Sunday, 28 November 2021

ഐ.പി.സി.സി. റിപ്പോര്‍ട്ടും കേരളവും


Text Formatted

ലോകം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക്

ഇതുവരെ ഉണ്ടായിട്ടുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ടെസ്റ്റ് ഡോസ് മാത്രമാണെന്നും വരാനിരിക്കുന്നത് കൂടുതല്‍ കഠിനമായ കാലമാണെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഐ.പി.സി.സിയുടെ ആറാം അവലോകന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കാലാവസ്ഥാ സമിതിയുടെ 26-ാമത് സമ്മേളനം ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കെ, കാലാവസ്ഥാമാറ്റത്തെ ഗൗരവമായി കാണേണ്ട സമയം അതിക്രമിച്ചുവെന്നുള്ള മുന്നറിയിപ്പാണ് IPCC റിപ്പോര്‍ട്ട്.
 

Image Full Width
Text Formatted

പ്പോള്‍ ദൃശ്യമാകുന്ന അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങള്‍ കാലാവസ്ഥാശാസ്ത്രത്തെ സംബന്ധിച്ച് അതിശയോക്തിയുള്ളതല്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട അറിവിന്റെ അടിസ്ഥാനത്തില്‍, IPCC (International Panel on Climate  Change) അടുത്തിടെ പുറത്തിറക്കിയ ആറാമത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ (AR6) സ്വാഭാവികമായ പ്രകൃതിവ്യതിയാനങ്ങളുടെ പരിധിയ്ക്കപ്പുറം ഭൂമിയുടെ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ആര്‍ക്കും നിഷേധിക്കാനാവാത്ത വിധത്തില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് കാലാവസ്ഥാവ്യതിയാനം വ്യാപകമാകുകയും ലോകത്തിന്റെ എല്ലാ കോണുകളിലും അതിന്റെ ദൂഷ്യഫലങ്ങള്‍ ദൃശ്യമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍, ഇപ്പോള്‍ കാണുന്ന മാറ്റങ്ങള്‍ ദ്രുതഗതിയിലുള്ളതും തിരിച്ചുപിടിക്കാന്‍ സാധിക്കാത്തതുമാണെന്ന് ആറാം അവലോകന റിപ്പോര്‍ട്ട് സംശയത്തിന് വകയില്ലാത്ത തരത്തില്‍ പറഞ്ഞുവെയ്ക്കുന്നു.

ദ്രുതഗതിയിലുള്ള ആഗോളതാപനത്തെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഇതിനെ പ്രതിരോധിക്കുവാൻ അതതു സമയത്തുള്ള കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള അറിവുകളും മാറ്റത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിലയിരുത്തി  പ്രതികരണ-പ്രതിരോധ നടപടികളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ റിപ്പോർട്ടുകള്‍ (Assessment Report: AR) വയ്ക്കുന്നത് IPCC എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമിതിയാണ്. കാലാവസ്ഥാമാറ്റത്തിന്റെ രൂക്ഷഫലങ്ങള്‍ ഇത്രത്തോളം ദൃശ്യമല്ലാതിരുന്ന കാലത്ത് പുറത്തിറക്കിയ ആദ്യത്തെ വിലയിരുത്തല്‍ റിപ്പോർട്ടിലെ പല നിർദേശങ്ങളും മിക്ക വികസിതരാജ്യങ്ങള്‍ക്കും അന്ന് സ്വീകാര്യമായിരുന്നില്ല.

കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത തരത്തില്‍ അഭൂതപൂര്‍വമായ നിരക്കിലാണ് ഭൂമി ഇപ്പോള്‍ ചൂടാകുന്നത്. അന്തരീക്ഷത്തിലെ കാർബണ്‍ ഡൈഓക്സൈഡിന്റെ സമീപകാല സാന്ദ്രത കഴിഞ്ഞ രണ്ടു ദശലക്ഷം വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 

ഭൂമിയുടെ കാലാവസ്ഥയെ തിരിച്ചുപിടിക്കാന്‍ ആവാത്ത തരത്തില്‍ എത്തിച്ചത് അന്തരീക്ഷത്തിലേക്ക് വർധിച്ചതോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റ് മനുഷ്യനിര്‍മിത ഹരിതഗൃഹവാതകങ്ങളും (GHG) ക്രമാതീതമായി പുറംതള്ളുന്നതുകൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഉപകരണാധിഷ്ഠിതമായ നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് നമ്മുടെ ഗ്രഹത്തിന്റെ ഉപരിതല താപനില വ്യാവസായിക കാലഘട്ടത്തിനു മുന്‍പുള്ള 1850-1900 കാലയളവിലെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 1.1 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിട്ടുണ്ടെന്നാണ്.

sea level
സമുദ്രനിരപ്പ് ഉയരുന്നത് കഴിഞ്ഞ 3000 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗതയിലാണ് / Photo: Flickr

സമീപകാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സമാനതകളില്ലാത്തതാണെന്നതിന് ധാരാളം തെളിവുകളും ആറാം അവലോകന റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത തരത്തില്‍ അഭൂതപൂര്‍വമായ നിരക്കിലാണ് ഭൂമി ഇപ്പോള്‍ ചൂടാകുന്നത്. അന്തരീക്ഷത്തിലെ കാർബണ്‍ ഡൈഓക്സൈഡിന്റെ സമീപകാല സാന്ദ്രത കഴിഞ്ഞ രണ്ടു ദശലക്ഷം വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സമുദ്രനിരപ്പ് ഉയരുന്നത് കഴിഞ്ഞ 3000 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗതയിലും. കഴിഞ്ഞ 2000 വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയുമ്പോള്‍ ഹിമാനികള്‍ അഭൂതപൂര്‍വമായ നിരക്കില്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതായി മനസിലാക്കാം.

മുമ്പത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ആറാമത്തെ റിപ്പോര്‍ട്ട്, മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്നുവെന്നും വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍, വിനാശകരമായ ഇടിമിന്നല്‍ മേഘങ്ങള്‍, മേഘവിസ്‌ഫോടനം തുടങ്ങിയ തീവ്രസംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ അതിശക്തമായ ചുഴലിക്കാറ്റുകളുടെ ആവൃത്തിയും തീവ്രതയും കൂടാന്‍ കാരണമാകുന്നതായും വിലയിരുത്തുന്നു.  

