാഠ്യം പിടിച്ചാല്‍ എന്തുചെയ്യും?''
‘‘സ്വര്‍ഗത്തേക്ക് എത്ര ദൂരമുണ്ട്, പ്രൊഫസര്‍?''
‘‘പ്രപഞ്ചത്തില്‍ 10 ബില്യന്‍ പ്രകാശവര്‍ഷങ്ങളുടെ ദൂരം വരെ ശാസ്ത്രം ഇതുവരെ പോയിനോക്കിയിട്ടുണ്ട്. അവിടെയെങ്ങും ക്രൈസ്തവ സ്വര്‍ഗം പോലെന്ന് കണ്ടെത്തിയിട്ടില്ല. താങ്കള്‍ക്ക് ശ്രമിച്ചുനോക്കാം.’’
സിയോള്‍കോവ്‌സ്‌കിയുടെ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നില്ല സാഗന്‍, ഉരുവിടുമ്പോലെ മന്ത്രിക്കുകയായിരുന്നു. അതൊരു അവബോധത്തിന്റെ ധ്വനിയായിരുന്നു. പ്രപഞ്ചത്തിന്റെ കേവലമൊരു അംശബിന്ദു മാത്രമാണ് മനുഷ്യനും ഭൂമിയുമൊക്കെ എന്ന തിരിച്ചറിവ്. അതില്‍ നിന്നാണ് പ്രപഞ്ചതീരങ്ങള്‍ തേടിയുള്ള മുഴുവന്‍ അന്വേഷണങ്ങളുടെയും പിറവി. We are Stat` Stuff. We came from them. Hence we long to go for them. കുറിച്ച വാക്ക് സാഗന്‍ പാലിച്ചു. ബ്രൂക്‌ലിനിലെ നക്ഷത്ര കുതുകിയായ കുസൃതിച്ചെക്കനില്‍നിന്ന് താരാപഥങ്ങളില്‍ മനസ്സെറിഞ്ഞ സഞ്ചാരിയിലേക്ക്. ഒടുക്കം, 62ാം വയസ്സില്‍ നക്ഷത്രങ്ങളിലേക്കുള്ള മടക്കം. നിമിത്തമായത് myelodysplasia. രക്തകോശങ്ങള്‍ നിര്‍മിക്കുന്ന മജ്ജയുടെ വികൃതി. പെങ്ങളുടെ മജ്ജ കൈപ്പറ്റിയുള്ള മൂന്ന് ശസ്ത്രക്രിയകള്‍. മൂന്നാമൂഴത്തില്‍ അവസാനം.

രോഗം തിരിച്ചറിഞ്ഞ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍. അതുമൊരു പ്രോജക്റ്റാക്കി, സാഗന്‍. അന്ന് വൈദ്യശാസ്ത്രം ഒട്ടൊരു ഇരുട്ടില്‍ തപ്പിയിരുന്ന ഈ മജ്ജരോഗത്തിന്റെ വ്യാകരണങ്ങളിലേക്ക് രോഗി തന്നെയിറങ്ങി. കിട്ടിയ ധാരണകളത്രയും ലോകത്തിനുപകര്‍ന്നു. ക്രോമസോമിന്റെ അടരുകളിലെവിടെയോ ഒളിയുന്ന അതിന്റെ മൂലഹേതു, അവഗണിക്കപ്പെടാവുന്ന ബാഹ്യലക്ഷണങ്ങള്‍, ഭാവിയില്‍ കണ്ടെത്തിയേക്കാവുന്ന പോംവഴികള്‍ക്കുള്ള പാഥേയം. ഒന്നും വ്യക്തിപരമായി തനിക്കുതകില്ലെന്ന് അറിഞ്ഞുതന്നെയുള്ള ബോധപ്രചാരണം. തനി സാഗന്‍ശൈലിയില്‍ തന്നെ.
