Sunday, 25 September 2022

ഇറ്റലിയുടെ ലോകകപ്പ്​


Text Formatted

മാഫിയോസിയുടെ ഫുട്‌ബോള്‍ നഷ്ടം

ലോകകപ്പ് ഇറ്റലിയുടെ ഫുട്‌ബോള്‍ വിപണിയ്ക്കും, പുതിയ യുവതാരങ്ങള്‍ക്കും, ‘അസൂറി'കളുടെ വിഖ്യാതമായ ഫുട്‌ബോള്‍ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു.

Image Full Width
Image Caption
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ പുറത്തു പോകേണ്ടി വന്ന യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി താരങ്ങള്‍. നോര്‍ത്ത് മാസിഡോണിയയുമായുള്ള മത്സരത്തില്‍ നിന്ന്. / Photo : Nazionale Italiana, twitter

Text Formatted

വര്‍ഷം തുടക്കത്തിലാണ് അറ്റ്‌ലാന്റ ക്ലബ്ബിലേക്ക് രണ്ട് കോര്‍പറേറ്റ് ഭീമന്‍മാര്‍ പ്രവേശിച്ചത്. ഒന്ന് യു. എസിന്റെ ബെയിന്‍ ക്യാപിറ്റല്‍. രണ്ട് അന്റോണിയോ പെര്‍കാസി. 1500 കോടി ഡോളര്‍ ഒഴുകിവന്നു. ഇറ്റാലിയന്‍ ഫുട്‌ബോളിലെ ഇടനിലക്കാരായ മാഫിയോസികളുടെ കൈകളിലേക്ക് അതിന്റെ ആറുശതമാനം എത്തിച്ചേരും. 

മിലാനിലേക്ക് അമേരിക്കന്‍ കമ്പനി എലിയട്ടിന്റെ 430 കോടി ഡോളര്‍ വന്നപ്പോള്‍ അവര്‍ ശ്വാസം വിട്ടു. ഏറ്റവും കൂടുതല്‍ പണം വരുന്നത് യു. എസില്‍ നിന്നാണ്. യൂറോ ചാമ്പ്യന്‍മാരായശേഷം ഇറ്റാലിയന്‍ ഫുട്‌ബോള്‍ വിപണിയുടെ വളര്‍ച്ച പണമിടപാടുകാരായ വന്‍ ഗ്രൂപ്പുകളും യു. എസ്. കോര്‍പറേറ്റുകളും ചേര്‍ന്ന കച്ചവടമായി മാറി. ലോകകപ്പ് കൂടി വരുന്നതോടെ ഈ ഒഴുക്കിന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദേശീയ ടീം ആ സ്വപ്‌നങ്ങളെ മുഴുവന്‍ ഒറ്റയടിക്ക് തകര്‍ത്തുകളഞ്ഞു. രണ്ട് ലോകകപ്പുകളില്‍ കളിക്കാന്‍ മോഹിച്ച പുതുതലമുറയിലെ കളിക്കാരും പറുദീസാ നഷ്ടത്തിലാണ്. അവരുടെ കരിയറിലെ എട്ടു വര്‍ഷങ്ങളാണ് ഒറ്റയടിക്ക് നിഷ്ഫലമായത്. അവസാന മത്സരത്തില്‍ പരിക്കുമൂലം കളിക്കാന്‍ കഴിയാത്ത യൂറോ കപ്പിലെ ഹീറോ എൻറിക്കോ കിയേസയും ജിയോ സ്പിനസോളയും ഒരു സ്വപ്‌നഭംഗത്തിന്റെ നടുവിലായിരിക്കണം. കിയേസ സ്വയം വിചാരണ ചെയ്തിട്ടുണ്ടാകണം. 15 അറ്റംപ്റ്റില്‍ നിന്ന് ഒരു ഗോളാണ് അയാള്‍ യോഗ്യതാ മത്സരങ്ങളില്‍ ആകെ നേടിയത്. 

ഫൈനല്‍ റൗണ്ടിലേയ്ക്കുള്ള വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടതിനെ പാലെര്‍മോയിലെ കാണികള്‍ ശാപഗ്രസ്ഥമായ ഒരു പദം കൊണ്ടാണ് വിശേഷിപ്പിച്ചത്. ഫൈനല്‍ വിസിലൂതിയപ്പോള്‍ തലകുനിച്ചു നടന്ന ഇറ്റാലിയന്‍ കളിക്കാരുടെ നേരെ നോക്കി അവര്‍ വിളിച്ചുകൂവി, വെര്‍ഗോഞ്ഞാ...