കാലാവസ്ഥാവ്യതിയാനം ഇതിനകം തന്നെ ഭൂമിയിലെ എല്ലാ മേഖലകളെയും പലതരത്തില്‍ ബാധിച്ചിരിക്കുന്നു. 1970കള്‍ മുതല്‍ സമുദ്രത്തിന്റെ ചൂട് വര്‍ധിക്കുന്നതിനും സമുദ്രജലത്തിന്റെ അസിഡിഫിക്കേഷനും സമുദ്രജലത്തിലെ ഓക്‌സിജന്‍ സാന്ദ്രത കുറയുന്നതിനും പ്രധാന കാരണം മനുഷ്യസ്വാധീനമാന്നെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

wildfire
ഉഷ്ണതരംഗങ്ങളും കാട്ടുതീയും അതിരൂക്ഷമാകാന്‍ കാരണം മനുഷ്യപ്രേരിതമായ കാലാവസ്ഥാവ്യതിയാനമാണെന്നാണ്‌ IPCC റിപ്പോര്‍ട്ട് പറയുന്നത്‌ / Photo: Flickr

എല്ലാ അതിതീവ്ര കാലാവസ്ഥാസംഭവങ്ങളെയും നേരിട്ട് കാലാവസ്ഥാവ്യതിയാനവുമായി കൂട്ടികെട്ടുക എന്നുള്ളത് വെല്ലുവിളിയാണ്. എന്നാല്‍, IPCC റിപ്പോര്‍ട്ട് പറയുന്നത്, ആഗോളതാപനത്തിന്റെ ഫലമായി ലോകമെമ്പാടും അരങ്ങേറുന്ന ഉഷ്ണതരംഗങ്ങളുടെയും കാട്ടുതീയുടെയും ആവൃത്തിയും കാഠിന്യവും ഒരുപക്ഷെ, മനുഷ്യപ്രേരിതമായ കാലാവസ്ഥാവ്യതിയാനമില്ലാതെ അസാധ്യമാണെന്നാണ്. ചൂടുള്ള അന്തരീക്ഷത്തില്‍ കൂടുതല്‍ നീരാവി നിലനിര്‍ത്താന്‍ കഴിയും. താപനിലയിലെ ഓരോ ഒരു ഡിഗ്രി വര്‍ധനവിനും അന്തരീക്ഷത്തിലെ ജലസാന്നിധ്യം 7% വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു. ഇത് കനത്ത മഴയ്ക്കും മഴവെള്ളം വേഗത്തില്‍ ഒഴുകി നഷ്ടപ്പെടുന്നതിനും ഇടയാക്കും. മറുവശത്ത്, താപനില വര്‍ധിക്കുന്നതിനോടുള്ള പ്രതികരണമായി ബാഷ്പീകരണം വര്‍ധിക്കുന്നത് വരണ്ട കാലാവസ്ഥയും വരള്‍ച്ചയും വര്‍ധിപ്പിക്കുന്നതിനും ഇടയാക്കും. അതിനാല്‍, ആഗോളതാപനത്തോടുള്ള പ്രതികരണമായി ത്വരിതപ്പെടുത്തിയ ജലചക്രം വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ രണ്ടറ്റങ്ങളിലുമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ആവൃത്തിയും തീവ്രതയും വര്‍ധിപ്പിക്കും എന്ന് മനസിലാക്കാം.

ആഗോളതാപനം മൂലം മണ്‍സൂണ്‍ മഴയുടെ വിതരണത്തിലും മഴയുടെ സ്വഭാവത്തിലും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ദക്ഷിണേഷ്യയില്‍ താമസിക്കുന്ന 400 കോടിയിലധികം ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും.

ജനസംഖ്യാ വളര്‍ച്ച, സാമ്പത്തികവളര്‍ച്ച, വിദ്യാഭ്യാസം, നഗരവല്‍ക്കരണം, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ എന്നിവയുടെ സാമൂഹിക-സാമ്പത്തിക വശങ്ങളുടെ വ്യത്യസ്തതലങ്ങളെ അടിസ്ഥാനമാക്കി, ഗണിതശാസ്ത്ര മാതൃകകളുടെ സഹായത്താല്‍ നമുക്ക് ഭാവിയിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിയും. 

ഭൂമിയുടെ ചൂട് കൂടുന്നതിനനുസരിച്ച്, നമ്മള്‍ അനുഭവിക്കാന്‍ പോകുന്ന അതിതീവ്ര കാലാവസ്ഥാസംഭവങ്ങളുടെ കാഠിന്യം വര്‍ധിക്കാം. പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപനം 1.5 അല്ലെങ്കില്‍ രണ്ട് ഡിഗ്രിയില്‍ താഴെയായി പരിമിതപ്പെടുത്തുന്നത് അത്യന്തം ദുഷ്‌കരമാവും. ഹരിതഗൃഹവാതകകങ്ങള്‍ പുറത്തുവിടുന്നതിന്റെ അളവ് മിതമായി തുടര്‍ന്നാല്‍ പോലും അടുത്ത 40 വര്‍ഷത്തിനുള്ളില്‍ ഈ രണ്ട് താപനപരിധിയും ലംഘിക്കപ്പെട്ടേയ്ക്കാം. അതിനാല്‍, ആഗോളതാപനം പരിമിതപ്പെടുത്താന്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്‌, മീഥെയ്ന്‍, മറ്റ് ഹരിതഗൃഹ വാതകങ്ങള്‍ എന്നിവയില്‍ കാര്യക്ഷമമായി സുസ്ഥിരമായ കുറവ് വരുത്തേണ്ടത് ആഗോളതലത്തില്‍ ആവശ്യമാണ്. ഭാവിയില്‍ നമ്മള്‍ അനുഭവിക്കുവാന്‍ പോകുന്ന കാലാവസ്ഥ ഇപ്പോള്‍ നമ്മളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.