മരണത്തിന് മുഖാമുഖം നില്‍ക്കെയും സാഗനിലെ ശാസ്ത്രകാരന്‍ കടുകിടെ കുലുങ്ങിയില്ല. അവസാന നാളുകളില്‍ ഒരു കത്തിന്റെ രൂപത്തില്‍ ഏതോ ‘വിശ്വാസി' കാട്ടിയ ഒരു കന്നന്തിരിവുമുണ്ടായി, ശാസ്ത്രജ്ഞനും മരണമുഖത്ത് ദൈവത്തെ വിളിച്ചുപോകുമെന്ന വിചാരത്താല്‍:
‘‘സ്വര്‍ഗത്തേക്ക് എത്ര ദൂരമുണ്ട്, പ്രൊഫസര്‍?''
നൂറുകണക്കിന് ലക്കോട്ടുകള്‍ക്ക് മടിയാതെ, മുടങ്ങാതെ നിത്യം മറുകുറി അയക്കുന്നയാള്‍ മനസു കുറിച്ചു: പ്രപഞ്ചത്തില്‍ 10 ബില്യന്‍ പ്രകാശവര്‍ഷങ്ങളുടെ ദൂരം വരെ ശാസ്ത്രം ഇതുവരെ പോയിനോക്കിയിട്ടുണ്ട്. അവിടെയെങ്ങും ക്രൈസ്തവ സ്വര്‍ഗം പോലെന്ന് കണ്ടെത്തിയിട്ടില്ല. താങ്കള്‍ക്ക് ശ്രമിച്ചുനോക്കാം. ആശംസകളോടെ, കാള്‍ സാഗന്‍.
ശിഷ്ടം...
വാനശാസ്ത്രത്തിന്റെ പൂമഴക്കാലത്താണ് കാള്‍ സാഗന്റെ ജീവിതം. സാഗന്റെ ലാവണ്യചേതന മനുഷ്യരാശിയെ പ്രചോദിപ്പിച്ചതില്‍ ഈ അന്തരീക്ഷത്തിന്റെ പങ്ക് നിര്‍ണായകമാണ്. പിന്നീട് പക്ഷേ ഗവേഷണങ്ങളുടെ ദിശ രണസങ്കീര്‍ണ്ണമാവുന്നതാണ് കണ്ടത്. ജ്യോതിശാസ്ത്ര ചരിത്രത്തിന്റെ കാവല്‍മുത്തശ്ശിയായ വെര്‍ജീനിയ ട്രിംബിള്‍ പറഞ്ഞപോലെ, People don't do stars anymore. പകരം പുതിയ ആവേശങ്ങളുടെ വരവായി- പ്രാഗ് പ്രപഞ്ചം, ആദിമവീചികള്‍, എക്‌സോ, പ്ലാനെറ്റ്, ഫാസ്റ്റ് റേഡിയോ ട്രാന്‍സിയൻറ്.... ഇതേസമയം ശാസ്ത്രത്തിന്റെ മുഖ്യധാര ബിഗ് ബാംഗില്‍ത്തന്നെ നങ്കൂരമിട്ടു. വിമതഗണം ബദല്‍ മാതൃകകള്‍ പലതുണ്ടാക്കി. പുതിയൊരു തര്‍ക്കമുഖം തുറക്കപ്പെട്ടു.