North Macedonia
പലേര്‍മൊയിലെ സ്വന്തം സ്‌റ്റേഡിയമായ റെന്‍സോ ബാര്‍ബെറെയില്‍ നടന്ന ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയാണ് ഇറ്റലിയെ (1-0) അട്ടിമറിച്ചത്. ഇഞ്ചുറി ടൈമില്‍ മാസിഡോണിയയുടെ അലക്‌സാണ്ടര്‍ ട്രാജ്‌കോവ്‌സ്‌കിയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ത്ത ഗോള്‍ നേടിയത് / Photo : North Macedonia, twitter.

ഏറ്റവും നിന്ദ്യമായ അവമതിയെയാണ് അവര്‍ ‘വെര്‍ഗോഞ്ഞ' എന്ന പദം കൊണ്ട് അര്‍ഥമാക്കിയത്. എട്ടുമാസം മുമ്പ് കടുപ്പമേറിയ യൂറോപ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ ടീമിന്റെ അവിശ്വസനീയമായ പതനം അവര്‍ നേരില്‍ കാണുകയായിരുന്നു. ഇന്നേവരെ ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ ഇറ്റലി പാലെര്‍മോയില്‍ തോറ്റിട്ടില്ല. അതും അവരെ ചൊടിപ്പിച്ചിരിക്കണം. ബ്രസീലിനെപ്പോലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ആഭിജാത്യം നിറഞ്ഞൊരു ടീമാണ് ഇറ്റലി. നാല് ലോകകപ്പ് കിരീടങ്ങള്‍ അതിന്റെ സാക്ഷ്യപത്രമാണ്. 

എന്താണ് പാലെര്‍മോയില്‍ സംഭവിച്ചത്?

ഈ സെക്കൻറ്​ റൗണ്ട് ക്വാളിഫിക്കേഷനുമുമ്പ് ഇറ്റലി സ്വിറ്റ്‌സര്‍ലന്‍ഡുമായി സമനിലയില്‍ വീണുപോയിരുന്നു. യൂറോ കപ്പിനുശേഷം വടക്കന്‍ അയര്‍ലന്‍ഡുമായി ഗോളില്ലാ സമനില പിടിച്ചതാണ് അവരെ അനിവാര്യമായ പതനത്തിലെത്തിച്ചത്. പരിശീലകനായ മാന്‍ചീനി ഈ മത്സരത്തെ ഗൗരവപൂര്‍വം കണ്ടില്ലെന്ന് കടുത്ത ആക്ഷേപമുയര്‍ന്നു. പൊരുതാനുള്ള വാസന നഷ്ടപ്പെട്ട ടീമിനെക്കുറിച്ച് മാന്‍ചീനി രണ്ടാമതൊന്നു ചിന്തിച്ചില്ല എന്നത് കുറ്റകരമായ വീഴ്ചയാകുന്നു.

 UEFA EURO 2024
ഇറ്റലി - നോർത്ത് മാസിഡോണിയ മത്സരത്തില്‍ നിന്ന് / Photo : UEFA EURO 2024, Twitter

ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ യഥാര്‍ഥ പ്രശ്‌നം അവരുടെ മുന്നേറ്റനിരയുടെ മുര്‍ച്ചയില്ലാത്ത ഭാവനാ ശൂന്യതയാണ്. ഇറ്റാലിയന്‍ ടീമിന്റെ ശരാശരി പ്രായം തന്നെ 27.3 വയസ്സാണ്. 30 വയസ്സിനുമീതെയുള്ള എട്ടുപേര്‍ കളിക്കുന്നുണ്ട്.

പാലെര്‍മോയില്‍ വടക്കന്‍ മാസിഡോണിയയുമായുള്ള മത്സരത്തില്‍ ടീമിന്റെ പൊസഷന്‍ 65 ശതമാനം.
ഗോള്‍മുഖം ലക്ഷ്യമാക്കി അടിച്ചത് 32 ഷോട്ടുകള്‍.
223നെതിരെ 471 കൃത്യമായ പാസുകള്‍.
അവിശ്വസനീയമെന്ന് തോന്നാം- 16 കോര്‍ണര്‍ കിക്കുകള്‍.
എന്തുകൊണ്ടാണ് പിന്നെ ഇറ്റലി പിന്നിലേയ്ക്ക് പോയത്?

ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ യഥാര്‍ഥ പ്രശ്‌നം അവരുടെ മുന്നേറ്റനിരയുടെ മുര്‍ച്ചയില്ലാത്ത ഭാവനാ ശൂന്യതയാണ്. ഇറ്റാലിയന്‍ ടീമിന്റെ ശരാശരി പ്രായം തന്നെ 27.3 വയസ്സാണ്. 30 വയസ്സിനുമീതെയുള്ള എട്ടുപേര്‍ കളിക്കുന്നുണ്ട്. അതേസമയം, ഇംഗ്ലണ്ട് ടീമിനെയെടുത്താല്‍ അതേ ശരാശരി 25 വയസ്സാണ്. വയസ്സ് മാത്രമല്ല പ്രശ്‌നം. വടക്കന്‍ അയര്‍ലന്‍ഡുമായി കളിച്ചപ്പോള്‍ 72 ശതമാനം പൊസഷന്‍ ആയിരുന്നു. മൂന്നിനെതിരെ 12 കോര്‍ണര്‍ ഇറ്റലിക്ക് കിട്ടി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കളിക്കുമ്പോള്‍ ഇറ്റലിയുടെ പൊസഷന്‍ 68 ശതമാനമാണ്. 11 ഷോട്ടുകള്‍ ടീം ഉതിര്‍ത്തു. എന്നിട്ടും സമനില തന്നെ. 

football
പാലെര്‍മോയിലെ സ്റ്റേഡിയത്തിന് പുറത്തെ ഇറ്റാലിയന്‍ ഫുഡ്ബോള്‍ ആരാധകർ. / Photo : Nazionale Italiana, twitter

ഒമ്പത് യോഗ്യതാ മത്സരങ്ങളില്‍ അടിച്ചത് 178 ഷോട്ടുകളാണ്.
ഗോള്‍ ആയത് 13 മാത്രം. അതില്‍ ഫോര്‍വേഡുകള്‍ നേടിയത് 8 ഗോള്‍ എന്നുകൂടി ഓര്‍ക്കുക. ഇംഗ്ലണ്ട് ഇത്രയും മത്സരങ്ങളില്‍ കളിച്ചപ്പോള്‍ 182 ഷോട്ടുകളില്‍ നിന്ന് 39 ഗോള്‍ നേടി! ഹാരി കെയിന്‍ മാത്രം 12 ഗോളുകളാണ് നേടിയത്. നാല് ശ്രമങ്ങളില്‍ നിന്ന് സിലോറന്‍സോ രണ്ടുഗോള്‍ നേടി. സിറോ ഇമൊബീൽ, ലോറന്‍സോ ഇന്‍സീഞ്ഞെ, ഡൊമനിക്കോ ബെറർസി എന്നിവരൊക്കെ എണ്ണം പറഞ്ഞ ഷോട്ടുകള്‍ പാഴാക്കി. ഇമൊബീല്‍ തനിക്ക് കിട്ടിയ 26 തുറന്ന അവസരങ്ങളില്‍ നിന്ന് നേടിയത് വെറും രണ്ട് ഗോളാണ്. ഇതിലുണ്ട് ഇറ്റലിയുടെ പതനത്തിന്റെ സൂചനകള്‍. അവസരങ്ങള്‍, ഒരു ചീറ്റപ്പുലിയുടെ ക്രൗര്യത്തോടെ നിറയൊഴിക്കേണ്ടതിനുപകരം അലസമായി, അലക്ഷ്യമായി ഉപയോഗിച്ചതിന്റെ ദുരന്തമാണ് ഇറ്റലി അനുഭവിച്ചത്. നിര്‍ണായക മത്സരങ്ങളില്‍ ബെറാര്‍ഡി, ജോര്‍ഗീഞ്ഞോ എന്നിവര്‍ പെനാള്‍റ്റികളും പാഴാക്കി. ഇറ്റാലിയന്‍ കളിക്കാരില്‍ അലസാന്ദ്രോ ടോട്ടി, ഡെല്‍പീറോ, പിര്‍ലോ എന്നിങ്ങനെ ഇറ്റലിയെ മുന്നില്‍ നിന്നു നയിച്ച ഗോള്‍നേട്ടക്കാരില്ലായിരുന്നു. മോയ്‌സ്‌കീന്‍, റാസ് പഡോരി എന്നിങ്ങനെയുള്ള യുവതാരങ്ങള്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചതുമില്ല. ഇറ്റാലിയന്‍ കളിക്കാര്‍ക്ക് പെനാല്‍റ്റി ബോക്‌സില്‍ എത്തുമ്പോഴുള്ള സാങ്കേതികവും ശാരീരികവുമായ സൂത്രശാലിത്വം (കാറ്റിവെറിയ) തീരെ ഇല്ലാതെപോയി. 