ഇന്ത്യയെ മണ്‍സൂണിന്റെ നാട് എന്നാണ് വിളിക്കുന്നത്. ആഗോളതാപനം മൂലം മണ്‍സൂണ്‍ മഴയുടെ വിതരണത്തിലും മഴയുടെ സ്വഭാവത്തിലും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ദക്ഷിണേഷ്യയില്‍ താമസിക്കുന്ന 400 കോടിയിലധികം ആളുകളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഐ.പി.സി.സി. റിപ്പോര്‍ട്ട് പറയുന്നത്, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മനുഷ്യനിര്‍മിതമായ പൊടിപടലങ്ങളുടെ സ്വാധീനം മൂലം തെക്കുകിഴക്കന്‍ ഏഷ്യന്‍ മണ്‍സൂണ്‍ ദുര്‍ബലമായിട്ടുണ്ടെന്നാണ്. എന്നാല്‍ ഹരിതഗൃഹവാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള പുറന്തള്ളല്‍ മണ്‍സൂണ്‍ പ്രവാഹത്തിന്റെ ശക്തി കൂടുന്നതിന് കാരണമാകുന്നുണ്ട്. ആഗോളതാപനത്തിന്റെ ആഘാതവും മനുഷ്യനിര്‍മിതമായ പൊടിപടലങ്ങളുടെ പ്രതികൂല സ്വാധീനവും കാരണം മണ്‍സൂണിന്റെ വിശ്വസനീയമായ പ്രവചനങ്ങള്‍ ദുഷ്കരമാകുന്നു. 

flood
കൂടുതല്‍ ചൂടുള്ള നീരാവി ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം ചുരുങ്ങിയ കാലയളവില്‍ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകും / Photo: Wikimedia Commons

സമീപഭാവിയില്‍ മണ്‍സൂണ്‍ മഴയിലുണ്ടാകുന്ന വ്യതിയാനം വര്‍ധിക്കുമെന്ന്  IPPC റിപ്പോര്‍ട്ടില്‍ പറയുണ്ട്. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മണ്‍സൂണ്‍ മഴ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, സമീപഭാവിയില്‍ മണ്‍സൂണ്‍ മഴക്കാലം കൂടുതല്‍ ക്രമരഹിതമായിത്തീരും. കൂടുതല്‍ ചൂടുള്ള നീരാവി ഉള്‍ക്കൊള്ളുന്ന അന്തരീക്ഷം ചുരുങ്ങിയ കാലയളവില്‍ അതിതീവ്ര മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകും. ഒപ്പം ചൂടുള്ള വരണ്ട കാലാവസ്ഥ വളരെക്കാലം നീണ്ടുനില്‍ക്കുന്ന കടുത്ത വരള്‍ച്ചയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കും. എന്നിരുന്നാലും ഇത്തരം അതിതീവ്ര കാലാവസ്ഥാസംഭവങ്ങളുടെ ആവൃത്തിയും അവയുണ്ടാകുന്ന സ്ഥലവും മണ്‍സൂണ്‍ പ്രവാഹത്തിന് പ്രാദേശികമായുണ്ടാകുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കും. മണ്‍സൂണ്‍ പ്രവാഹം മന്ദഗതിയിലാകുന്നതു വഴിയുണ്ടാകുന്ന മഴക്കുറവ് ആഘോളതാപനത്തിന്റെ ഭാഗമായി ലഭിക്കാവുന്ന കനത്ത മഴയിലൂടെ ഭാഗികമായി പരിഹരിക്കാനാകും.

അന്തരീക്ഷത്തിലെ കൂടുതല്‍ ഈര്‍പ്പം കൂടുതല്‍ ശക്തമായ മഴയ്ക്ക് കാരണമാകുന്നു. എന്നാല്‍ ഈ ശക്തമായ മഴ ജലസ്രോതസ്സുകള്‍ക്കും കാര്‍ഷികമേഖലയ്ക്കും ഒരു ഗുണവും ചെയ്യില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ച കനത്ത മഴ ഭൗമോപരിതലത്തിലൂടെ വേഗത്തില്‍ ഒഴുകിപ്പോകും. അതിനാല്‍ മണ്ണൊലിപ്പ് കാരണം മേല്‍മണ്ണിലെ പോഷകങ്ങള്‍ വേഗത്തില്‍ നഷ്ടപ്പെട്ട്  പോവുകയും ചെയ്യും. തീര്‍ച്ചയായും ഇത് നഗരങ്ങളെ കൂടുതല്‍ വെള്ളപ്പൊക്കത്തിലേക്ക് നയിക്കും. ഇന്ത്യന്‍ നഗരങ്ങളിലെ ഇന്ന് നിലവിലുള്ള അശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങള്‍ക്ക് അതിതീവ്ര മഴയെ ഉള്‍കൊള്ളാന്‍ കഴിയാതെ വരികയും വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യും.

കേരളത്തില്‍ അടുത്തകാലത്തായി പ്രത്യേകിച്ച് മണ്‍സൂണ്‍ സമയത്ത്, വ്യാപിച്ചു കാണപ്പെടുന്ന കൂമ്പാരമേഘങ്ങളില്‍ നിന്ന് ഹ്രസ്വകാലത്തേയ്ക്ക് ലഭിക്കുന്ന കനത്ത മഴ ലഘു മേഘവിസ്‌ഫോടനങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

മഴയുടെ തീവ്രതയിലും വിതരണത്തിലും വരുന്ന മാറ്റങ്ങളോടൊപ്പം,  പശ്ചിമഘട്ടത്തിലെയും ഹിമാലയന്‍ പര്‍വത പ്രദേശങ്ങളിലെയും മേഘഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ ആ പ്രദേശങ്ങളെ ലഘു മേഘവിസ്‌ഫോടങ്ങളുടെ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഇത് പലപ്പോഴും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമായേക്കാം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയുടെ തീവ്രതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് മേഘവിസ്‌ഫോടനത്തെ നിര്‍വചിച്ചിരിക്കുന്നത്. അതനുസരിച്ച് ഒരു മണിക്കൂറില്‍ 10 സെന്റിമീറ്ററില്‍ അധികം മഴ പെയ്താല്‍ മാത്രമേ മേഘവിസ്‌ഫോടനമായി കണക്കാക്കിയിരുന്നുള്ളു. എന്നാല്‍, വലിയ ചെരിവുള്ള മലനിരകളില്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ വിതയ്ക്കാന്‍ ഒരു മണിക്കൂറില്‍ 10 സെന്റിമീറ്റര്‍ മഴ തന്നെ പെയ്യണമെന്നില്ല. രണ്ടു മണിക്കൂറില്‍ 5 സെന്റിമീറ്റര്‍ എന്ന തോതില്‍ കുറച്ചു തീവ്രത കുറഞ്ഞ മഴ പെയ്താലും പശ്ചിമഘട്ട പര്‍വതങ്ങളുടെയും ഹിമാലയന്‍ പ്രദേശങ്ങളുടെയും ചരിവുകളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കാം.