അരനൂറ്റാണ്ടുമുമ്പ് കോസ്മിക്മൈക്രോവേവ് ബാക്ഗ്രൗണ്ട് റേഡിയേഷന്‍ (CMBR) ആദ്യമായി കണ്ടെത്തിയതോടെയാണ് സാഗന്റെ പ്രിയപ്പെട്ട ബിഗ്ബാംഗ് സിദ്ധാന്തം അരങ്ങുപിടിച്ചത്. 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ മുമ്പുണ്ടായതായി കരുതപ്പെടുന്ന ആ പ്രണവസ്‌ഫോടനത്തിന്റെ തരംഗവീചികള്‍ പ്രപഞ്ചമെങ്ങും ലീനമായി പടരുകയാണ്- സദാ വികസിക്കുന്ന പ്രപഞ്ചമാകെ. ബിഗ്ബാംഗിന്റെ ഈ ‘മാറ്റൊലി' പക്ഷെ ആ സിദ്ധാന്തത്തിന്റെ പല പ്രവചനങ്ങളോടും യോജിക്കുന്നില്ലെന്നാണ് പ്രതിയോഗിപക്ഷം. ഉദാഹരണത്തിന് പ്ലാസ്മാ ഫിസിക്‌സിലെ പ്രമുഖന്‍ എറിക് ലെര്‍നര്‍. സിദ്ധാന്തത്തിന്റെ ആന്തരികപ്രതിസന്ധിക്ക് പോംവഴിയായി ഡാര്‍ക് മാറ്ററും ഡാര്‍ക് എനര്‍ജിയും പോലുള്ള വിചിത്ര കല്‍പനകള്‍ കൊണ്ടുവരേണ്ടിവരുന്നെന്ന് അദ്ദേഹം പരിഹസിക്കുന്നു. മുഖ്യമായും നാലു പ്രശ്‌നങ്ങളാണ് ഈ പ്രബല സിദ്ധാന്തത്തിന് നേര്‍ക്ക് ഉന്നയിക്കപ്പെടുന്നത്.
ഒന്ന്, ബിഗ് ബാംഗ് അംഗീകരിച്ചാല്‍, പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തിലെ 96 ശതമാനവും ഇന്നും അജ്ഞാതമാണെന്നു സമ്മതിക്കേണ്ടിവരുന്നു. അപ്പോഴാണ് ദൃശ്യപ്രപഞ്ചവും അദൃശ്യപദാര്‍ത്ഥങ്ങളും ഡാര്‍ക് എനര്‍ജിയുമൊക്കെ പറയേണ്ടിവരുന്നത്.
രണ്ട്, ഇതില്‍ പദാര്‍ത്ഥവും പ്രതിപദാര്‍ത്ഥവും (anti matter) തമ്മിലുള്ള അസന്തുലിതത്വം വിശദീകരിക്കാന്‍ കഴിയുന്നില്ല.
മൂന്ന്, ഈ പ്രപഞ്ചമാതൃകയില്‍ അധ്യാരോപം ചെയ്യുന്ന ഇന്‍ഫ്‌ളേഷന്റെ പ്രകൃതം.
നാല്, ഈ പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു എന്നു പറയുമ്പോള്‍ ആ വികാസവേഗം തിട്ടപ്പെടുത്തണം. ആദ്യകാലങ്ങളിലെ വേഗമല്ല പില്‍ക്കാലത്തേക്ക്, മാത്രമല്ല വേഗം കൂടിയിരിക്കയാണ്. അതിനര്‍ത്ഥം, ആദ്യകാലങ്ങളില്‍ ഇല്ലാതിരുന്ന ഒരുന്ത് പിന്നീട് കിട്ടുന്നുണ്ട്. എന്താണ് ആ ഉന്തിനു പിന്നില്‍? അത് പിടിയില്ലാത്തതുകൊണ്ട്, രണ്ടു കാലങ്ങളിലെയും വികാസവേഗങ്ങള്‍ക്ക് വൈരുദ്ധ്യമുണ്ട്. ചുരുക്കിയാല്‍, പായസത്തിന്റെ റെസിപ്പിയുണ്ട്, അതുവെച്ച് എന്തു പായസമാണുണ്ടാക്കുന്നതെന്ന് പിടിയില്ല.