moise kean
മോയ്‌സ്‌കീന്‍, റാസ് പഡോരി

ഇറ്റലിയിലെ സെരി എയില്‍ ഇറ്റാലിയന്‍ കളിക്കാര്‍ക്ക് കളിക്കാനുള്ള സമയം വേണ്ടത്ര കിട്ടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതിന്റെ ശരാശരിയെടുത്താല്‍ 35.5 മിനിറ്റ് എന്നതാണ് ഉത്തരം. പക്ഷെ സ്‌പെയിനില്‍ ഈ ശരാശരി 60 മിനിറ്റാണ്. ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗില്‍ 40 മിനിറ്റ് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇറ്റാലിയന്‍ കളിക്കാരുടെ കേളീശൈലിയില്‍ തീക്ഷ്ണത കുറഞ്ഞുകുറഞ്ഞുവരുന്നു. ഈ യാഥാര്‍ഥ്യം അവരുടെ കോച്ച് പോലും ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. ശാരീരിക ക്ഷമതയിലും അവര്‍ പിന്നിലാണ്. കിയല്ലീനി, ഇമൊബീല്‍, ബൊനുച്ചി ഇന്‍സിഞ്ഞെ എന്നിവരൊക്കെ നല്ലകാലം പിന്നിട്ടുകഴിഞ്ഞു. കിയല്ലിനിക്ക് 37 വയസ്സാണ് പ്രായം. എന്നിട്ടും മികച്ചൊരു പകരക്കാരനെ കിട്ടാനുമില്ല. 

ഇറ്റലിയുടെ കളി അതിദയനീയമാംവണ്ണം വേഗതയില്ലാത്തതായിരുന്നു.
മധ്യനിര നിയന്ത്രിച്ചിരുന്ന ജോര്‍ഗീഞ്ഞോ തികച്ചും സാവധാനം പന്ത് നീക്കുന്നത് വിങ്ങര്‍മാര്‍ക്ക് വിനയായി. അയാള്‍ ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞു എന്നായിരുന്നു വിമര്‍ശനം. പരിശീലകന്‍ ഇത് അവഗണിച്ചതാണ് അവിശ്വസനീയമായി തോന്നുന്നത്. കളിയ്ക്കുശേഷം ആ കളി വിലയിരുത്തിയവര്‍ പത്തില്‍ നാല് പോയിന്റ് മാത്രമാണ് ജോര്‍ഗീഞ്ഞോയ്ക്ക് നല്‍കിയത്.