നാശനഷ്ടങ്ങളുണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്താല്‍ ഇത്തരം ശക്തമായ മഴയെ ലഘു മേഘവിസ്‌ഫോടനത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതാണ്. കേരളത്തില്‍ അടുത്തകാലത്തായി പ്രത്യേകിച്ച് മണ്‍സൂണ്‍ സമയത്ത്, വ്യാപിച്ചു കാണപ്പെടുന്ന കൂമ്പാരമേഘങ്ങളില്‍ നിന്ന് ഹ്രസ്വകാലത്തേയ്ക്ക് ലഭിക്കുന്ന കനത്ത മഴ ലഘു മേഘവിസ്‌ഫോടനങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഇങ്ങനെ അതിവേഗം ഒഴുകിയെത്തുന്ന വെള്ളം അരുവികളുടെ വാഹകശേഷിക്കും അപ്പുറത്തേയ്ക്കാവുകയും മലനാട്ടില്‍  ഉരുള്‍പൊട്ടലിനും ഇടനാട്ടിലും തീരപ്രദേശത്തും വെള്ളപ്പൊക്കത്തിനും കാരണമാവുകയും ചെയ്യും.  

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിശക്തമായ മഴയിലാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. മറുവശത്ത് വരള്‍ച്ച എന്ന രൂക്ഷവും നിശബ്ദവുമായ മറ്റൊരു കൊലയാളി പതിയിരുപ്പുണ്ടെന്ന കാര്യം പലപ്പോഴും ചര്‍ച്ചകളില്‍ കടന്നുവരാറില്ല. ആഗോളതാപനം മൂലമുള്ള ഉയര്‍ന്ന താപനില ഭൂമിയില്‍ നിന്ന് വളരെ വേഗത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇതോടൊപ്പം വികലമായ ഭൂവിനിയോഗ നയങ്ങളുടെ ഭാഗമായി നശിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍, കാലാവസ്ഥാവരള്‍ച്ചകള്‍ കാര്‍ഷിക, ജലവിഭവ വരള്‍ച്ചകളായി എളുപ്പത്തില്‍ പരിണമിക്കും. തുടര്‍ച്ചയായ വര്‍ഷങ്ങളിലുള്ള കാലാവസ്ഥാവരള്‍ച്ച, പാരിസ്ഥിതിക വരള്‍ച്ചയിലേക്കും നയിച്ചേക്കാം. കൂടുതല്‍ ഉയര്‍ന്ന ഉപരിതല താപനില ആഗോള ജലചക്രത്തിന്റെ വേഗം വര്‍ധിപ്പിക്കുകയും അതുവഴി കനത്ത മഴ,  ഭൗമോപരിതലത്തിലൂടെയുള്ള ജലപ്രവാഹം എന്നിവ ത്വരിതപ്പെടുത്തുകയും ചില നിര്‍ദിഷ്ട പ്രദേശങ്ങളില്‍ ഒരേപോലെ വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും വഴിവെക്കുകയും ചെയ്തേക്കാം.

kerala flood
സഹ്യപര്‍വതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്രങ്ങളുടെ സാമീപ്യവും കേരളത്തിന്റെ കാലാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഘടകങ്ങളാണ് / Photo: Wikimedia Commons

ആഗോളതാപനത്തിന്റെ ഫലമായി ഉഷ്ണതരംഗങ്ങള്‍ ലോകത്തിന്റെ എല്ലാ കോണിലും പിടിമുറുക്കിക്കഴിഞ്ഞു. ഇന്ത്യയും ഇതില്‍നിന്നും വിഭിന്നമല്ല, ചൂട് അതിരുകടന്നുകഴിഞ്ഞു എന്ന് കാണുവാന്‍ സാധിക്കും.  മനുഷ്യപ്രേരിത ആഗോളതാപനവും വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണവും ഉഷ്ണതരംഗങ്ങളുടെയും, താപതരംഗങ്ങളുടെയും, താപഘാതത്തിന്റെയും അവസ്ഥ കൂടുതല്‍ വഷളാക്കും. ഗ്രാമീണമേഖലകളുമായി  താരതമ്യപ്പെടുത്തുമ്പോള്‍ ജനസാന്ദ്രതയേറിയതും വളരെ വികസിതവുമായ നഗരപ്രദേശങ്ങളിലെ ഉയര്‍ന്ന താപനിലയെ താപത്തുരുത്ത് (urban heat island) എന്നാണ് വിശേഷിപ്പിക്കുന്നത്. മാനുഷികപ്രവര്‍ത്തങ്ങള്‍ മൂലം ഭൂപ്രകൃതിയിലും ഭൂവിനിയോഗത്തിലും ഉണ്ടായ മാറ്റങ്ങള്‍ കൂടി ചേരുമ്പോള്‍ ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വീണ്ടും  വ്യത്യാസപ്പെടുന്നു.

സവിശേഷമായ ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും സമ്പന്നമായ  കേരളത്തിലും കഴിഞ്ഞ പതിറ്റാണ്ടില്‍ ദൃശ്യമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥയും കൂടുതല്‍ അസ്ഥിരമാകുകയാണെന്നാണ്. പൊതുവെ കേരളത്തില്‍ സ്ഥിരതയുള്ള കാലാവസ്ഥയാണ് നിലനിന്നിരുന്നത്. സഹ്യപര്‍വതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്രങ്ങളുടെ സാമീപ്യവും കേരളത്തിന്റെ കാലാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ഘടകങ്ങളാണ്. ഇതില്‍ കേരളത്തിന്റെ കാലാവസ്ഥയെയും അതുവഴി ജനജീവിതത്തെയും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടല്‍ അതിവേഗം ചൂടാകുന്നതാണ്. മറ്റു സമുദ്രതടങ്ങള്‍ 100 വര്‍ഷംകൊണ്ട് ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ മാത്രം ചൂടായപ്പോള്‍, അറബിക്കടല്‍ ഏകദേശം 1.1 ഡിഗ്രിക്ക് മുകളില്‍ ചൂടായതാണ് കേരളത്തിന്റെ കാലാവസ്ഥയെ കൂടുതല്‍ അസ്ഥിരമാക്കുന്നത്.