ഇതിനിടെ, സ്റ്റീഫന്‍ ഹോക്കിംഗ് ജയിംസ് ഹാര്ട്ടലുമൊത്ത്പുതിയൊരു സിദ്ധാന്തമിറക്കി- തുടക്കവും പരിധിയുമില്ലാത്ത പ്രപഞ്ചം. പത്തുനാല്‍പ്പതുകൊല്ലം അതിനെച്ചൊല്ലിയായി ഗഹനമായ തര്‍ക്കവിതര്‍ക്കങ്ങള്‍. അത്രയ്ക്കും ശാസ്ത്രജ്ഞരെ പ്രകോപിപ്പിക്കുന്ന ആശയമായിരുന്നു സംഗതി. ഒടുവില്‍ ഒടുവില്‍ നീല്‍ ട്യൂറോയും കൂട്ടരും പുതിയ ഗണിതസങ്കേതം വച്ച് പരിശോധിച്ചു- 2017ല്‍. അപ്പോള്‍ ബോധ്യമായി, ഇപ്പറഞ്ഞമാതിരിയുള്ള പ്രപഞ്ചം ക്വാണ്ടം മെക്കാനിക്കലായി തുടങ്ങാനേ പറ്റില്ലെന്ന്. ഹോക്കിംഗിന്റെ പല നിഗമനങ്ങളും പോലെ ഇതുമൊരു ഭാവനമാത്രം.
ബൗണ്‍സിംഗ് കോസ്‌മോളജിക്കല്‍ മോഡല്‍, ഇലക്ട്രിക് യൂണിവേഴ്‌സ് തിയറി, ബ്ലാക് ഹോള്‍ ഒറിജിനല്‍ തിയറി എന്നുവേണ്ട സിമുലേഷന്‍ തിയറി വരെ ഉല്പത്തിക്കുമേല്‍ പല സിദ്ധാന്തങ്ങളുമിറങ്ങി. മറ്റൊരു പ്രപഞ്ചത്തിലെ ഏതോ തമോഗര്‍ത്തത്തില്‍ നിന്ന് പുറത്തായിപ്പോയ ഒന്നാണ് നമ്മുടെയീ പ്രപഞ്ചം എന്നുകേട്ടാല്‍ എന്തുതോന്നും? അതാണ് ബ്ലാക് ഹോള്‍ ഒറിജിനല്‍ തിയറി. സിലിക്കണ്‍ വാലിശിരസുകള്‍ക്ക് ബഹുപഥ്യമാകുന്ന ഭാവനാവിലാസമാണ് സിമുലേഷന്‍ തിയറി. പറഞ്ഞുവന്നാല്‍, ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ വിത്താണ് പ്രപഞ്ചം എന്നാകും.

മറ്റൊരു വിഖ്യാത ശ്രമമാണ് മള്‍ട്ടിവേഴ്‌സ്. നിക്കൊഡോം പൊപ്ലാസ്‌കിയാണ് (Nikodem Popławski) ആദി പിതാവ്. നമ്മുടേത് പല പ്രപഞ്ചങ്ങളിലൊന്നു മാത്രമാണെന്ന് ഈ സിദ്ധാന്തക്കാര്‍ പറയുന്നു. അവരില്‍ത്തന്നെ പല വിഭാഗങ്ങളുണ്ട്. ബ്ലാക് ഹോള്‍ ഒറിജിന്‍ കഥ പറഞ്ഞല്ലോ. ഹ്യൂ എവ്‌റെറ്റ് തുടക്കമിട്ട സ്ട്രിംഗ് തിയറിയാണ് കൂടുതല്‍ ആലോചനാമൃതം. നാലിലേറെ മാനങ്ങളും അതിനപ്പുറത്തെ സങ്കീര്‍ണ്ണതയുമൊക്കെ വിട്ട് ലളിതമാക്കിയാല്‍, ഒരു പരവതാനി കുടഞ്ഞുവിരിക്കുമ്പോള്‍ ഉണ്ടാകുന്ന നിമ്‌നോന്നതികളുണ്ടല്ലോ- അതോരോന്നും ഓരോ പ്രപഞ്ചങ്ങളാണെന്നു സങ്കല്പിച്ചാലോ? സ്ട്രിംഗ് തിയറി അങ്ങനെ ചുരുക്കാം. പരീക്ഷണത്തെളിവൊന്നുമില്ല. പക്ഷെ കൊണ്ടുപിടിച്ച പണി അനേകം പേര്‍ തുടരുകതന്നെയാണ്.