JORGINJO
ജോര്‍ഗീഞ്ഞോ / photo : jorginhofrello, instagram

അവിശ്വസനീയമായ തോല്‍വി ഇറ്റലിയുടെ ഫുട്‌ബോള്‍ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. റഷ്യന്‍ ലോകകപ്പില്‍ യോഗ്യത നേടാനാകാതെ വലഞ്ഞ ഇറ്റലി, യൂറോ കപ്പിലൂടെയാണ് അതിന്റെ സാമ്പത്തിക മുഖം തെല്ലെങ്കിലും മെച്ചപ്പെടുത്തിയത്. അവരുടെ പ്രശസ്തമായ ഭൂതകാലം തിരിച്ചുവന്നതായി വിദഗ്ധര്‍ ദീര്‍ഘദര്‍ശനം ചെയ്തു. ക്ലബ് ഫുട്‌ബോളിലും അതിന്റെ പ്രതിഫലനമുണ്ടായി. ആഗോള കോര്‍പറേറ്റുകള്‍ ഇറ്റാലിയന്‍ ക്ലബ്ബുകളുടെ സീസണ്‍ സ്‌പോണ്‍സര്‍ഷിപ്പിന് തയ്യാറായി. ഇത്തരം ഉണര്‍വുകള്‍ ഓരോ ക്ലബ്ബിനും, കോവിഡ് ഭീതിക്കിടയിലും നിലനില്‍ക്കാന്‍ സഹായകമായി. ഈ തോല്‍വിയോടെ അതെല്ലാം തകര്‍ന്നുവീണിരിക്കുന്നു. പത്തുവര്‍ഷം മുമ്പുവരെ ഇറ്റാലിയന്‍ ലീഗ് വരുമാനത്തിന്റെ കാര്യത്തിലും ടി.വി. സംപ്രേഷണത്തിലുമൊക്കെ സ്പാനിഷ് ലാലിഗയുടെ ഒപ്പം നിന്നിരുന്നു. എന്നാല്‍ കൂടുതല്‍ ആകര്‍ഷകമായ പ്രീമിയര്‍ ലീഗ് ലോകോത്തര താരങ്ങളെ റാഞ്ചുകയും വന്‍കിട കോര്‍പറേറ്റുകള്‍ ക്ലബ്ബുകള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയും ചെയ്തതോടെ വരുമാനത്തിലും ജനപ്രീതിയിലും അവര്‍ മുന്നാക്കം പോയി. ഇത് ഇറ്റാലിയന്‍ ലീഗിനെയാണ് ബാധിച്ചത്. 

ഇറ്റലിക്ക് യുദ്ധാനന്തര കാലത്തിനുശേഷം വലിയ നേട്ടമുണ്ടായത് ടൂറിസത്തിലും ഫുട്‌ബോളിലുമായിരുന്നു. അതിനു വഴിയൊരുക്കിയത് 1936-ലെ ഒളിമ്പിക്‌സിലെ ഫുട്‌ബോള്‍ സ്വര്‍ണം നേടിയതാണ്. അതിനുമുമ്പ് പരിശീലകന്‍ വിറ്റോറിയോ പോസോ അവരെ ലോകചാമ്പ്യന്‍മാരാക്കിയിരുന്നു. 1938-ല്‍ മുസോളിനി ഇറ്റലിയുടെ ലോകകപ്പ് വിജയത്തിനായി വിറ്റോറിയോ പോസോയ്ക്ക് പ്രത്യേക അധികാരം തന്നെ നല്‍കി. അക്കാലത്തെ ഏറ്റവും മികച്ച ആസ്ട്രിയന്‍ ടീമിനെ, ജര്‍മനി സ്വന്തം രാജ്യത്തോട് കൂട്ടിച്ചേര്‍ത്ത്​ ഫാസിസത്തിന്റെ ശക്തി വെളിവാക്കി.

FIFA_World_Cup_Final
1934 ഫിഫാ ലോകകപ്പില്‍ ചെക്കോസ്ലോവാക്യക്കെതിരായ മത്സരത്തിനിടെ മോന്‍സെഗ്ലിയോയ്ക്കും ബെര്‍ട്ടോലിനിയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന ഇറ്റാലിയന്‍ ടീം മാനേജര്‍ പൊസോ (ഇടത്) / Photo : Wikimedia Commons

1938-ലെ സെമിയില്‍ ബ്രസീലിന്റെ ലിയോണി ദാസ്, ടിം എന്നിവര്‍ കളിക്കാത്തതുമൂലം ഇറ്റലി ഫൈനലില്‍ കടന്നു. ഈ രണ്ട് കളിക്കാരെയും ബ്രസീല്‍ ഫൈനലിലേയ്ക്ക് കരുതിവെച്ചിരിക്കുകയായിരുന്നു. ഫൈനലില്‍ ഇറ്റലി ഹംഗറിയെ തോല്‍പ്പിച്ച് രണ്ടാം തവണയും ഫുട്‌ബോള്‍ രാജാക്കന്‍മാരായി. 
പ്രത്യക്ഷത്തില്‍ ഈ വിജയമാണ് ഇറ്റാലിയന്‍ ക്ലബ് ഫുട്‌ബോളിലേയ്ക്ക് പണം കൊണ്ടുവന്നത്. ഫുട്‌ബോളിലും സിനിമയിലും രാഷ്ട്രീയ വ്യവഹാരത്തിലുമൊക്കെ മാഫിസോയികളുടെ ഭാവനാതന്ത്രങ്ങള്‍ വ്യാപിച്ചുകിടക്കുന്നതിനാല്‍ സാമ്പത്തിക ഒഴുക്ക് കൂടുതലും ക്ലബ് ഫുട്‌ബോളിലായി. അതിന്റെ തലപ്പത്ത് അവര്‍ എത്തിച്ചേരുകയും ചെയ്തു. യുവന്തസ്, മിലാന്‍, ഇന്റര്‍ മിലാന്‍, ടോറിനോ, റോമ, ലാസിയോ, ഫിയറിന്റീന, നാപ്പോളി എന്നീ ക്ലബ്ബുകളെല്ലാം യൂറോപ്യന്‍ ഫുട്‌ബോളിലെ ശക്തികളുമായി. 