സമീപകാലങ്ങളില്‍ ആഗോളതാപനം ഇന്ത്യന്‍ കാലവര്‍ഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹവാതകങ്ങളുടെ അമിതതോതിലുള്ള പുറംതള്ളല്‍ മഴയുടെയും താപനിലയുടെയും സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പല പ്രദേശങ്ങളിലും മഴയുടെ അളവും പെയ്ത്തുരീതിയും വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു.

പ്രത്യേകതരം സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയുടെയും നിലനില്പിനാവശ്യമായ അനുകൂല കാലാവസ്ഥ കേരളത്തിന് പ്രദാനം ചെയുന്നത് മണ്‍സൂണ്‍ മഴയാണ്. നമ്മുടെ സംസ്‌കാരവും, ജീവിതരീതിയും, കാര്‍ഷികവൃത്തിയുമെല്ലാം രൂപപ്പെടുന്നതും മണ്‍സൂണുമായി ബന്ധപ്പെട്ടാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടൊപ്പം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വടക്കുകിഴക്കന്‍ കാലവര്‍ഷവും കേരളത്തില്‍ മഴ എത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനുമാത്രം അവകാശപ്പെടാവുന്ന  സവിശേഷതയാണത്. ഉഷ്ണമേഖലയോട് കൂടുതല്‍ അടുത്തുകിടക്കുന്നതിനാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും സൂര്യന്റെ സാനിധ്യമുള്ളതും സമൃദ്ധമായ മഴയും സസ്യജാലങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും അനുകൂലമായ ഊഷ്മാവ് പ്രദാനം ചെയുന്ന ഘടകങ്ങളാണ്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് മണ്‍സൂണ്‍ പ്രവേശിക്കുന്നത് കേരളത്തിലൂടെ ആയതിനാല്‍ കേരളം "മണ്‍സൂണിന്റെ കവാടം' എന്നാണ് അറിയപ്പെടുന്നത്. മണ്‍സൂണ്‍ എല്ലാവര്‍ഷവും ജൂണ്‍ ഒന്നിനോട് അടുപ്പിച്ച് കേരളത്തില്‍ എത്തിച്ചേരുമെങ്കിലും മഴയുടെ വിതരണത്തിലുള്ള വലിയ സ്ഥല (spatio) - കാല (temporal) വ്യതിയാനം മണ്‍സൂണ്‍ മഴയുടെ പൊതുവായ സ്വഭാവമായിട്ടാണ് കണക്കാക്കുന്നത്. വര്‍ഷാ-വര്‍ഷം മഴവ്യതിയാനം 10 മുതല്‍ 20 ശതമാനം വരെ ആകാമെങ്കിലും മണ്‍സൂണ്‍ മഴയെ പൊതുവില്‍ ഒരു സ്ഥിരതയുള്ള പ്രകൃതിപ്രതിഭാസമായാണ് കണക്കാക്കിയിരുന്നത്. പക്ഷെ, സമീപകാലങ്ങളില്‍ ആഗോളതാപനം ഇന്ത്യന്‍ കാലവര്‍ഷത്തെ സാരമായി ബാധിക്കുകയും ഹരിതഗൃഹവാതകങ്ങളുടെ അമിതതോതിലുള്ള പുറംതള്ളല്‍ മഴയുടെയും താപനിലയുടെയും സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായാണ് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പല പ്രദേശങ്ങളിലും മഴയുടെ അളവും പെയ്ത്തുരീതിയും വളരെയേറെ വ്യത്യാസപ്പെടുന്നതായി കാണുന്നു. സാധാരണ മഴക്കാലത്ത് ലഭിക്കുന്ന തീവ്രതയില്‍ നിന്നും കവിഞ്ഞ് ഇന്ത്യയില്‍ പലയിടത്തും അതിതീവ്ര മഴ പെയ്യുന്ന പ്രവണത ഏറിവരുന്നു.

pettimudi
2020-ല്‍ ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടി / Photo: Wikimedia Commons

വരുംവര്‍ഷങ്ങളില്‍ ഈ ക്രമരാഹിത്യം വര്‍ധിക്കും. വര്‍ഷാ-വര്‍ഷ വ്യതിയാനങ്ങളും സീസണിനുള്ളിലെ വ്യതിയാനങ്ങളും കൂടുതല്‍ പ്രകടമാവും. മണ്‍സൂണ്‍ സീസണില്‍ ലഭിക്കുന്ന ആകെ മഴയുടെ അളവില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അതിന്റെ വിതരണത്തില്‍ സാരമായ വ്യത്യാസം സംഭവിക്കും. ചുരുക്കം ചില ദിവസങ്ങളില്‍ തീവ്രമായി മഴ പെയ്യുകയും ദീര്‍ഘനാള്‍ മഴയില്ലാതിരിക്കുകയും ചെയ്യുന്നത് വരുംകാലങ്ങളില്‍ മണ്‍സൂണിന്റെ സ്ഥായീഭാവമായിത്തീരും. ആഗോളതാപനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള അനിശ്ചിതത്വവും കാലാവസ്ഥാവ്യതിയാനങ്ങളും മണ്‍സൂണ്‍ പ്രതിഭാസത്തെ കൂടുതല്‍ പ്രവചനാതീതമാക്കും. കൃഷിയെയും മത്സ്യബന്ധനത്തെയും ഉപജീവനമാര്‍ഗമായി സ്വീകരിച്ച ജനവിഭാഗങ്ങളെ കാലാവസ്ഥാവ്യതിയാനം കൂടുതല്‍ പ്രതികൂലമായി ബാധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഭരണസംവിധാനങ്ങളുടെ അടിയന്തിര ഇടപെടലുകള്‍ അത്യാവശ്യമാണ്.