ശാസ്ത്രത്തിന്റെ മുഖ്യധാര ഇതെല്ലാം അവഗണിക്കുന്നുണ്ട്. ബിംഗ്ബാംഗാണ് ശരി, അതിന്റെ അയഞ്ഞ ചരടുകള്‍ ഒന്നുകൂടി മുറുക്കിയാല്‍ മാത്രം മതിയെന്നാണ് ഇഷ്ടന്മാരുടെ നിലപാട്. അതിനുള്ള പണിയെടുക്കുമ്പോൾ തന്നെ പുതിയ എടങ്ങേറുകള്‍ മുഖം കാട്ടുന്നു. ഉദാഹരണമായി, ഏഴുകൊല്ലം മുമ്പ് ഗായിയ ടെലിസ്‌കോപ്പ് വന്നു. ഗാലക്‌സികള്‍ വികസിക്കുന്ന അഥവാ അകലുന്ന വേഗത്തോത് ഈ യന്ത്രം കണ്ടത് സെക്കന്റില്‍ 67 കിലോമീറ്റര്‍ എന്നാണ്. വാസ്തവത്തിലുള്ള വേഗം ഇതിലും കൂടുതലാണ്. ഡാര്‍ക് എനര്‍ജിയുടെ ഉപജ്ഞാതാവ് ആദം റീസും കൂട്ടരും സംഗതി 73.2 കിലോമീറ്റര്‍/ സെക്കൻറ് എന്ന് കുറച്ചെടുത്തു. അപ്പോള്‍ ടെലസ്‌കോപ്പില്‍ കണ്ടതിനോട് അത്യാവശ്യം അടുത്തായി. പ്രപഞ്ചത്തിന്റെ ചൊട്ടയിലെ വികാസശീലമല്ല ആധുനികകാലത്ത്. അതാണ് തലവേദന.

മുമ്പു കരുതിയിരുന്നതിലും നേര്‍ത്തതാണ് പ്രപഞ്ചം എന്ന് അടുത്തിടെ കാനഡയിലെ വാനശാസ്ത്രജ്ഞന്‍ മൈക്കല്‍ ഹഡ്‌സന്‍ കണക്കാക്കുന്നു. ഇടക്കിടെ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഉരുപ്പടിയാണിതെന്ന് ചാക്രിക പ്രപഞ്ച സിദ്ധാന്തവുമായി വരുന്നു, വിഖ്യാതനായ പോള്‍ സ്റ്റൈയ്ന്‍ഹാര്‍ട്ടും മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൂട്ടുകാരി അന്ന ഇജാസും. ചുരുങ്ങിപ്പോവുമ്പോഴും തകര്‍ന്നുപോകാതെ സ്വയം പുനരുദ്ധരിക്കുന്ന ഈ വിശിഷ്ടസ്വത്വത്തിന് അവരിട്ട വിളിപ്പേരിങ്ങനെ: Ekpyrotic Universe.