Roberto Mancini
ഇറ്റാലിയന്‍ കോച്ച് റോബർട്ടോ മാൻസിനി / Photo : Nazionale Italiana, fb page

അമ്പതുകള്‍ക്കുശേഷം വലന്റീന മസോള, അലസാന്ദ്രോ മസോള, യൂജിറിവ, റിവേറ, ഫാച്ചെറ്റി, ഷിറയ, ദിനോവോഫ്, പാവലോറോസി എന്നിവരൊക്കെ മഹാന്മാരായ കളിക്കാരായി ഉയര്‍ന്നുവന്നു. പക്ഷെ വിദേശ താരങ്ങളുടെ ഒഴുക്ക് എഴുപതുകള്‍ക്കുശേഷം ശക്തമായി. സീക്കോ, സോക്രട്ടീസ്, മറഡോണ, പ്ലാറ്റീനി, വാന്‍ബാസ്റ്റന്‍, ലാഡ്രൂവ്​, റൂമനിഗെ, ബൊണ്യാക്ക്, കരേക്ക, ഇയാന്റഷ്, ഗുള്ളിറ്റ്, പ്രബന്‍ എല്‍ക്ജായര്‍ എന്നിവരൊക്കെ ഇറ്റലിയില്‍ എത്തിയതോടെ ക്ലബ് ഫുട്‌ബോള്‍ ശക്തമായി. ലീഗിലേക്ക് ലോകജനതയുടെ കണ്ണുകള്‍ തിരിഞ്ഞു. പില്‍ക്കാലത്ത് സിദാനും കക്കയും റൊണാള്‍ഡോയുമൊക്കെ ഇറ്റലിയിലെത്തി. ലിബിയന്‍ ഇന്‍വെസ്റ്റ്‌മെൻറ് അതോറിറ്റി പോലും ഇറ്റാലിയന്‍ ഫുട്‌ബോളില്‍ നിക്ഷേപം നടത്തി. 

1990കളായിരുന്നു ഇറ്റാലിയന്‍ ക്ലബ് ഫുട്‌ബോളിന്റെ സുവര്‍ണ കാലം. കോവിഡനന്തര കാലഘട്ടത്തില്‍ ഇറ്റാലിയന്‍ സാമ്പത്തിക ദല്ലാള്‍മാര്‍ കൈകോര്‍ത്തതോടെ അമേരിക്കന്‍ കോര്‍പറേറ്റുകളുടെ ഗ്രൂപ്പുകള്‍ വീണ്ടും ഇറ്റലിയിലെത്തി. ഇന്റര്‍ മിലാനും യുവന്തസും പിന്നീടം നഷ്ടം നികത്താന്‍ പരിശ്രമിച്ചത് ഇതോടെയാണ്. പക്ഷെ ലോകകപ്പ് ഇറ്റലിയുടെ ഫുട്‌ബോള്‍ വിപണിയ്ക്കും, പുതിയ യുവതാരങ്ങള്‍ക്കും, ‘അസൂറി'കളുടെ വിഖ്യാതമായ ഫുട്‌ബോള്‍ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു. ​​​​​​​


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

എം.പി. സുരേന്ദ്രന്‍

മാധ്യമ പ്രവർത്തകൻ. ഫുട്ബോൾ സൗന്ദര്യ ശാസ്ത്രകാരനും എഴുത്തുകാരനും.

Audio