ലോകത്തിന്റെ മറ്റുപല കോണുകളിലും വളരെക്കാലം മുമ്പ് മുതല്‍ ദൃശ്യമായിരുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതരമായ സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേരളത്തില്‍ അനുഭവപ്പെട്ട അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്കത് വ്യക്തമാകും. ദീഘകാലയളവില്‍ കേരളം പോലുള്ള ഒരു ചെറിയ സ്ഥലത്ത് ഉണ്ടായിട്ടുള്ള മഴയളവിലെ വ്യത്യാസം പഠിക്കുക ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി തന്നെയാണ് അതിനുകാരണം. കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കേരളത്തിനു ശരാശരി 100 കിലോമീറ്റര്‍ വീതി മാത്രമാണുള്ളതെങ്കിലും വ്യത്യസ്തമായ ഉപരിതലഘടനയും ഭൂവിനിയോഗ ക്രമവുമാണുള്ളത്. എല്ലാ പ്രദേശത്തും നിരീക്ഷണസംവിധാനങ്ങള്‍ ഇല്ല എന്നതിനാല്‍ ഓരോ സ്ഥലത്തും സംഭവിച്ചിട്ടുള്ള കാലാവസ്ഥാമാറ്റം കൃത്യമായി പഠിക്കാന്‍ പ്രയാസമാണ്.

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. കേരളത്തില്‍ മുഴുവനായും, പ്രത്യേകിച്ച് പശ്ചിമഘട്ട മലനിരകളില്‍ ലഭ്യമാവുന്ന അനന്യമായ മഴയിലെ വാര്‍ഷികവിതാനമാണ് ഇവിടുത്തെ അപൂര്‍വമായ ജൈവവൈവിധ്യത്തിനു കാരണം. 2015, 2016 വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട അടിക്കടിയുള്ള വരള്‍ച്ചകളും, 2017-ല്‍ നേരിട്ട ഓഖി ചുഴലിക്കാറ്റും 2018-ല്‍ ഉണ്ടായ മഹാപ്രളയവുമാണ് കേരളത്തിലെ മാറുന്ന കാലാവസ്ഥയിലേക്ക് ലോകശ്രദ്ധയാകര്‍ഷിച്ചത്.

ആലിപ്പഴവര്‍ഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റന്‍ മേഘങ്ങള്‍ക്ക് രൂപംകൊള്ളാന്‍ അന്തരീക്ഷ താപവര്‍ധനവ് സഹായകരമാവും. ടൊര്‍ണാഡോ പോലുള്ള ചെറുചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികള്‍ സാധാരണയായി കേരളത്തില്‍ കണ്ടുവരാറില്ല. എന്നാല്‍ ഈ കാലവര്‍ഷക്കാലത്ത് മിന്നല്‍ചുഴലികളും വാട്ടര്‍സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തില്‍ ഉണ്ടായത് ആശങ്കാജനകമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് സമീപകാലത്ത് കാലവര്‍ഷമേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട് എന്നാണ്. സാധാരണയായി കാലവര്‍ഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാല്‍ സമീപകാലത്ത് 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരം വരുന്ന കൂമ്പാരമേഘങ്ങളാണ് മഴക്കാലത്ത് രൂപംകൊള്ളുന്നത്. ഇവയാണ് ഇപ്പോള്‍ കാലവര്‍ഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്. ഇത്തരം മേഘങ്ങള്‍ ഒന്നുമുതല്‍ 14 വരെ കിലോമീറ്റര്‍ വരെ കട്ടിയില്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അത് ആ പ്രദേശത്ത് തലയ്ക്കുമുകളില്‍ നിലകൊള്ളുന്ന ഒരു "വാട്ടര്‍ ടാങ്ക്' പോലെ വര്‍ത്തിക്കുകയും അവയില്‍ നിന്നും കുറഞ്ഞ സമയംകൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിനു കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച 2019-ലും 2021-ലും ഇത്തരത്തില്‍ കൂറ്റന്‍ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.

ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലുള്ള മാറ്റങ്ങളെക്കുറിച്ച് നമുക്ക് പൂര്‍ണമായി അറിവില്ലെങ്കിലും അന്തരീക്ഷവായുവിലെ ചൂടിന്റെയും അധിക നീരാവി സാന്നിധ്യത്തിന്റെയും ഫലമായി ശക്തമായ ചുഴലിക്കാറ്റുകളുടെ തീവ്രതയും വലിപ്പവും വര്‍ധിക്കുമെന്ന് അടിസ്ഥാന ശാസ്ത്ര അറിവുകളും ഗണിതമാതൃകകളും സൂചിപ്പിക്കുന്നു. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന ഉത്തര ഇന്ത്യന്‍ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാള്‍ അതിവേഗമാണ് ചൂടുപിടിക്കുന്നത്. അതുകൊണ്ടുതന്നെ അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ ഭാവിയില്‍ വര്‍ധനവുണ്ടാവും. 2019-ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടതിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ രൂപംകൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഓഖിക്ക് ശേഷം തുടരെത്തുടരെ കേരളതീരത്തേക്ക് ന്യൂനമര്‍ദങ്ങള്‍ എത്തുന്നത് നമ്മുടെ തീരവും പഴയതുപോലെ സുരക്ഷിതമല്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് മണ്‍സൂണ്‍ സമയത്തെ മത്സ്യബന്ധന വിലക്കിനോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നഷ്ടമാകുവാനും കാരണമായേക്കാം.

flash flood
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളത്തില്‍ തകര്‍ന്ന റോഡ്‌ / Photo: Wikimedia Commons