ഈ തീപിടിച്ച സംവാദങ്ങള്‍ക്കിടയിലാണ് ഇറ്റലിയിലെ കാലിഗരി ആസ്ട്രോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫെഡറിക് ഗൊവേനി ചൂണ്ടിപ്പറഞ്ഞത്- ഗോളങ്ങള്‍ക്കുള്ളിലും ചുറ്റിലും, ഗാലക്സികള്‍ക്കിടയിലെ ആകാശങ്ങളിലുമുണ്ട് അദൃശ്യമായ കാന്തമണ്ഡലങ്ങള്‍. കഴിഞ്ഞ 20 കൊല്ലമായി ആ വഴിയ്ക്കും ഗവേഷണങ്ങള്‍ കൊണ്ടുപിടിച്ചു. അങ്ങനെയാണ് പ്രപഞ്ചവലയില്‍ 10 ബില്യണ്‍ പ്രകാശവര്‍ഷങ്ങളോളം സ്ഥലത്ത് ഒരു ഫിലമെൻറ് പോലെ കാന്തികമണ്ഡലം കിടക്കുന്നത് കണ്ടെത്തുന്നത്. ഇതിലുമേറെയുണ്ടെന്നുവരാം. ഇതും പിറന്നത് ബിഗ് ബാംഗില്‍നിന്നാണോ? എങ്കില്‍ "ഹബ്ള്‍ ടെന്‍ഷന'ടക്കം നിലവിലുള്ള ചൂടന്‍ തര്‍ക്കങ്ങള്‍ക്കു വിരാമമിടാം, ബിഗ് ബാംഗ് സിദ്ധാന്തം ഉറപ്പിച്ചെടുക്കാം. (പ്രപഞ്ച വികാസത്തിന്റെ തോത് സംബന്ധിച്ച് മുമ്പ് സൂചിപ്പിച്ച പൊരത്തക്കേടാണ്, ലളിതമായി പറഞ്ഞാല്‍, ഹബ്ള്‍ ടെന്‍ഷന്‍).

ഉല്‍പ്പത്തിക്കഥകള്‍ അങ്ങനെ പുരോഗമിക്കുമ്പോള്‍ അതാ നില്‍ക്കുന്നു, കാത്തി മാക്. ഏറക്കുറെ ഏകാന്തയായ ഈ വാനശാസ്ത്രജ്ഞ മനസര്‍പ്പിക്കുന്നത് പ്രപഞ്ചവിനാശത്തിലാണ്. താപമൃതിയിലേക്കാണ് പ്രപഞ്ചഗതി- Heat death. നിലവിലുള്ള പ്രപഞ്ചവികാസമാണ് പ്രതി. ഗുരുത്വബലമുള്ള ഗോളങ്ങളും വ്യൂഹങ്ങളും പരസ്പരം അകന്നകന്ന് ഒടുവില്‍ ഒറ്റയൊന്നുകളാകുന്നു. അതോടെ പിന്നെ പുതിയ നക്ഷത്രങ്ങള്‍ ഉയിരെടുക്കാതെയാകും, നിലവിലുള്ളവ എരിഞ്ഞുതീരും. ചൂടേറ്റ് തമോഗര്‍ത്തങ്ങള്‍ ആവിയാകും. എന്‍ട്രോപി കൂടിക്കൂടി ഒടുക്കം ഈ പ്രപഞ്ചം അല്ലറചില്ലറ വിചിത്രപദാര്‍ഥരൂപങ്ങളും വികിരണങ്ങളും മാത്രമായി ശിഥിലമാകും. ‘ഫാന്റം ഡാര്‍ക് എനര്‍ജി' എന്ന് കാത്തി പറയും- ഊര്‍ജ്ജസാന്ദ്രത അസ്ഥിരമായ അമ്മാതിരി ഊര്‍ജ്ജമുണ്ടാകുന്നത്, സാന്ദ്രത കൂടുമ്പോഴാണ്. അപ്പോള്‍, പ്രപഞ്ചം ഭീകരമായി തകരുന്നു.
ഇങ്ങനെ, ഫാന്റവും മാന്‍ഡ്രേക്കും ലോതറുമെല്ലാം എട്ടിന്റെ പണി (ആ ടൂണ്‍കഥയിലെ സിക്രട്ട് കോഡും എട്ട് എന്ന അക്കമാണ്) പരസ്പരം കൊടുക്കുന്ന കുരുക്ഷേത്രഭൂവിലാണ് തല്‍ക്കാലം നമ്മുടെ പ്രപഞ്ചവിജ്ഞാനീയം.
പറ്റിയ കഥാപാത്രം തന്നെ പറയട്ടെ വിദുരവാക്യം, റിച്ചഡ് ഫെയ്ന്‍മാന്‍: We are trying to prove ourselves wrong as quickly as possible, because in that way only Can We find progress.▮