അറബിക്കടല്‍ ദ്രുതഗതിയില്‍ ചൂടാകുന്നത് തീരദേശ ജനതയുടെ ജീവനോപാധിയെയും പ്രത്യക്ഷത്തില്‍ ബാധിക്കുന്നതായി നമുക്ക് മനസിലാക്കുവാന്‍ സാധിക്കും. കടല്‍വെള്ളം ചൂടാകുന്നതും കൂടുതല്‍ ആസിഡ് മയമാകുന്നതും കടലിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതുവഴി കടലിലെ ഭക്ഷ്യശൃംഖല തന്നെ താറുമാറാകുകയും അതുവഴി കേരളത്തിന്റെ തീരക്കടലിലെ മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവ് സംഭവിച്ചതായും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനോടൊപ്പം മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് രാസപദാര്‍ഥങ്ങളും കടലില്‍ എത്തുന്നതും കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായി കാണുവാന്‍ സാധിക്കും. ഇതിനോടൊപ്പം കടലിലെ ഉപരിതലജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും ഉപരിതലജലം കൂടുതല്‍ ചൂടാകുന്നതുവഴി പോഷകഘടങ്ങള്‍ കൂടുതല്‍ അടങ്ങിയ കടല്‍വെള്ളം ഉപരിതലത്തില്‍ എത്തിച്ചേരാത്തതും കടല്‍വെള്ളത്തിന്റെ ഉത്പ്പാദന ക്ഷമതയെ ബാധിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ താപവര്‍ധനവ് സമുദ്രജലത്തിന്റെ അമ്ലത വര്‍ധിക്കുന്നതിനും ഓക്‌സിജന്റെ അളവു കുറയുന്നതിനും കാരണമാവും. തത്ഫലമായി മല്‍സ്യസമ്പത്ത് ശോഷിക്കുകയും ചെയ്യും. ഇത് മല്‍സ്യബന്ധനം ജീവിതോപാധിയാക്കിയ വലിയ ഒരു ജനവിഭാഗത്തെ സാരമായി ബാധിക്കും.

ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് അടിസ്ഥാനമാക്കുന്ന ഭൂരിഭാഗം മോഡലുകളുടെയും പ്രവചനപ്രകാരം ഇന്ത്യയിലെ മഴ കൂടുതല്‍കൂടുതല്‍ അസ്ഥിരമാവുകയും മഴലബ്ധിയുടെ ആകെ അളവ് കുറയുകയും പക്ഷെ തീവ്രമഴ കൂടുകയും ചെയ്യുമെന്നാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥയില്‍ പ്രകടമായിട്ടുള്ള മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉള്‍ക്കൊള്ളേണ്ടതും നമ്മുടെ വികസനമാര്‍ഗങ്ങളും ദുരന്തലഘൂകരണരീതികളും പ്രാദേശികതലത്തില്‍ രൂപപ്പെടുത്തുന്നതിന് ഏറെ നിര്‍ണായകമാണ്.

മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സംയോജിതമായി വന്നാല്‍ വികലമായ ഭൂവിനിയോഗത്തിന്റെയും, വനഭൂമി വ്യാപകമായി തോട്ടമായും കൃഷിഭൂമിയായും നിജപ്പെടുത്തുന്ന മാനുഷിക പ്രവര്‍ത്തങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം.

കേരളത്തിലെ കാലാവസ്ഥയിലും ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള യാഥാര്‍ഥ്യം നാം തിരിച്ചറിയണം. പ്രാദേശിക അടിസ്ഥാനത്തില്‍ പങ്കാളിത്ത ദുരന്തനിവാരണനയം രൂപപ്പെടുത്തുകയും ഭൂപ്രദേശങ്ങളുടെ വ്യത്യസ്തത മനസിലാക്കി പ്രാദേശികമായ മുന്നറിയിപ്പ് സംവിധാനങ്ങളെ അടിയന്തിരമായി മെച്ചപ്പെടുത്തേണ്ടതുമാണ്. തദ്ദേശ ഭൂവിനിയോഗ ഭൂപടം പരിഷ്‌കരിച്ചുകൊണ്ട് ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ ഗ്രാമസഭകളിലൂടെ പങ്കാളിത്തരീതിയില്‍ അടയാളപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. നിലവില്‍ പരിസ്ഥിതിയെ സാമൂഹിക ഓഡിറ്റിന് വിധേയമാക്കി, അനുവദിക്കാന്‍ പാടില്ലാത്ത ക്വാറി ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക. കാലാവസ്ഥാവ്യതിയാനവും ദുരന്തനിവാരണനയവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രാദേശിക അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുകയും വേണം.

kokkayar
ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു / Photo: Wikimedia Commons

മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സംയോജിതമായി വന്നാല്‍ വികലമായ ഭൂവിനിയോഗത്തിന്റെയും, വനഭൂമി വ്യാപകമായി തോട്ടമായും കൃഷിഭൂമിയായും നിജപ്പെടുത്തുന്ന മാനുഷിക പ്രവര്‍ത്തങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ഥിതി കൂടുതല്‍ വഷളായേക്കാം. ഇത് ഗോത്രവിഭാഗങ്ങളെയും പരിസ്ഥിതി വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കും.  പ്രകൃതിവിഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉപജീവന സംവിധാനങ്ങള്‍ക്കും സാമൂഹിക സംവിധാനങ്ങള്‍ക്കും ആഴത്തിലുള്ളതും തിരിച്ചുപിടിക്കാന്‍ കഴിയാത്തതുമായ മുറിവേല്പിച്ചേക്കാം. മറുവശത്ത്, കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതിലൂടെയും കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന തോത് കുറയുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനത്തിനുള്ള മറ്റൊരു പ്രേരകമായി വനനശീകരണം പോലുള്ള ഭൂനശീകരണ പ്രക്രിയയെ കണക്കാക്കുകയും വേണം.

പാരിസ്ഥിതിക തകര്‍ച്ച കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാരണമാവുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമെതിരെ പ്രകൃതിയുടെയും സമൂഹങ്ങളുടെയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ആവാസവ്യവസ്ഥയുടെ അപചയം ആത്യന്തികമായി ആവാസവ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് നയിക്കുന്ന പ്രക്രിയയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഏറ്റവും മോശമായ പ്രത്യാഘാതങ്ങളുമായി വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത  ജനവിഭാഗങ്ങള്‍ക്ക് അത് വലിയ ആഘാതമുണ്ടാകും. ഉപജീവനത്തിനായി കടലും വനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടു കഴിയുന്ന തദ്ദേശീയ ജനവിഭാഗങ്ങളായിരിക്കും ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത്. നിര്‍ഭാഗ്യവശാല്‍ തദ്ദേശവാസികള്‍ പലപ്പോഴും വികസന അജണ്ടകള്‍ക്ക് പുറത്താണ്. അതിനാല്‍ത്തന്നെ തദ്ദേശീയമായ അറിവ് കാലാവസ്ഥാശാസ്ത്രവുമായി സംയോജിപ്പിക്കേണ്ടതുണ്ട്.

നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ കൈവരിക്കുന്നതിനായി നമ്മുടെ കാര്‍ബണ്‍ എമിഷന്‍ പടിപടിയായി കുറച്ചുകൊണ്ടുവരികയും അതോടൊപ്പം അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ നീക്കംചെയ്യുന്ന ടെക്‌നോളജി വികസിപ്പിക്കുകയും വേണം. 

നമ്മള്‍ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നു ഭരണകൂടങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ വൈകിക്കൂടാ. ഇപ്പോള്‍ കാണുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ഒരു ടെസ്റ്റ് ഡോസ് മാത്രമാണെന്ന് തിരിച്ചറിയുകയും നമ്മെ കാത്തിരിക്കുന്നത് അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളാണെന്നുള്ള IPCC യുടെ ആറാം അവലോകന റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുകയും നമ്മുടെ നയരൂപീകരത്തിന്റെ ഭാഗമാക്കുകയും വേണം. കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളില്‍ നിന്ന് ആവാസവ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലേക്ക് ഒരു മാതൃകാപരമായ മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. 

IPCC യുടെ ആറാം അവലോകന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഈ മാസം അവസാനം കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് 26 (COP26) നടക്കാന്‍ പോകുന്നത്. പാരീസ് ഉടമ്പടിക്കുശേഷം യു.എന്‍. ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ഏറ്റവും സുപ്രധാനമായ സമ്മേളനമാണ് COP26. ഇതിന്റെ ഏറ്റവും പ്രധാന തീരുമാനമായി വരാന്‍ പോകുന്നത് ഈ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ കൈവരിക്കുക എന്നതാണ്. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ കൈവരിക്കുന്നതിനായി നമ്മുടെ കാര്‍ബണ്‍ എമിഷന്‍ പടിപടിയായി കുറച്ചുകൊണ്ടുവരികയും അതോടൊപ്പം അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ നീക്കംചെയ്യുന്ന ടെക്‌നോളജി വികസിപ്പിക്കുകയും വേണം. 

kootikkal
കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ, മാര്‍ട്ടിന്‍, സിനി മാര്‍ട്ടിന്‍, സ്നേഹ മാര്‍ട്ടിന്‍, സോന മാര്‍ട്ടിന്‍, സാന്ദ്ര മാര്‍ട്ടിന്‍ എന്നിവര്‍ക്ക് മന്ത്രി വി.എന്‍. വാസവന്‍ അന്ത്യോപചാരമര്‍പ്പിക്കുന്നു / Kottayam Collector, Facebook

ഇപ്പോള്‍ നമ്മള്‍ പുറത്തുവിടുന്ന കാര്‍ബണിന്റെ കാര്യത്തില്‍  വികസിത രാജ്യങ്ങള്‍ ഒന്നുംതന്നെ ഉത്തരവാദിത്തത്തിലേക്ക് പോകുന്നില്ല. അതുകൊണ്ടുതന്നെ എല്ലാം മുറപോലെ എന്ന രീതിയില്‍ തുടര്‍ന്നുപോകാനുള്ള ഒരു പഴുതായി മാത്രം കണ്ടാല്‍ മതി നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ കൈവരിക്കണമെന്ന നിര്‍ദേശം ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ വെക്കുന്നതിനെ.  ആദ്യം വികസിത രാജ്യങ്ങള്‍ കാര്‍ബര്‍ പുറത്തേക്കുവിടുന്നതിന്റെ അളവ് കുറയ്ക്കണമെന്ന് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളും മൂന്നാം ലോക രാജ്യങ്ങളും ഇതിനകം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. 
ഒരു രാഷ്ട്രത്തിന്റെ ഭൂപരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ട് സംസാരിക്കുമ്പോള്‍, സ്വന്തം രാജ്യത്തെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ വേണ്ടി അവര്‍ ക്രോസ് ബോര്‍ഡര്‍ കാര്‍ബണ്‍ ഡീകേജ് എന്ന പ്രവര്‍ത്തിയിലേക്ക് പോവുകയും തങ്ങളുടെ ഉത്തരവാദിത്തം മറ്റു വികസ്വര രാജ്യങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും നടത്തിയേക്കും.

ഈ നിര്‍ദേശങ്ങള്‍ നിയമസാധുത ഇതുവരെ കൈവരിക്കാത്തതും അംഗരാജ്യങ്ങള്‍ ഇതിനോട് യാതൊരുവിധ പ്രതിബദ്ധതയും ഉത്തരവാദിത്തവും ഇല്ലാത്ത രീതിയില്‍ പോകുന്നതും കാരണം ഈ നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി നെറ്റ് സീറോ കാര്‍ബണ്‍ എമിഷനിലേക്ക് എത്രത്തോളം എത്തിച്ചേരാന്‍ സാധിക്കും എന്നത് വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആഗോളതലത്തില്‍ വികസിത രാജ്യങ്ങള്‍ കാണിക്കുന്ന ഈ ഇരട്ടത്താപ്പുനയം കണക്കിലെടുത്താല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും വെറുതായവുകയും ഇതുമൂലമുണ്ടാകുന്ന വലിയ കാലാവസ്ഥാ വിപത്തുകള്‍ക്ക് അവികസിത രാജ്യങ്ങള്‍ കൂടുതല്‍ ഇരയാവുകയും ചെയ്യും.​​​​​​​ 


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഡോ. എസ്. അഭിലാഷ്‌

കുസാറ്റിൽ കാലാവസ്​ഥാ ശാസ്​ത്രജ്​ഞൻ, അധ്യാപകൻ.

Audio

PLEASE USE TRUECOPY WEBZINE APP FOR BETTER READING EXPERIENCE.

DOWNLOAD IT FROM